ഇനി ഓർമ്മകളുടെ കസ്തൂരിഗന്ധം മാത്രം

എം.കെ ഹരികുമാർ
ഫെബ്രുവരി 14 നാണു ശ്രീകുമാരൻ തമ്പി സാറിനെ കൂട്ടി എം.കെ. അർജ്ജുനൻ മാഷുടെ വീട്ടിൽ പോയത്‌. 84 തികയുന്ന അർജ്ജുനൻ മാഷും 80 ലെത്തുന്ന തമ്പി സാറും മനോരമയ്ക്കുവേണ്ടി ഓർമ്മകളുടെ ഈണമൊരുക്കുകയായിരുന്നു. അർജ്ജുനൻ മാഷ്‌ ഏറെ അവശനായതിനാൽ ആ സംഗമം പള്ളുരുത്തിയിലെ അദ്ദേഹത്തിന്റെ വീട്ടിലേ സാധ്യമാകുമായിരുന്നുള്ളൂ. പക്ഷേ, അന്ന് മാഷ്‌ പതിവിലേറെ പ്രസന്നനായി. പറഞ്ഞിട്ടും പാടിയിട്ടും മതിയാവാത്തതുപോലെ… ഓർമ്മക്കൊളുത്തിട്ടു തമ്പി സാർ കൊരുത്തതൊക്കെ അർജ്ജുനൻ മാഷ്‌ സംഗീതാത്മകമാക്കി; അവർക്കിടയിലെ അര നൂറ്റാണ്ടുകാലം പാടിത്തീർക്കാൻ ആ കുറഞ്ഞ സമയം മതിയാവില്ലായിരുന്നെങ്കിലും.

ഫ്ലൈറ്റിനു പോകേണ്ടതിനാൽ തമ്പി സാർ പോകാനിറങ്ങി. ‘അയ്യോ, പോവുകയാണോ’ എന്നൊരു കുട്ടിത്തഭാവം അപ്പോൾ അർജ്ജുനൻ മാഷുടെ മുഖത്തു കണ്ടു. മടങ്ങുമ്പോൾ തമ്പി സാറും പറഞ്ഞു: ‘അദ്ദേഹത്തിനു കുറേക്കൂടി സംസാരിക്കാൻ മൂഡുണ്ടായിരുന്നു’.

‘പാർവ്വതി മന്ദിര’ത്തിൽനിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ അർജ്ജുനൻ മാഷ്‌ വീൽ ചെയർ ഉരുട്ടി വാതിൽക്കലേക്കു വന്നു. അതിനിടയിൽ അപ്രതീക്ഷിതമായി തമ്പി സാർ തിരിഞ്ഞുനിന്ന് പ്രിയ സ്നേഹിതന്റെ നെറുകയിലൊരുമ്മ കൊടുത്തു. ഈ മഹാമാരിക്കാലമായിരുന്നില്ലെങ്കിൽ, പ്രിയ പാട്ടുകൂട്ടുകാരനെ അവസാനമായി കാണാൻ വരുമ്പോൾ ഇന്നു കൊടുക്കേണ്ടിയിരുന്ന അന്ത്യചുംബനം!

ക്യാമറയിലൊപ്പാനുള്ള ഇടവേള പോലും കിട്ടാതെ, മനസ്സിൽ മാത്രം പതിഞ്ഞ ആ രംഗം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കൃത്യം, ചെമ്പകത്തൈകൾ പൂത്ത മാനത്ത്‌ പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങിനിൽക്കുന്നു! ഗാനവും ഗഗനവും പത്മരാഗം പോലെ പുഞ്ചിരിക്കുകയായിരുന്നു, അപ്പോൾ…!

ഈണങ്ങളുടെ വില്ലുകുലച്ച്‌, ഗാനങ്ങളുടെ പൂവമ്പുകളെയ്ത അർജ്ജുനവീര്യത്തിനു സാദരപ്രണാമം.