കണ്ണുമൂടിയൊരു യുദ്ധം

ശ്രീരേഖ കുറുപ്പ് ,ചിക്കാഗോ

ഇന്ന് മിക്കവാർത്തകളിലും നിറഞ്ഞു നിൽക്കുന്നത് അമേരിക്കയാണ്. ഇറ്റലിക്ക് ശേഷം വാർത്തകളിൽ ഒന്നാം സ്ഥാനം അമേരിക്കയ്ക്ക് ആകുമ്പോൾ ചിലരെങ്കിലും അതിനെ ആഘോഷമാക്കുന്നു. അത്തരക്കാരോട് സഹതാപം മാത്രേ ഉള്ളൂ.
അമേരിക്കയിൽ വിത്ത് പാകി മുളച്ചതൊന്നും അല്ല ഈ വയറസ്. ലോകത്തിന്റെ മുക്കിലും മൂലയിലേയ്ക്കും പടർന്നത് എങ്ങിനെയോ അങ്ങിനെയാണ് ഈ രോഗം ഇവിടെയും എത്തിയത്.
ഈ ഒരു കുഞ്ഞൻ കീടാണു വിതയ്ക്കുന്ന വിപത്തിന്റെ ആഴം താങ്ങാൻ മാത്രം ഉള്ള കരുത്ത് ആരും കരുതി വെച്ചിരുന്നില്ല. ഈ രാജ്യം നിയന്ത്രണം നടപ്പാക്കാൻ ഇത്തിരി വൈകിപ്പോയി. ഫെബ്രുവരിയിൽ പോലും അന്താരാഷ്ട്ര വിമാനങ്ങൾ വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയില്ല. ചൈനയിൽ അകപ്പെട്ട് പോയവരെ ഇങ്ങോട്ടേക്ക് തിരികെ എത്തിക്കുകയും ചെയ്തു. അത് ആരും മരിക്കാൻ വേണ്ടിയല്ല. “ലോകപോലീസ് ” ഇതാ തകരുന്നു എന്ന് പറഞ്ഞാർത്തു വിളിക്കുന്നവരുടെ മാനസീക അവസ്ഥ ഓർത്തു പുച്ഛം മാത്രം. ഈ ലോകം തന്നെ ഉണ്ടാകുമോ എന്ന് നിശ്ച്ചയിക്കാൻ ആവാത്ത നമ്മൾ മനുഷ്യർ എന്തിന് ഇങ്ങനെ ഒരു നാടിനെ ഒറ്റപ്പെടുത്തുന്നു.

ഇവിടെ അമേരിക്കയിലെ ഒരു ഹോസ്പിറ്റലിൽ റെസ്പിറേറ്ററി വിഭാഗത്തിൽ ജോലിചെയ്യുന്ന ആളാണ്‌ ഞാൻ. എന്റെ ഭർത്താവ് വിനോദ് കുറുപ്പും ഇതേ മേഖലയിൽ തന്നെയാണ്. ഞങ്ങളെ പ്പോലെ അനേകം ഇന്ത്യൻ വംശജർ ഇവിടെ വിവിധ ആശുപത്രികളിൽ വിവിധ മേഖകളിൽ ജോലി ചെയ്യുന്നുണ്ട്. ഞങ്ങൾ എല്ലാം തന്നെ ഇന്ത്യൻ മണ്ണിൽ പൊട്ടിമുളച്ചവരാണ്. ലോകം മുഴുവനും പിടിച്ചുലച്ചുകൊണ്ട്, ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ഈ രോഗത്തിനെതിരെ പോരാടുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്ക് വേണ്ടത് സുരക്ഷിതരായി വീടുകളിൽ ഇരുന്നു കൊണ്ടുള്ള സമൂഹത്തിന്റെ പ്രാർത്ഥനയാണ്.

ഓരോ ദിവസവും ഹോസ്പിറ്റലിൽ ഓരോ അനുഭവങ്ങൾ ആണ്. ഇവിടെ ഞങ്ങളുടെ സംസ്ഥാനത്തു ഇന്നത്തെ കണക്ക് നോക്കിയാൽ ചിക്കാഗോ നഗരം ഉൾപ്പെടുന്ന ഇല്ലിനോയ്‌സിൽ 15, 078പോസിറ്റീവ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മരണനിരക്ക് നോക്കിയാൽ ഈ സംസ്ഥാനത്തു മാത്രം 462 പേരാണ് മരിച്ചത്. ഈ മരിച്ചവരിൽ 99ശതമാനം പേരും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരായിരുന്നു.

