ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കും

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കാന്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യപരമായ ആശങ്കകള്‍ പരിഹരിക്കാന്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും. മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ രോഗഭീതിയിലാണ്.

നഴ്‌സ് സഹോദരിമാര്‍ അടക്കമുള്ളവരുടെ ആരോഗ്യ സംബന്ധമായ ആശങ്കകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകരാഷ്ട്രങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മലയാളി നഴ്‌സുമാരുടെ സേവനം വളരെ വലുതാണ്. അവരുടെ സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും പിണറായി വിജയന്‍ വിശദീകരിച്ചു.