സർക്കാർ മേഖലയിലെ ആരോ​ഗ്യ പ്രവർത്തകരെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണം :ഡോ സുൽഫി നൂഹു

തിരുവനന്തപുരം :കോവിഡ്-19 കേരളത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ ആവശ്യപ്പെട്ട സാലറി ചലഞ്ചിൽ നിന്നും സർക്കാർ മേഖലയിലെ ആരോ​ഗ്യ പ്രവർത്തകരെ ഒഴിവാക്കണമെന്ന് ഡോ സുൽഫി നൂഹു.ഫേസ് ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .

കുറിപ്പിന്റെ പൂർണ്ണ രൂപം
——————————————
മരണം ഒരു മീറ്റർ അകലെ നിൽക്കുമ്പോൾ രോഗി മരിച്ചാൽ കല്ലെറിയും കൂട്ടത്തല്ലും തുടങ്ങിയിട്ടുണ്ട്.ഭാരതത്തിൽ തന്നെ ഇതിനിടയിൽ പോലും
കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും ആരോ​ഗ്യ പ്രവർത്തകർ വലിയൊരു ചലഞ്ച് ഏറ്റെടുക്കുകയാണ്.
അത് ജീവൻ പണയം വെച്ചുള്ള ഒരു യുദ്ധമെന്ന ചലഞ്ചിൽ ആണ്.
ശരിക്കും ജീവൻ പണയം വെച്ചിട്ടാണോ എന്ന് ചോദിക്കുമ്പോൾ ഒരൾപ്പം പോലും അതിശയോക്തി ഇല്ല തന്നെ .
ആരാണ് കൊവിഡ് രോ​ഗി എന്ന് തിരിച്ചറിയാനുള്ള സാധ്യത ഇല്ലാത്തപ്പോൾ ഒരു മീറ്റർ അകലെയാണ് മരണം!

ഒറു മീറ്റർ അകലെ മരണം നിൽക്കുമ്പോൾ എല്ലാം മറന്ന് സ്വന്തം ഡ്യൂട്ടി ചെയ്യുകയും, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ പൊരുതുകയും ചെയ്യുമ്പോൾ അവരുടെ ജീവന് നേരിടുന്ന റിസ്ക് വളരെ വലുതാണ്. അങ്ങനെ നിൽക്കുമ്പോഴാണ് മറ്റൊരു ചലഞ്ച് ,

സാലറി ചലഞ്ചിന്റെ രൂപത്തിൽ

സംസ്ഥാന സർക്കാരിന് കടുത്ത സാമ്പത്തിക ബുദ്ധമുട്ട് ഉണ്ട് എന്ന കാര്യം ഉറപ്പാണ്. ആ സാമ്പത്തിക ബുദ്ധമുട്ടുകൾക്കിടയിൽ തന്നെയാണ് മറ്റൊരു സാലറി ചലഞ്ചിന് വേണ്ടി സർക്കാർ മുതിരുന്നതും എന്നും ഉറപ്പാണ്.

സർക്കാർ മേഖലയിലെ ആരോ​ഗ്യ പ്രവർത്തകരെ ഈ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കപ്പെടുക തന്നെവേണം. ജീവൻ പണയപ്പെടുത്തി മുൻ നിരയിൽ നിൽക്കുമ്പോൾ അവരുടെ സാമ്പത്തിക സ്രോതസ്സിനെക്കൂടി ഇല്ലാതാക്കുന്നത് ക്രൂരതയാണ്. പാപവുമാണ്…..

അതെ ക്രൂരതയാണ്, പാപം തന്നെയാണ്!

സ്വന്തം ജീവനോപാധിയും, കുടുംബത്തിന്റെ ജീവനോപാധിയും , ജീവനും പണയപ്പെടുത്തി ജോലി ചെയ്യുമ്പോൾ മാസാമാസമുള്ള വരുമാനം കൂടി സർക്കാരിന് തിരികെ നൽകണം എന്ന് പറയുന്നതിലെ ന്യായമല്ലായ്മ ഊഹിക്കാവുന്നതേയുള്ളൂ,

ഡോക്ടർമാർക്കും, സ്റ്റാഫ് നേഴ്സുമാർക്കും, രോ​ഗികളുമായി അടുത്ത് ഇടപഴുകുന്ന മറ്റ് ജീവനക്കാർക്കുമാണ് ഇത്തരം റിസ്ക് വളരെ കൂടുതൽ . ആശുപത്രിയിലെ വലിയ ഹാളുകളിൽ , വീടുകളിൽ പോലും പോകാൻ കഴിയാതെ തറയിൽ പായ വിരിച്ച് കിടക്കുന്ന ഒരു പറ്റം ജീവനക്കാരുണ്ട് ,ഇവിടെ.
അവർ ജീവൻ പണയപ്പെടുത്തുമ്പോഴും, വീടുകളിൽ പോകാതെ ഇവിടെ കഴിഞ്ഞ് ജോലി ചെയ്യുമ്പോഴും അവരിൽ നിന്നും സാലറി ചലഞ്ചിലൂടെ അവരുടെ ശമ്പളം കൂടി ഇല്ലാതാക്കുന്നത് ഒരിക്കലും ന്യായമേ അല്ല.

