ഒരു പരിഷ്കാരിയുടെ വാറോലയ്ക്ക് വില 7 കോടി

റോയ് മാത്യു
-ഭരണ പരിഷ്കാര കമ്മിഷനെ 2019 ഡിസംബർ 31 വരെ തീറ്റി പോറ്റിയതിന് ഏഴു കോടി 13 ലക്ഷത്തി മുപ്പത്തിആറായിരത്തി അറുനൂറ്റി അറുപത്തിയാറ് രൂപ – കഴിഞ്ഞ നിയമസമ്മേളനത്തിൽ ചോദിച്ച ചോദ്യത്തിന് ഇക്കഴിഞ്ഞ ദിവസം കൊടുത്ത മറുപടിയിലാണ് പരിഷ്കാരിയുടെ ലളിത ജീവതത്തിന് ചെലവായ തുകയുടെ കണക്ക് പുറത്ത് വന്നത്.
ഏത് സർക്കാരു വന്നാലും ഇമ്മാതിരി കൊറെ തീറ്റപ്പണ്ടാരങ്ങൾക്ക് തീറ്റ കൊടുത്തേ മതിയാവു. പൊതുജീവിത രംഗത്ത് ചാക്ക് കണക്കിന് ആദർശങ്ങൾ വാരി വിതറിയ നേതാവാണ് വി എസ് അച്ചുതാനന്ദൻ. അങ്ങേരെയും കുടുംബത്തേയും ക്യാബിനറ്റ് ചെലവിൽ പോറ്റേണ്ട ഗതികേടാണ് നാം പേറുന്നത്. നിയമസഭാ സാമാജികനെന്ന. നിലയിൽ ധാരാളം സൗകര്യങ്ങൾ ഉണ്ടെന്നിരി ക്കെയാണ് പുതിയ പദവിക്കു വേണ്ടി ആക്രാന്തം കാണിച്ചത്. പരിഷ്കാരി കമ്മീഷൻ നാല് റിപ്പോർട്ട് കൊടുത്തത് പിണറായി തട്ടിൻ പുറത്ത് ഉണക്കാൻ വെച്ചിരിക്കയാണ് – റിപ്പോർട്ട് പൊതിഞ്ഞുവെച്ച കടലാസു പോലും തമ്പുരാൻ പൊളിച്ചു നോക്കിയിട്ടില്ല – പിന്നെന്തിനാണ് ഈ പരിഷ്കാരിക്ക് വേണ്ടി ഇങ്ങനെ കാശ് മൊടക്കുന്നത്. ? മാനാഭിമാനമുണ്ടെങ്കിൽ വി എസ് അച്ചുതാനന്ദൻ ഈ സ്ഥാനം വലിച്ചെറിഞ്ഞിട്ട് ഇറങ്ങിപ്പോകണം.

ഇങ്ങനെ കാശ് ധൂർത്തടിച്ചത് കെ. കരുണാകരനോ മറ്റ് വല്ലോരുമായിരുന്നെങ്കിൽ സി പി എം അവരുടെ പുലകുളി അടിയന്തരം നടത്തുമായിരുന്നു.
തോറ്റ എം പി, ഹൈക്കോടതിയിലെ വേലപ്പൻചേട്ടൻ, ഏഴെട്ട് ഉപദേശിമാർ തുടങ്ങി എത്രയോ ഭുത ഗണങ്ങൾക്കാണ് ഇപ്പോ ചെല്ലും ചെലവും കൊടുക്കുന്നത്- നാളെ വേറൊരു സർക്കാർ വരുമ്പോൾ അവമ്മാര് ഇമ്മാതിരി വളയമില്ലാ ചാട്ടങ്ങൾ നടത്തിയാൽ ചോദിക്കാൻ പോലും ആർക്കും ധൈര്യമുണ്ടാവില്ല