ഈ പിള്ളേരെ എങ്ങനെയൊതുക്കും?

സുനിൽ തോമസ് തോണിക്കുഴിയിൽ
കൊറോണ കാരണം ലോകത്തെമ്പാടും സ്കൂളുകൾ അടച്ചിരിക്കുകയാണ്.പലയിടങ്ങളിലും സ്കൂൾദിനങ്ങൾ ബാക്കിയാണ്. മറ്റു ചിലയിടങ്ങളിൽ പരീക്ഷകൾ നടത്താനുണ്ട് . ഇനി എന്നു സ്കൂളുകൾ തുറക്കുമെന്നുള്ളത് ആർക്കും അറിഞ്ഞുകൂടാ. പിള്ളേരെക്കൊണ്ടു വലയും.. ഉറപ്പ്.

വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്ന നിരവധി ഏജൻസികൾ അടുത്ത സ്കൂൾവർഷം എങ്ങനെ നടത്തണമെന്ന് ആലോചിക്കുന്നു. പലരും ഓൺലൈൻ സ്കൂളിങ് നടത്താമോയെന്നു നോക്കുന്നു. പിള്ളേരെ വെറുതെവിടാൻ ആർക്കും ഉദ്ദേശ്യമില്ല. (അവരെ കുറച്ചു ഫ്രീയായി വിടുന്നതിൽ തെറ്റൊന്നുമില്ല. ഒരാറുമാസം പഠിച്ചില്ലെന്നു വിചാരിച്ചു ലോകം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല.)

സ്കൂൾകുട്ടികൾക്കു വേണ്ടി നിരവധി പരിശീലനപ്രോഗ്രാമുകൾ ഓൺലൈനിൽ ലഭ്യമാണ്. കുട്ടികളുടെ താത്പര്യവും അഭിരുചിയും അനുസരിച്ചു പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാനാവും.

ശാസ്ത്രസാങ്കേതികവിദ്യകൾ, കല, സാഹിത്യം,സംസ്കാരം. ചരിത്രം എന്നിവയിലൊക്കെ സ്കൂൾകരിക്കുലത്തിനു പുറത്തു പഠിക്കാൻ നിരവധി സാദ്ധ്യതകൾ ഇന്റർനെറ്റ് തുറന്നുതരുന്നുണ്ട്. സ്വന്തം അഭിരുചിക്കനുസരിച്ചു സാവധാനം ചെയ്യാവുന്ന നിരവധി പ്രവർത്തനങ്ങളുണ്ട്. ചിലതിനൊക്കെ പണം കൊടുക്കേണ്ടിവരും. നിരവധി സൈറ്റുകളും സർവീസുകളും സൗജന്യമായി ലഭ്യമാണ്.

കൊറോണക്കാലമായതിനാൽ ഓൺലൈൻ വിദ്യാഭ്യാസരംഗത്തുള്ള നിരവധി കമ്പനികൾ
കുറഞ്ഞ കാലത്തേക്ക് പല സർവീസുകളും സൗജന്യമാക്കിയിട്ടുണ്ട്. ഇത്തരം ചില സൈറ്റുകളെക്കുറിച്ചാണ് പ്രസ്തുത കുറിപ്പ്.

ഖാൻ അക്കാദമി

ബംഗ്ലാദേശിൽ വേരുകളുള്ള അമേരിക്കൻ എൻജിനീയറായ സൽഖാൻ നാട്ടിലുള്ള സ്വന്തം സഹോദരിയെ ഗണിതം പഠിപ്പിക്കുന്നതിനുവേണ്ടി തുടങ്ങിയ ഓൺലൈൻ ക്ലാസുകളിൽനിന്നാണ് ഖാൻഅക്കാദമിയുടെ തുടക്കം.

ഇന്ന് ലോകത്തിലെതന്നെ ഏറ്റവും മികച്ച ഓൺലൈൻ ക്ലാസുകളിലൊന്നാണിത്. തികച്ചും സൗജന്യമായി ആർക്കും ഉപയോഗിക്കാം. വളരെ ചെറിയ ക്ലാസുകൾമുതൽ പ്ലസ്ടുവരെയുള്ള പാഠങ്ങൾ ലഭ്യമാണ്.

പ്രധാനമായും ശാസ്ത്രവിഷയങ്ങളിലാണ് ഖാൻഅക്കാദമിയുടെ ഫോക്കസ്. പല ലെവലുകളിലായി തരംതിരിച്ചിരിക്കുന്ന ക്ലാസുകൾ ഓരോന്നു കഴിയുമ്പൊഴും ചെറിയ ക്വിസ് ഒക്കെയുണ്ട്.

ഓരോ ലെവൽ കഴിയുമ്പൊഴും കുട്ടികൾക്കു ബാഡ്ജും സ്റ്റാറും പ്രോത്സാഹനമായിക്കൊടുത്തു മുന്നോട്ടു കൊണ്ടുപോകും. അദ്ധ്യാപകരും രക്ഷിതാക്കളും തീർച്ചയായും ഈ സൈറ്റ് നോക്കിയിരിക്കണം.

