ലോകാരോഗ്യ ദിനവും എല്ലാവർക്കും ആരോഗ്യവും

ഗംഗ ദേവി .ബി

” ഒഴിവാക്കാൻ പറ്റുന്ന ഒന്നല്ല എന്റെ അമ്മ ………”
ഈ കോവിഡ് ദുരിത കാലത്ത് ഒരു അമേരിക്കൻ വനിത ഉയർത്തിയ പ്ലക്കാർഡിലെ വരികൾ . പ്രായവും മറ്റ് പല ഘടകങ്ങളും ചികിത്സക്ക് പരിഗണനാ വിഷയങ്ങളാകുന്ന ഈ ആതുര കാലത്ത് എന്നെ ഉലച്ച വരികൾ .

എത്ര പ്രായമായാലും നമ്മുടെ വേണ്ടപ്പെട്ടവരുടെ വിയോഗം നമ്മെ വല്ലാതെ ഉലക്കും , അപ്പോൾ മരണത്തിന് വിട്ടു നൽകേണ്ടി വരുന്ന ജീവനുകളുടെ ബന്ധുജനങ്ങൾക്കോ ?

ചിന്തകൾക്കപ്പുറമാണ് ആ അവസ്ഥ .

എങ്കിലും നൂറ്റാണ്ടിന്റെ ഭീതിയായ മഹാമാരി ഈ ദുരവസ്ഥയെ പല രാജ്യങ്ങളിലായി നമുക്ക് കാട്ടി തരുന്നു .

2000ത്തോടെ എല്ലാവർക്കും ആരോഗ്യമെന്ന യു എൻ മുദ്രാവാക്യത്തെ ഞെരിഞ്ഞമർത്തുന്ന ദിനങ്ങൾ . മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ള വികസിത രാജ്യങ്ങൾ പോലും വിറങ്ങലിച്ച് നിൽക്കുന്നു ഈ കുഞ്ഞൻ വൈറസിനു മുമ്പിൽ .

പ്ലക്കാർഡിലെ ആ വരികൾ എന്നെ അച്ഛന്റെ അവസാന നാളുകളിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നു

ഞങ്ങളുടെ അച്ഛൻ 2018 ജൂലായ് 23നാണ് ഇവിടം വിട്ടു പോയത് .

ഈ ഒരവസ്ഥയിലൂടെ 94 വയസ്സുള്ള അച്ഛൻ അന്ന് കടന്ന് പോകേണ്ടി വന്നിരുന്നു എങ്കിൽ മകളായ ഞാൻ അനുഭവിക്കേണ്ടിയിരുന്ന മനോനില ഉൾക്കൊള്ളാനാവുന്നില്ല . 94 വയസ്സ് എന്ന സംഖ്യയെ അറിഞ്ഞ് കൊണ്ട് മരണത്തിന് വിട്ടു നൽകേണ്ടി വരുന്നത് എനിക്ക് ആലോചിക്കാൻ പറ്റുന്നില്ല . മനുഷ്യൻ നിസ്സഹായനാവുന്ന അവസ്ഥകൾ .

2018 ജനുവരി ഏഴാം തീയതി 94 വയസ്സുള്ള അച്ഛനെ അതിശക്തമായ ശ്വാസതടസ്സത്തെ തുടർന്ന് എറണാകുളത്ത് വീടിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു . ശ്വാസം മുട്ടൽ എന്താണെന്ന് ഞങ്ങൾ കണ്ടറിഞ്ഞ നിമിഷങ്ങൾ .