കേന്ദ്ര സർക്കാരിന്റെ ലൈഫ് ഇൻഷറൻസ് പദ്ധതി പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരൊക്കെ ആരോ​ഗ്യ പ്രവർത്തകർക്ക് മൂന്നും നാലും മാസത്തെ അധിക ശമ്പളം നൽകുന്നതായും പ്രഖ്യാപിച്ചു കഴിഞ്ഞു. അധിക ശമ്പളം ഒന്നും നൽകണ്ട , എങ്കിലും അവരുടെ മാസമാസമുള്ള ശമ്പളം സാലറി ചലഞ്ച് ഇല്ലാതെ അവരുടെ കൈകളിൽ തന്നെ എത്തണം.

ഇനി സ്വകാര്യ ആശുപത്രികൾ

സ്വകാര്യ ആശുപത്രികളിലേക്ക് കൊവിഡ് ചികിത്സ എത്തുന്ന കാലം അധിക ദൂരമല്ല.

അങ്ങനെ രോ​ഗികളുടെ എണ്ണം കൂടാതിരിക്കട്ടെ

ഒരു പതിനായിരത്തിലധികം
രോ​ഗികൾക്കപ്പുറം ഒന്നും സർക്കാർ മേഖലയിൽ ചികിത്സിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

ചികിത്സ സ്വകാര്യ മേഖലയിലേക്ക് വ്യാപിപ്പിക്കുമ്പോൾ അവർക്കും പേഴ്സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങളും, എൻ 95 മാസ്കും നൽകണം,

അത് കൂടാതെ അവരുടെ ജീവനും വിലമതിക്കാനാകാത്തതാണ്. സർക്കാർ മേഖലയിലെ ഒരു ജീവനക്കാരൻ സർവ്വീസിന് ഇടയിൽ വെച്ച് മരിച്ചുപോയാൽ മക്കൾക്കോ, ആശ്രിതർക്കോ ജോലി കിട്ടുമെന്ന് എന്നത് ഉറപ്പ് .

എന്നാൽ സ്വകാര്യ മേഖലയിൽ
ഈ കൊവിഡ് യുദ്ധക്കാലത്ത് കൊവിഡ് രോ​ഗ ബാധിതരായി ഏതെങ്കിലും സ്വകാര്യ മേഖലയിലെ ആരോ​ഗ്യ പ്രവർത്തകർ മരിച്ച് പോകുകയാണെങ്കിൽ അവരുടെ ആശ്രിതർക്ക് ജോലി നൽകേണ്ട സംവിധാനം നിലവിൽ വന്നേ കഴിയൂ.

അതിനോടൊപ്പം അവരുടെ ചികിത്സ ചിലവും ലൈഫ് ഇൻഷറൻസും സർക്കാർ വഹിക്കണം. ഇതിലെ ലൈഫ് ഇൻഷറൻസ് സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കുന്നുണ്ടുതാനും.

അതായത്

മൂന്നു കാര്യങ്ങൾ

1.സാലറി ചലഞ്ചിൽ നിന്നും സർക്കാർ ആരോഗ്യ മേഖലയിലെ ആരോഗ്യപ്രവർത്തകരെ ഒഴിവാക്കണം
2. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ പനി ചികിത്സാ കേന്ദ്രങ്ങളിലെല്ലാം സ്വയം സംരക്ഷണ കവചങ്ങൾ എത്തിച്ചേരുവാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണം
3. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ആരെങ്കിലും കൊറോണ ചികിത്സയിൽ ഏർപ്പെടുന്ന സമയത്ത് മരണം സംഭവിച്ചാൽ അവർക്ക് സർക്കാർ സംവിധാനത്തിലെ പോലെ അവരുടെ ആശ്രിതർക്ക് നൽകുന്ന സർക്കാർ ജോലി സംവിധാനം ഡൈയിംഗ് ഇൻ ഹാർനസ് ഏർപ്പെടുത്തുക തന്നെ വേണം.

ഇതിനൊന്നും ജിഡിപിയുടെ ഒരു ശതമാനത്തിൽ താഴെയുള്ള തുക ആരോഗ്യമേഖലയ്ക്ക് നൽകിയാൽ പോര എന്നുള്ള സത്യം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മനസ്സിലാക്കേണ്ട സമയമാണിത്.

ഡോ സുൽഫി നൂഹു

 

https://m.facebook.com/story.php?story_fbid=3407737635909599&id=100000201882897