ഓരോ ഋതുവിനും ഓരോ പുഷ്പങ്ങളുണ്ട്

ഗ്രീഷ്മത്തിൻ്റെ അടയാളം ചുകന്ന വാകയാണെങ്കിൽ,
ചിങ്ങമാസത്തിലത് മുക്കുറ്റിപ്പൂവുകളാണ്..!

ഓണക്കാലങ്ങളിൽ പൂക്കളം നിറക്കാൻ മുക്കുറ്റി പരതി നടന്ന കുട്ടിക്കാല കൗതുകൾ ഏറെ ഉണ്ടായിരുന്നു…

എന്നിരുന്നാലും,
കാലമേറെ കഴിഞ്ഞ്, ആയുർവേദം പഠിക്കാനെത്തുമ്പോൾ മാത്രമാണ്,
ആ മോഹ മഞ്ഞയിൽ ഒളിപ്പിച്ചു വച്ച
ഔഷധ സാരത്തെ ഒട്ടെങ്കിലും തിരിച്ചറിയാൻ പറ്റിയത്..!

സമംഗ എന്ന Biophytum sensitivum..
Oxalidacea family

രൂപത്തിൽ, തെങ്ങിനോട് സാദൃശ്യമുള്ളതിനാൽ നിലം തെങ്ങ് എന്നൊരു പേര് കൂടി ഇതിനുണ്ട്..!

തിക്ത കഷായ രസവും ലഘു രൂക്ഷവും ശീത വീര്യവും ആണ് മുക്കുറ്റി..

മുക്കുറ്റിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല..
വാഴ്ത്തിപ്പാടാത്ത കവികൾ ഉണ്ടാവില്ല..
എങ്കിലും, അതിൻ്റെ ഉപയോഗങ്ങൾ അറിയാവുന്നവർ ഒരു പക്ഷേ വിരളമായിരിക്കും എന്ന് തോനുന്നു..!

നല്ലൊരു വിഷ ഹര ഔഷധമാണിത്..
സമൂലം അരച്ച് കീട ദംശനമുള്ള ഇടങ്ങളിൽ പുരട്ടാനും ഉള്ളിലേക്ക് കഴിക്കാനും ഫലപ്രദമാണ്.

മുക്കുറ്റി, മഞ്ഞൾ, തുളസി എന്നിവ ചേർത്തും അരച്ചിടാം..

സ്ത്രീകളിലെ അമിത രക്തസ്രാവത്തിന്,
കൃത്യമായ രോഗ നിർണയത്തിനും ആയുർവേദ ഔഷധങ്ങൾക്കും ഒപ്പം, മുക്കുറ്റി സമൂലം പാൽ കഷായമാക്കി കൽക്കണ്ടവും ചേർത്ത് നൽകാം..
പെട്ടെന്ന് രക്ത സ്രാവം ഇതു മൂലം കുറക്കാം.

വയറിളക്കത്തിന്
( Diarhoea) സമൂലം അരച്ച് മോരിൽ കലക്കി കഴിക്കുന്നത് നല്ല ഫലം ചെയ്യുന്ന ചെറു പ്രയോഗമാണ്.

ആമാശയ അൾസറുകളിൽ,
മുക്കുറ്റി അരച്ച് പുളിയില്ലാത്ത മോരിലോ പാലിലോ വെറും വയറ്റിൽ
പത്ത് ദിവസം കഴിക്കാം.
മുക്കുറ്റി+ മഞ്ഞൾ+ തേനും ഫലപ്രദം.

ചിലയിനം migraine ന് ഇത് നെറ്റിയിൽ അരച്ച് പുരട്ടാം.
വേദന കുറയും.

കണ്ണു വേദനക്ക് ഇല നീര് കണ്ണിൽ ഒറ്റിക്കുന്നത് വേദന ഗണ്യമായി കുറക്കും.

മുറിവോ വലിയ വ്രണങ്ങളോ ഉണ്ടാകുമ്പോൾ, ഇലയരച്ചു മുറിവിൽ വച്ച് കെട്ടുന്നത് മുറിവുണക്കൽ എളുപ്പമാകും..
നല്ലൊരു വ്രണ രോപണ ഔഷധമാണ്.

കടന്നൽ കുത്ത് ഏറ്റാൽ,
വീട്ടിൽ മുക്കുറ്റി ഉണ്ടെങ്കിൽ, വെണ്ണയിൽ അരച്ച് ചേർത്ത് പുരട്ടാം.

തീപ്പൊള്ളലിനും അഗ്രി ഔഷധമാണ് മുക്കുറ്റി.

വിട്ടുമാറാത്ത ചുമക്ക്,
മുക്കുറ്റി നീര് തേൻ ചേർത്ത് നൽകാം..
അഞ്ച് മുക്കുറ്റിയും അഞ്ച് പച്ചക്കുരുമുളകും അരച്ച് ചേർത്തും ഉപയോഗിക്കാം.