ആ പ്രായംവരേയും കാര്യങ്ങളെല്ലാം പരസഹായം കൂടാതെ നടത്തിയിരുന്ന അച്ഛന് 3 ദിവസത്തെ ഐ സി യു വാസം വളരെ വേദനാജനകം ആയിരുന്നു . വായനയും മറ്റു വീട്ടുകാര്യങ്ങളുമായി നടന്നിരുന്ന ആളിന് തടങ്കൽ വാസം ആയിരുന്നു അത് . ഹീമോഗ്ലോബിന്റെ കുറവാണ് അച്ഛന്റെ പ്രധാന പ്രശ്നമെന്ന് ഡോക്ടർ വിധി എഴുതി . ശരീരത്തിലെ രക്ത വാർച്ചയാണ് ഈ കുറവിന് കാരണമെന്നും അവർ കണ്ടെത്തി .

അതിന് പരിഹാരം കണ്ടെത്താൻ പല ടെസ്റ്റുകളും നിർദേശിക്കപ്പെട്ടു . എന്നാൽ അച്ഛൻ അതിനൊന്നും സമ്മതം തന്നില്ല . ഞങ്ങളും അച്ഛനെ ഈ പ്രായത്തിൽ ഒരു പരീക്ഷണ വസ്തുവാക്കാൻ ഒട്ടും താത്പര്യപ്പെട്ടില്ല .

9 ദിവസം അവിടെ ചിലവഴിച്ച് ഒരു വിധം ശരിയായപ്പോൾ വീട്ടിലേക്ക് മടങ്ങി . 3 യൂണിറ്റ് രക്തം കയറ്റിയാണ് അച്ഛൻ അവിടെ നിന്നും പോന്നത് .

മലബന്ധവും വായു കോപവുമായിരുന്നു അച്ഛന്റെ വർഷങ്ങളായുള്ള പ്രശ്നം . ഡോക്ടർമാർ അതിന് പല മരുന്നുകളും തന്നിരുന്നു , ആരും ടെസ്റ്റുകൾ ഒന്നും പറഞ്ഞിട്ടില്ലായിരുന്നു . ഭക്ഷണ ക്രമീകരണത്തിലൂടെ സാമാന്യം ഭേദപ്പെട്ട രീതിയിൽ പോകുമ്പോളാണ് ഈ പെട്ടന്നുള്ള ശ്വാസം മുട്ടലും തുടർ പ്രശ്നങ്ങളും .

വീട്ടിൽ തിരികെ വന്നപ്പോൾ വീണ്ടും ചെറിയ ശ്വാസം മുട്ടൽ .അച്ഛന്റെ സ്ഥിരം ഡോക്ടർ മറ്റൊരാശുപത്രിയിലാണ് ഉള്ളത് . അദ്ദേഹത്തിന്റെ നിർദേശപ്രകാരം അടുത്ത ദിവസം അവിടെ പ്രവേശിപ്പിച്ചു . അവിടെ ആ രാത്രി കൂടെ ആളെ ഇരുത്തി ICU ൽ കിടത്തി . ആകെ ക്ഷോഭിച്ച അച്ഛൻ അവിടെ നിന്നും മടങ്ങാമെന്ന വാശിയിൽ ബഹളമായി , ഒരു തരം നിസ്സഹകരണം . ഞാനും ചേച്ചിയും ആകെ ധർമ്മസങ്കടത്തിൽ .

ആ രാത്രിയിൽ പെട്ടന്നാണ് സാന്ത്വന ചികിത്സയും തിരുവനന്തപുരത്തെ പാലിയം ഇന്ത്യയിലെ ഡോക്ടർ രാജഗോപാലും ഒരു രജത രേഖയായി എന്റെ മുന്നിൽ തെളിഞ്ഞു വന്നത് .

ആദ്യ ആശുപത്രിയിലായിരുന്നപ്പോൾ തന്നെ സാറുമായി അച്ഛന്റെ രോഗാവസ്ഥ ചർച്ച ചെയ്തിരുന്നതാണ് .

ആ ധൈര്യത്തിൽ സാറുമായി സംസാരിച്ച് സാന്ത്വന ചികിത്സ നൽകുന്ന മറ്റൊരാശുപത്രിയിലേക്ക് അടുത്ത ദിവസം തന്നെ അച്ഛനെ മാറ്റി , അതും അച്ഛന്റെ പൂർണ്ണ സമ്മതത്തോടെ .

