യു.എസില്‍ പതിനായിരം കടന്ന് മരണം; കേസുകള്‍ നാലു ലക്ഷത്തിലേക്ക്

വാഷിംഗ്ടണ്‍: കൊവിഡ്-19 ബാധിച്ച് യു.എസില്‍ മരിച്ചവരുടെ എണ്ണം 10000 കവിഞ്ഞു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുപ്രകാരം 10,783 പേരാണ് ഇതുവരെ യു.എസില്‍ മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന മൂന്നാമത്തെ രാജ്യമായി അമേരിക്ക മാറി. 15887 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 13055 മരണങ്ങള്‍ നടന്ന സ്പെയിനാണ് തൊട്ടുപിന്നില്‍. യു.എസില്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകളും മരണങ്ങളും ഉള്ളത്. ഒന്നര ലക്ഷത്തിലേറെ കേസുകളും 4700 മരണങ്ങളുമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. സാമൂഹിക അകലം കര്‍ശനമാക്കി നടപ്പാക്കാന്‍ ന്യൂയോര്‍ക്ക് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്ക് ആയിരം ഡോളര്‍ പിഴ ചുമത്തും. അതേസമയം, ഇറ്റലിയിലും സ്പെയിനിലും കൊവിഡ് വ്യാപനത്തോട് കുറഞ്ഞു. ഇന്നലെ യൂറോപ്പില്‍ ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ ്‌കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.