ശ്വാസം മുട്ടലിന്, മുക്കുറ്റി നീരും ഇഞ്ചി നീരും തേനും ചേർത്ത് കഴിക്കുന്നത് പെട്ടെന്ന് ആശ്വാസം തരും.

മുക്കുറ്റിയുടെ പ്രമേഹ ഹര സ്വഭാവവുമായി ബന്ധപ്പെട്ട് പുറത്തു വന്ന ഗവേഷണ ഫലങ്ങളെല്ലാം കാണിക്കുന്നത്, ഇതിട്ട് തിളപ്പിച്ചാറിയ വെള്ളം ദാഹ ശമനി ആയി ഉപയോഗിക്കുന്നത് ഷുഗർ ലെവൽ ഗണ്യമായി കുറക്കുന്നു എന്നു തന്നെയാണ്..!

പ്രസവ ശേഷം ഗർഭാശയ ശുദ്ധിക്ക് വേണ്ടി, മുക്കുറ്റി പനം ശർക്കര ചേർത്ത്,
കുറുക്കി കഴിക്കുന്നത് ഒരു നാട്ടു പ്രയോഗമാണ്..
എളുപ്പത്തിൽ ചെയ്യാവുന്നതേ ഉള്ളൂ..

വെള്ള പോക്കിൽ( Leucorhoea) സമൂലം അരച്ച് രസിലെ കഴിക്കാം.

ക്യാൻസറുകളിലും കീമോ തെറാപ്പിക്ക് ശേഷം ഉള്ള പാർശ്വ ഫലങ്ങളിലും
ഡോക്ടറുടെ ഉപദേശ പ്രകാരം കഴിക്കുന്നത് ഏറെ ഗുണകരമാണ്.

Controlled cellular
apoptosis / Programmed cell death കോശങ്ങളുടെ സ്വാഭാവിക മുന്നോട്ടു പോക്കിന് അനിവാര്യമാണ്.
ഇതിൽ വരുന്ന തകരാറുകൾ ക്യാൻസർ കോശങ്ങൾ രൂപപ്പെടുന്നതിന് കാരണമാകും..

apoptosis regulate ചെയ്യുന്നതിൽ മുക്കുറ്റിയിലെ flavanoid കൾക്കുള്ള പങ്ക് പഠന വിധേയമാക്കിയതിൽ നിന്നും, ഇതിൻ്റെ anti cancerous activity തിരിച്ചറിഞ്ഞിട്ടുണ്ട്

പനിയിലും മുക്കുറ്റി വളരെ ഫലപ്രദം.

നല്ലപോലെ ശോധന കിട്ടാൻ, നെല്ലിക്കയും, കറിവേപ്പിലയും മുക്കുറ്റിയും ചേർത്ത് ജ്യൂസ് ഉണ്ടാക്കി കുടിക്കാം.

bleeding Piles ലും ഉചിത രൂപേണ കഴിക്കാം.

രണ്ട് തരം Bio flavanoid കൾ ഇതിലുണ്ട്.
Cuppressu flavanone ഉം
Amento flavanone ഉം..

മൂന്ന് തരം flavanoid കളും
വിവിധ ആസിഡുകളും ഇതിലുണ്ട്.

cell mediated immune response ഉണ്ടാക്കുന്നതിൽ ഇതിനുള്ള പങ്ക് സുവ്യക്തമായി പഠന വിധേയം ആക്കിയിട്ടുണ്ട്.
നല്ലൊരു immuno stimulant ആണ്.
( പഠനം- ഗുരുവായൂരപ്പൻ& കുട്ടൻ)

ഇതിൻ്റെ ethanolic extract ഉം standard anti biotic ഉം തമ്മിലുള്ള താരതമ്യ പഠനങ്ങളിൽ, Staphylo Coccus, Ecoli, Strepto cocus Pneumonia, Salmonella typhi എന്നീ ബാക്റ്റീരിയകളെ മെച്ചപ്പെട്ട രീതിയിൽ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്..

കൊളസ്‌ട്രോൾ കുറച്ച് കൊണ്ട്, Cardio tonic എന്ന ഗുണഫലവും മുക്കുറ്റിക്കുണ്ട്.

മുക്കുറ്റി നമ്മുടെ കലയും കവിതയുമാണ്..
ആരോഗ്യവും അതിജീവനവുമാണ്..

തൊടിയിൽ നിന്നും മുക്കുറ്റികൾ അപ്രത്യക്ഷമാവുന്ന കാലമാണ്..

നമുക്ക് നമ്മുടെ പൈതൃക
സ്വത്തിനെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു.

ഡോ.ഷാബു പട്ടാമ്പി