കൊവിഡ് രോഗി മരിച്ചു; പ്രദേശവാസികള്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണം

തിരുവനന്തപുരം: പോത്തന്‍കോട് സ്വദേശി കോവിഡ് 19 ബാധിച്ച് മരിച്ച പശ്ചാത്തലത്തില്‍ പോത്തന്‍കോട്, മോഹനപുരം, കൊയ്ത്തൂര്‍ക്കോണം, ആര്യോട്ടുകോണം, കാട്ടായിക്കോണത്തിന്റെ മേല്‍ഭാഗം, വെമ്പായം, മാണിക്കല്‍ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങള്‍ എന്നിവിടുങ്ങളിലെ മുഴുവന്‍ ആളുകളും അടുത്ത രണ്ടാഴ്ചക്കാലം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

പൊതുപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരൊഴികെ ആരുംതന്നെ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങുന്നവര്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. ഹോം ക്വാറന്റൈന്‍ പ്രഖ്യാപിച്ച സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കും. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രദേശത്തെ എല്ലാവരും നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.