മൃഗങ്ങളിലേക്കും പടര്‍ന്ന് കോവിഡ്; ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് വൈറസ് ബാധ- ആശങ്ക

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും. ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ് സൂവിലെ കടുവയ്ക്കാണ് അസുഖം റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധ യു.എസ് നാഷണല്‍ വെറ്റിനറി സര്‍വീസ് ലബോറട്ടറി സ്ഥിരീകരിച്ചു. മൃഗശാലയിലെ പരിചരണക്കാരില്‍ നിന്നാകാം അസുഖം പരന്നത് എന്നാണ് നിഗമനം. നാദിയ എന്നു പേരുള്ള നാലു വയസ്സുകാരി മലയന്‍ പെണ്‍ കടുവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വരണ്ട ചുമ ശ്രദ്ധയില്‍പ്പെട്ടതോടെ പരിശോധന നടത്തുകയായിരുന്നു. മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കന്‍ സിംഹങ്ങളിലും അസുഖലക്ഷമുണ്ട്. മനുഷ്യനില്‍ നിന്ന് ഒരു വന്യജീവിയിലേക്ക് വൈറസ് പകരുന്നത് ഇത് ആദ്യമായാണ്. കടുവയില്‍ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.