സാറിന്റെ ആ വാചകം ” പൈസ ചിലവാക്കാതിരിക്കാൻ വേണ്ടിയാണ് ഈ മാറ്റം എന്നാളുകൾ പറയും , അത് നേരിടാൻ തയ്യാറായിക്കോളൂ ” . അതെ വളരെ സത്യമായ കാര്യമാണ് , പലരുടേയും ചിന്ത അങ്ങിനെ തന്നെ ആയിരുന്നു . അധികം തിരുത്താൻ ഞങ്ങളാരും മിനക്കെട്ടില്ല .

ഏതായാലും അവിടത്തെ രണ്ടാഴ്ച ചികിത്സ കൊണ്ട് അച്ഛൻ ഒരു വിധം ശരിയായി . പഴയ അച്ഛനാകാൻ പറ്റില്ല , അത് ഉൾക്കൊള്ളാൻ സ്നേഹനിധികളായ അവിടത്തെ ഡോക്ടർമാരും നേഴ്സ്മാരും അച്ഛനെ പാകപ്പെടുത്തി . കഴിവതും ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് അവിടെ നിർദ്ദേശിച്ചത് , കൂടാതെ രക്തം കുറയുമ്പോൾ കേറ്റണമെന്ന തീരുമാനവും .

അങ്ങിനെ മാസങ്ങൾ കടന്നു പോയി , ഇടക്ക് രണ്ടു തവണ രക്തം നൽകി . ഞങ്ങളുടെ ആവശൃപ്രകാരം ഡോക്ടർമാർ വീട്ടിലെത്തി അച്ഛനെ നോക്കിയിരുന്നു , കൂടാതെ ഫോണിലൂടേയും സമയാസമയം വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു .

1992 ൽ അമ്മ മരിച്ചതോടെ വായനയായിരുന്നു അച്ഛന്റെ ഉറ്റ തോഴൻ .

പ്രിയപ്പെട്ട വായനയും പിന്നെ എന്തൊക്കയോ എഴുത്തും കണക്ക് കൂട്ടലും കിഴിക്കലുമൊക്കെയായി കാര്യങ്ങൾ മുറപോലെ നടന്നിരുന്നു. ജൂൺ അവസാനമായതോടെ അച്ഛൻ ശയ്യാവലംബിയായി , എങ്കിലും അല്പനേരം പത്രം വായന ആദ്യ ദിവങ്ങളിൽ നടത്തിയിരുന്നു . ക്രമേണ അതും നിന്നു .

ഓർമ വളരെ ശക്തമായിരുന്നു അച്ഛന്, മരുന്നുകൾ പേരു പറഞ്ഞ് മേടിച്ച് കഴിക്കു മായിരുന്നു, കൂടാതെ പല പ്രധാന കാര്യങ്ങളും ഞങ്ങൾ മറന്നാൽ ഓർത്ത് പറയുമായിരുന്നു .

ജൂലൈ 20 ആയതോടെ ഭക്ഷണവും മരുന്നും ഇറക്കാൻ ബുദ്ധിമുട്ടായി , അതോടൊപ്പം കഫകെട്ടും ചുമയും . കൂടാതെ കുറച്ചു ദിവസമായുള്ള തലകറക്കം അച്ഛനെ തീരെ അവശനാക്കി .

ജൂലൈ 23 ന് ആശുപത്രിയിൽ നിന്നും ഡോക്ടർമാരും നേഴ്സ്മാരും വന്ന് ഡ്രിപ്പിടാൻ ആലോചിച്ചെങ്കിലും നീരു വച്ച ശരീരം അതിന് തടസ്സമായി . ആശുപത്രിയിലേക്ക് പോകണമോ എന്ന ഡോക്ടറുടെ ചോദ്യത്തിനും ഭക്ഷണ കുഴൽ വേണമോ എന്നതിനും കൈ കൊണ്ട് വേണ്ടാ എന്ന് അച്ഛൻ കാണിച്ചു .