സ്കൊളാസ്റ്റിക്

പ്രധാനമായും ചെറിയ കുട്ടികളെ ഉദ്ദേശിച്ചിട്ടുള്ള ഓൺലൈൻ ക്ലാസുകളാണ് ഇവരുടെ സൗജന്യ ക്ലാസുകളിലുള്ളത് (മുതിർന്നവർക്കുമുണ്ട്). ഗെയ്മുകളുപോലെ ക്രമീകരിച്ചിട്ടുള്ള പാഠങ്ങൾ രക്ഷിതാക്കളുടെ ഒപ്പമിരുന്നു ചെയ്യാവുന്നവയാണ്. പ്രൈമറിക്ലാസിലെ കുട്ടികൾക്ക് ഉപയോഗിക്കാം. ഭാഷ, ഗണിതം, ശാസ്ത്രം എന്നിവയുടെ അടിസ്ഥാനമുറപ്പിക്കാനനുയോജ്യം.

ഔട് സ്കൂൾ

ഇതു പ്രധാനമായും ഹോംസ്കൂളിങ്ങിന് വേണ്ടതായ പാഠങ്ങൾ ലഭ്യമാക്കുന്ന കമ്പനിയാണ്. 3മുതൽ 18വയസ്സുവരെയുള്ള കുട്ടികൾക്ക് ആവശ്യമായ ക്ലാസുകൾ ലഭ്യമാണ്. ഇങ്ഗ്ലിഷ് , സയൻസ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പാഠങ്ങളുണ്ട്.

വാഴ്സിറ്റി ടൂൾസ്

ഈ കമ്പനി ഇപ്പോൾ വെർച്വൽ സ്കൂൾഡേ എന്നൊരു പ്രോഗ്രാം നൽകുന്നുണ്ട്. പ്രധാനമായും ഹയർസെക്കണ്ടറി കുട്ടികൾക്കു വേണ്ടിയുള്ള ക്ലാസുകളാണു ലഭ്യം.

Calvert ഹോം സ്കൂൾ

ഈ കമ്പനി മൂന്നുമാസത്തെ ഫ്രീ ട്രയൽ നൽകുന്നുണ്ട് .മൂന്നാംക്ലാസുമുതൽ പന്ത്രണ്ടാംക്ലാസുവരെയുള്ള കുട്ടികൾക്കും അദ്ധ്യാപകർക്കും ഉപയോഗിക്കാം. വീഡിയോ പാഠങ്ങളും മറ്റു പ്രവർത്തനങ്ങളുമുണ്ട്.

പീനട്സ് വേൾഡ് വൈഡ്

കുട്ടികൾക്കു പരിചിതമായ കാർട്ടൂൺകഥാപാത്രങ്ങളെ ഉപയോഗിച്ചു കുട്ടികളെ ശാസ്ത്രസാങ്കേതികവിദ്യകളും ഭാഷാവിഷയങ്ങളും പഠിപ്പിക്കുന്നതിന് ഈ സൈറ്റ് ഉപയോഗിക്കാം.

ന്യൂയോർക്ക് സിറ്റി എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് വെബ്സൈറ്റ്

ന്യൂയോർക്ക് സിറ്റി എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് വിവിധ വിഷയങ്ങളിൽ കുട്ടികൾക്കായുള്ള പാഠഭാഗങ്ങളും പ്രവർത്തനങ്ങളും ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. നമ്മുടെ സ്കൂളദ്ധ്യാപകർക്ക് ഇത് നല്ലൊരു റിസോഴ്സായിട്ടാണ് എനിക്കു തോന്നിയത്.

പ്രോഡിജി മാത്ത്

ഗണിതശാസ്ത്രവിഷയങ്ങളിൽ താത്പര്യമുള്ളവർക്ക് ഈ സൈറ്റ്ഉപയോഗിക്കാം. ചെറിയ സബ്സ്ക്രിപ്ഷനുണ്ട്.

മൈൻഡ് ക്രാഫ്റ്റ് എജുക്കേഷൻ

മൈൻ ക്രാഫ്റ്റ് ഒരു കമ്പ്യൂട്ടർ ഗെയിമാണ്. പ്രമുഖ സോഫ്റ്റ്‌വെയർകമ്പനിയായ മൈക്രോസോഫ്റ്റാണ് ഇതിനു പിന്നിൽ.

പ്രോഗ്രാമിങ്

കുട്ടികളെ പ്രോഗ്രാമിങ് പഠിക്കുന്നതിനു നിരവധി അവസരങ്ങളുണ്ട്. സ്ക്രാച്ച്പോലെയുള്ള പ്ലാറ്റ്ഫോമുകൾ കുട്ടികളെ പരിചയപ്പെടുത്തിയാൽ നന്നായിരിക്കും. (ഇതിനെക്കുറിച്ചു വിശദമായി എഴുതാം.)

