ലോക്ക് ഡൗണില്‍ ഇന്ത്യന്‍ സിനിമ താരങ്ങള്‍ ഒന്നിക്കുന്ന ഹ്രസ്വചിത്രം ‘ഫാമിലി’

മുംബൈ: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് ഇന്ത്യന്‍ സിനിമയിലെ താരങ്ങളെയെല്ലാം വീട്ടിലിരുത്തി അഭിനയിപ്പിച്ച ‘ഫാമിലി’ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു.

അമിതാഭ് ബച്ചന്‍, രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, പ്രിയങ്ക ചോപ്ര, ആലിയഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവരെല്ലാം സിനിമയിലുണ്ട്. ഈ ഹ്രസ്വ ചിത്രം വിര്‍ച്ച്വലി സംവിധാനം ചെയ്തത് പ്രസൂണ്‍ പാണ്ഡേയാണ്.

ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കേണ്ടതിന്റെ സന്ദേശം പകരുന്നതാണ് ഹൃസ്വചിത്രത്തിന്റെ പ്രധാന ഉള്ളടക്കം.

ചിത്രത്തിന്റെ അവസാനം അമിതാഭ് ബച്ചന്‍ ഈ ഹ്രസ്വചിത്രം നിര്‍മിക്കാനുള്ള കാരണംകൂടി പറയുന്നുണ്ട്. ” ഇന്ത്യന്‍ സിനിമ ഒരു കുടുംബമാണ്. നമ്മുടെ കുടുംബത്തിലെ ദിവസക്കൂലിക്കാരായ പലരും ഈ സമയത്ത് വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇവരെ സഹായിക്കാനായി നമ്മള്‍ സ്‌പോണ്‍സര്‍ഷിപ് കണ്ടെത്തി ടിവി ചാനലില്‍ പരിപാടിയൊരുക്കും. ഇതില്‍ നിന്നുള്ള വരുമാനം ദിവസക്കൂലിക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കും” ബച്ചന്‍ പറഞ്ഞു.

കന്നട താരം ശിവ രാജ്കുമാര്‍,ബംഗാളി താരം പ്രൊസന്‍ജിത് ചാറ്റര്‍ജി, മറാത്തി താരം സൊനാലി കുല്‍ക്കര്‍ണി എന്നിവരും ഹ്രസ്വ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.