അമേരിക്കയിലെ നഴ്‌സിംഗ് ഹോമുകള്‍ കൊറോണ ഭീതിയില്‍ (ഡോ.രാജു കുന്നത്ത് )

അമേരിക്കയിലെ കൊറോണ ബാധിതരുടെ എണ്ണം ഇന്ന് രണ്ടു ലക്ഷത്തോളം ആകുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭീതിയില്‍ കഴിയുന്നത് നഴ്‌സിംഗ് ഹോമുകളില്‍ വസിക്കുന്നവരാണ്. അമേരിക്കയിലെ കോറോണവൈറസ് പ്രസരണത്തിന്റെ ആദ്യ പ്രഭവ കേന്ദ്രമെന്ന് കരുതപ്പെടുന്നതു വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ സീയാറ്റിനിലുള്ള ലൈഫ് കെയര്‍ സെന്റര്‍ എന്ന നഴ്‌സിംഗ് ഹോം ആണ്. ഇന്നും പല സ്റ്റേറ്റുകളിലുമുള്ള നഴ്‌സിംഗ് ഹോംകളില്‍ കഴിയുന്നവര്‍ കൊറോണ   വ്യാപനത്തിന്റെ ഭീതിയിലാണ്.
അമേരിക്കന്‍ ഭരണകൂടവും സംസ്ഥാന ആരോഗ്യ വകുപ്പുകളും പല നിര്‍ദ്ദേശങ്ങളും പരിഷ്‌കാരങ്ങളും നടപ്പിലാക്കിയെങ്കിലും നഴ്‌സിംഗ് ഹോം നിവാസികള്‍ ഇന്നും  ഭീതി വിട്ടൊഴിയാതെ കഴിയുകയാണ്. ഇറ്റലിയില്‍ കൊറോണ വൈറസ് മൂലം മരിച്ച പ്രായമായവരുടെ ദുരവസ്ഥ ഇവരെ വേട്ടയാടുന്നു. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കുകയില്ല. ഒരു മുറിയില്‍ ഒറ്റപെട്ടു കഴിയുന്ന പലരും മരണത്തെ മുഖാമുഖം കാണുന്നു. ഡൈനിങ്ങ് ഹാളുകള്‍ അടയ്ക്കപ്പെട്ടു. സ്വന്തം മുറിയില്‍ തന്നെ ഭക്ഷണവും വിശ്രമവും ഉറക്കവുമെല്ലാം. ഗ്രൂപ്പ് ആക്ടിവിറ്റികളും, വ്യായാമവും എല്ലാം നിയന്ത്രിക്കപ്പെടുന്നു. പ്രായാധിക്യവും, രോഗങ്ങളും എന്നതിനേക്കാള്‍ ഉപരിയായി ഒരു മുറിയില്‍ അടച്ചുപൂട്ടി കഴിയുന്നതിന്റെ മാനസിക പിരിമുറുക്കം അവരെ തളര്‍ത്തുന്നു.

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) കണക്ക്  അനുസരിച്ച് അമേരിക്കയില്‍ ഏകദേശം 15,600 നഴ്‌സിംഗ് ഹോമുകളുണ്ട്. 1.7 ദശലക്ഷം ലൈസന്‍സുള്ള കിടക്കകളുണ്ട്, 1.4 ദശലക്ഷം രോഗികള്‍ ഇവിടെ താമസിക്കുന്നു. നഴ്‌സിംഗ് ഹോംകളില്‍ കൊറോണ വ്യാപനം തുടങ്ങിയാല്‍ പല നഴ്‌സിംഗ് ഹോംകള്‍ക്കും പിടിച്ചു നില്‍ക്കാന്‍ ആവില്ല. വാഷിങ്ടണിലും, ഇല്ലിനോയ്‌സിലും, ന്യൂ ജേഴ്‌സിയിലും, ന്യൂ യോര്‍ക്കിലും  ഇത് നാം കണ്ടതാണ്. പല സ്ഥാപങ്ങളിലും ഡോക്ടര്‍മാരും നേഴ്‌സ്മാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും സ്വന്തം ജീവന്‍ പണയപെടുത്തിയാണ് ഇവരെ ശിശ്രുഷിക്കുന്നതു. നാം ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് അയ്കദാര്‍ഢ്യം പ്രകടിപ്പിക്കാനായി കൈകളും പാത്രങ്ങളും കൊട്ടുന്നത് കണ്ടു?   നല്ലതു തന്നെ? എന്നാല്‍ അവര്‍ ചെയ്യുന്ന ത്യാഗത്തിനു പ്രതിഫലമായി ഇരട്ടി ശമ്പളം കൊടുക്കുവാന്‍ ഗോവെര്‍ന്മെന്റ് തയ്യാറുണ്ടോ? പല നഴ്‌സിംഗ് ഹോംകളിലെയും ജോലിക്കാര്‍ ജീവിക്കുവാന്‍വേണ്ടി ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത് രോഗ വ്യാപനത്തിന് വലിയ ഭീഷണിയാണ്.

നഴ്‌സിംഗ് ഹോംകളില്‍ താമസിക്കുന്ന വൃദ്ധരായ പലരും മരണത്തെ ഭയക്കുന്നില്ല. എന്നാല്‍ കൊറോണ വൈറസ് മൂലമുള്ള മരണം അവരെ ഭയത്തിലാക്കുന്നു. കാരണം മരണ സമയത്തു് ഒറ്റവരോ ഉടയവരോ ആയി ആരും അടുത്ത് കാണില്ല. മരണാന്തര ക്രിയകളോ ശവ സംസ്‌കാരമോ എന്ന് എങ്ങിനെ നടക്കുമെന്നും പ്രവചിക്കാനാകില്ല. അവര്‍ മരണത്തെ മുഖാമുഖം കണ്ടു കോറോണോയായിമായി പൊറുതി നാലു ചുവരികള്‍ക്കുള്ളില്‍ ഭീതിയോടെ ദിവസ്സങ്ങളെണ്ണി കഴിയുന്നു. കൂട്ടായി ദെയിവം മാത്രം! എന്നാല്‍ അധിജീവിക്കുമെന്നുള്ള ഇച്ഛാശക്തി അവരെ മുന്നോട്ടു നയിക്കുന്നു!
 Dr. രാജു കുന്നത്ത്, ഹെല്‍ത്ത് കെയര്‍ കോണ്‍സള്‍റ്റന്റ്, ഒര്‍ലാണ്ടോ, ഫ്‌ലോറിഡ