രോഗമുക്തയായി; ക്വാറന്റൈനു ശേഷം കനിക കപൂറിനെതിരെ നിയമനടപടിക്ക് പൊലീസ്

ലഖ്‌നൗ: കോവിഡില്‍ നിന്ന് മുക്തയായ ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് നിയമനടപടിക്ക്. 14 ദിവസത്തെ ക്വാറന്റൈനു ശേഷമായിരിക്കും ലഖ്‌നൗ പൊലീസ് ഇവരെ ചോദ്യം ചെയ്യുക. ഇപ്പോള്‍ വീട്ടില്‍ സമ്പര്‍ക്കവിലക്കാണ് ഗായിക. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. തുടര്‍ച്ചയായ നാലു പോസിറ്റീവ് ഫലങ്ങള്‍ക്ക് ശേഷമാണ് കനികയുടെ ഫലങ്ങള്‍ നെഗറ്റീവായത്. വീട്ടിലും ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269, 270 പ്രകാരമാണ് കനികയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് കേസ്.

ലണ്ടനില്‍ നിന്നെത്തിയ കനികയ്ക്ക് മാര്‍ച്ച് 20നാണ് കൊറോണ സ്ഥിരീകരിച്ചത്. വിദേശത്തു നി്‌ന്നെത്തിയ ശേഷം ഇവര്‍ മൂന്ന് ചടങ്ങുകളില്‍ പങ്കെടുത്തു. ഗായികയുടെ പിതാവിന്റെ മൊഴി പ്രകാരം ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛന്‍ പോലീസിനോടു പറഞ്ഞത്. തുടര്‍ന്ന് ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തു. ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത് കനിക കപൂര്‍ തങ്ങിയ അതേ ഹോട്ടലിലായിരുന്നുവെന്നും തുടര്‍ന്ന് പോലീസ് കണ്ടെത്തി. കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാല്‍ അവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ നല്‍കുകയും പിഴ ഈടാക്കുകയും ചെയ്യാം.