ഭാഷകൾ

ഭാഷാസ്വാധീനം ഒരു മനുഷ്യൻ്റെ ജീവിതവിജയത്തിന് അത്യാവശ്യമാണ്. ഏതെങ്കിലും വിദേശഭാഷ അറിയാമെങ്കിൽ ഭാവി കരിയറിൽ വലിയ അഡ്വാൻ്റേജുണ്ടാകും. ഭാഷ പഠിക്കുന്നതിനു നിരവധി അവസരങ്ങൾ ഓൺലൈനിലുണ്ട്. ചില രാജ്യങ്ങളുടെ വിദേശകാര്യവകുപ്പുകൾതന്നെ ഇതിനു സൗകര്യമൊരുക്കുന്നു. യൂടുബിൽ ഒട്ടുമിക്ക ഭാഷകളുടെയും സൗജന്യകോഴ്സുകളുണ്ട്. പണം കൊടുത്തുവാങ്ങാൻ താത്പര്യമുള്ളവർക്ക് മീഷേൽ തോമസിന്റെ ലാൻഗ്വേജുക്ലാസുകൾ നോക്കാം.

Duo Lingo ,babel എന്നിങ്ങനെയുള്ള മൊബൈൽ ആപ്പുകൾ നിങ്ങൾക്ക് ഭാഷാപഠനത്തിനുവേണ്ടി ഉപയോഗിക്കാം .

Rosetta stone,
Lingivist, Bussu തുടങ്ങിയവ ഈ രംഗത്തുണ്ട്.

udemy-പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ നിരവധി ലാംഗ്വേജ്കോഴ്സുകൾ ലഭ്യമാണ്. Edx, coursera എന്നിവയും നോക്കാവുന്നതാണ്.

ഓഡിയബിൾ

ഈ കമ്പനി ഓഡിയോ ബുക്കുകൾ വിൽക്കുന്ന ബിസിനസിലാണുള്ളത് .കുട്ടികൾക്കായി നിരവധി പുസ്തകങ്ങൾ ഇപ്പോൾ ഇവർ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട് . പുസ്തകങ്ങൾ വായിച്ചു കേൾക്കാം. ഹാരിപോട്ടർ , വിന്നി ദ ഫു-പോലെയുള്ള ജനപ്രിയപുസ്തകങ്ങളിൽ ചിലതു നിങ്ങൾക്ക് ഇവരുടെ സൈറ്റില്പോയാൽ സൗജന്യമായി കേൾക്കാം. ഇങ്ഗ്ലിഷ് ഉച്ചാരണവും നന്നാകും.

സ്‌റ്റോറി ലൈൻ ഓൺലൈൻ

ഈ സൈറ്റിലും നിരവധി പുസ്തകങ്ങളുണ്ട്.

ആർട്ട്

Google art എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് വിവിധ കലാസൃഷ്ടികൾ മ്യൂസിയങ്ങൾ എന്നിവ കാണാം.

യൂ ട്യുബിൽ ഡ്രോയിങ് അനിമേഷൻ, പെയിന്റിങ്ങ് തുടങ്ങിയ വിഷയങ്ങളിൽ നിരവധി ക്ലാസുകളുണ്ട്. ചിലതൊക്കെ വളരെ നല്ലതാണ്.

Theartsherpa , Lunch Doodles with mo Willems Draw every day with JJK
തുടങ്ങിയ ചാനലുകൾ പരീക്ഷിക്കാം.

എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നിരവധി സാദ്ധ്യതകളുണ്ട്. യു.എസിലെയും മറ്റും കോളേജ് അഡ്മിഷന് എ.പി സ്കോർ എന്ന ഒരു ക്രൈറ്റീരിയ ഉപയോഗിക്കാറുണ്ട്. ഈ പരീക്ഷക്ക് പരിശീലിപ്പിക്കുന്ന ക്ലാസുകൾ ഫ്രീയായി ഓഫർചെയ്യുന്ന നിരവധി സൈറ്റുകളുണ്ട് . എൻട്രൻസിന് പഠിക്കുന്നവർക്ക് ഇവ ഉപയോഗിക്കാം.

സംഗീതം, ചെസ് എന്നിങ്ങനെ വീട്ടിലിരുന്നു ചെയ്യുന്ന പല പ്രവർത്തനങ്ങളുണ്ട്. നിരവധി ഓൺലൈൻ മത്സരങ്ങളും ലഭ്യമാണ്. ഒരുവിധപ്പെട്ട വിഷയങ്ങൾക്കെല്ലാം ഫ്രീ ക്ലാസുകളുണ്ട്. ഒന്നുരണ്ടെണ്ണം പരീക്ഷിച്ചതിനുശേഷം പണം മുടക്കിയാൽ നന്ന്.

വീട്ടിലിരിക്കുന്ന പിള്ളേരെ അവരുടെ താത്പര്യത്തിനനുസരിച്ചു വിടുന്നതാണു നല്ലത്..

 

ലേഖകന്റെ ഫേസ് ബുക്ക് പേജ്

https://www.facebook.com/vu2swx

ലേഖകന്റെ യൂട്യൂബ് ചാനൽ

https://www.youtube.com/channel/UCGMg4aJTOahfvq1dQ89nQaQ?fbclid=IwAR3tv8jWeUNTAwhN6Je0L_fHnuwetQ3zsJaUtnvzLKzM5KNjpF8B_fK8Wtc