അപ്പോൾ ഡോക്ടർ പറഞ്ഞ വാക്കുകൾ ” സ്വബോധത്തോടെ അച്ഛനിതു പറയുമ്പോൾ കൂടുതൽ ഒന്നും ചെയ്യാനില്ല” . അതാണല്ലൊ ശരിയായ സാന്ത്വന പരിചരണം . എത്ര ശ്ലാഘനീയമായ മറുപടി .

അന്ന് രാത്രി 10.45 ന് അച്ഛൻ യാത്രയായി . അതിന് രണ്ടു മണിക്കൂർ മുൻപ് വരെ കാണാൻ വന്ന ബന്ധുക്കളോടെല്ലാം കൈയ്യും കണ്ണും കൊണ്ട് യാത്ര പറഞ്ഞു . മരിക്കുന്നതിന് മിനുട്ടുകൾ മുൻപ് എന്റെ കയ്യിൽ നിന്നും സ്വന്തം കൈ തനിയെ എടുത്ത് മാറ്റി , ഒരു വിടപറയൽ എന്ന് എന്തോ അപ്പോൾ തോന്നിയില്ല .

ഒന്നറിയാം അച്ഛൻ ആഗ്രഹിച്ചപോലെ അച്ഛന്റെ ആ മുറിയിൽ സ്വന്തം കട്ടിലിൽ ഞങ്ങളുടെ സാന്നിദ്ധ്യത്തിൽ ഞങ്ങളറിയാതെ ശാന്തനായി നിത്യതയിലേക്ക് ഒരു യാത്ര . ശാന്തസുന്ദരമായ ഉറക്കം . ചുറ്റുമിരുന്ന ഞങ്ങൾ ആരും ഒന്നുമറിയാതെ എങ്ങിനെ ആ യാത്ര, മനസ്സിലായില്ല . ഇനി മനസ്സിലാവുകയും ഇല്ല . എല്ലാം അച്ഛൻ അറിഞ്ഞിരുന്നു എന്നു വേണം കരുതാൻ .

സാന്ത്വന ചികിത്സ സമ്മാനിച്ച ശാന്തമായ , സമാധാനപൂർണ്ണമായ ഒരു വിടവാങ്ങൽ . ഇതിൽപരം അച്ഛനും ഞങ്ങൾക്കും ആശ്വസിക്കാൻ എന്തു വേണം .

നമുക്കുറപ്പിക്കാം ഈ കുഞ്ഞനേയും തോൽപ്പിച്ച് നമ്മുടെ ലോകം ഇനിയും മുന്നേറും , ധാരാളം ശ്വാസ തടസ്സങ്ങളും തളർച്ചകളും ആ മുന്നേറ്റത്തിന് തടസ്സമാകും . എന്നിരുന്നാലും ആഞ്ഞു വലിച്ച് നാം അതിജീവിക്കും .

പക്ഷെ ഒന്നുണ്ട് എല്ലാവർക്കും ആരോഗ്യം എന്ന മുദ്രവാക്യത്തിന് പൂർണ്ണത നൽകാനുള്ള പ്രവർത്തനങ്ങൾക്ക് ഇനി അലംഭാവം പാടില്ല .

കൂടുതൽ ആധുനിക ആതുരാലയങ്ങളും ചിലവ് കുറഞ്ഞ ചികിത്സയും എല്ലാം നമുക്ക് ഉണ്ടാവണം . ഇത് നേടാനുള്ള പോരാട്ടത്തിൽ നാമെല്ലാം ഒത്തു രമയോടെ അണി ചേരണം .

വൈകരുത് , ലോകം ഉണർന്നേ മതിയാവൂ .