ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് പ്രസിഡന്റായി ഡോ.എസ്.എസ്. ലാലിനെ തെരഞ്ഞെടുത്തു

ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) ന്റെ നാഷ്ണല്‍ പ്രസിഡന്റായി ലോകപ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധനും കോളമിസ്റ്റുമായ ഡോ. എസ്.എസ്. ലാലിനെ തെരഞ്ഞെടുത്തു. 2014 മുതല്‍ 2016 വരെ ഐഎപിസി ഡയറക്ടറായിരുന്ന ഡോ. ലാല്‍ ഇപ്പോള്‍, അമേരിക്കൻ ആരോഗ്യ സംഘടനയായ ഫാമിലി ഹെൽത്ത് ഇന്റർനാഷണലിൽ (FHI) ജോലി ചെയ്യുന്നു. ലോകാരോഗ്യ സംഘടനയ്ക്കായി പല രാജ്യങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. ലാല്‍, ജനീവയിലെ ഗ്ലോബല്‍ ഫണ്ടിന്റെയും ഭാഗമായിരുന്നു.

അന്താരാഷ്ട്ര ജേണലുകളില്‍ ഡോ. ലാലിന്റേതായി നിരവധി ശാസ്ത്രീയ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളില്‍ ആരോഗ്യ കോളമിസ്റ്റുമാണ്. 1993-ല്‍ ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷന്‍ ഹെല്‍ത്ത് ഷോ (പള്‍സ്, ഏഷ്യാനെറ്റ്) യ്ക്കു തുടക്കം കുറിക്കുന്നത് ഡോ. ലാലാണ്. 2003 വരെ 500 പ്രതിവാര എപ്പിസോഡുകള്‍ക്ക് അദ്ദേഹം അവതാരകനായി.

നിരവധി ചെറുകഥകളും നോവലുകളും ലാലിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാലിന്റെ ചെറുകഥകളുടെ ശേഖരം “ടിറ്റോണി” ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. എംബിബിഎസ്, എംപിഎച്ച്, എംബിഎ, പിഎച്ച്ഡി എന്നിവയാണ് ഡോ. ലാലിന്റെ അക്കാദമിക് യോഗ്യതകള്‍. ഭാര്യ ഡോ. സന്ധ്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം വിര്‍ജീനിയയിലെ വിയന്നയിലാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. ലാല്‍ താമസിക്കുന്നത്.