ഈ കണക്കുകൾ ഒക്കെ കാണുമ്പോൾ, ഇതിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും ഉണ്ടെന്ന് കാണുമ്പോൾ ഞങ്ങളുടെ ഉള്ളിലും ഒരു തീ ആളും. കാരണം ഞങ്ങൾക്ക് നന്നായി അറിയാം ഞങ്ങൾ ആരും ഇങ്ങനെ ഒരു മഹാമാരി തടയാൻ വേണ്ടതൊന്നും കരുതിയിരുന്നില്ല.

മാർച്ച്‌ മാസം ഏതാണ്ട് പകുതിയോട് അടുത്തപ്പോൾ ആണ് സ്കൂളുകൾ അടച്ചു കൊണ്ട് സംസ്ഥാനത്തു കോവിഡ് പ്രതിരോധം തുടങ്ങുന്നത്. പിന്നീട് അത് ഹോസ്പിറ്റലിൽ സന്ദർശകരെ നിയന്ത്രിക്കുന്നതിലേയ്ക്കും പതുക്കെ പതുക്കെ എത്രത്തോളം ലോക്ഡൗൺ പ്രവർത്തീകമാക്കാമോ അത്രത്തോളം ഇവിടുത്തെ ഗവണ്മെന്റ് ചെയ്തു കഴിഞ്ഞു.
ജോലി നഷ്ട്ടപ്പെട്ട ഒരുപാട് ജീവിതങ്ങൾ ഉണ്ട്. ചെറുകിട വ്യവസായങ്ങൾ ഒക്കെ പൂട്ടിയിട്ടിരിക്കുന്നു. ജീവനേക്കാൾ വലുതായി എന്താണ് മനുഷ്യൻ ഉൾപ്പെടുന്ന ജന്തുക്കൾക്കുള്ളത്?
ഒരു ദിവസം ആശുപത്രിയിൽ ഒരു രോഗി അനുഭവിക്കുന്നത് കണ്ടു കഴിയുമ്പോൾ പുറത്തിറങ്ങി നടക്കുന്നവർക്ക് മനസ്സിലാവും കോവിഡ് നിസ്സാരക്കാരനല്ലെന്ന്.

ആശുപത്രിയിൽ വരുന്ന എല്ലാവരെയും ലക്ഷണങ്ങൾ നോക്കി അതിൽ അവർക്ക് കോവിഡ് ബാധ ഉണ്ടെന്ന് ഡോക്ടർക്ക് സംശയം ഉണ്ടെങ്കിൽ അവരെ തീർച്ചയായും ടെസ്റ്റ്‌ ചെയ്യും. ശരീര ഊഷ്മാവ് 100.4ഡിഗ്രി ഫാറെൻഹൈറ്റ് (38ഡിഗ്രി സെൽഷ്യസ് )ഉണ്ടെങ്കിൽ കോവിഡ് പോസിറ്റീവ് ആയ രോഗിക്ക് ആശുപത്രിയിൽ വരാം. പോസിറ്റീവ് ടെസ്റ്റ്‌ വന്നു എന്നത് കൊണ്ട് എല്ലാ രോഗികളും ആശുപത്രിയിൽ അഡ്മിറ്റ് ആവേണ്ടതില്ല. അവരുടെ രോഗലക്ഷണം വഷളാവുകയോ ശ്വാസതടസ്സം ഉണ്ടാവുകയോ ചെയ്താൽ മാത്രം ഹോസ്പിറ്റലിൽ വരാൻ ആണ് പോസിറ്റീവ് ആയ രോഗികളെ ഉപദേശിക്കുന്നത്. ആശുപത്രിയിൽ കോവിഡ് ബാധ ഉള്ളവർ മാത്രമല്ല വന്ന് പോകുന്നത്. മറ്റ് പല പകർച്ചവ്യാധികൾ ഉള്ളവരും ആശുപത്രിയിൽ വന്നു പോകുന്നുണ്ട്. കോവിഡ് ബാധിച്ചവർക്ക് മറ്റ് രോഗങ്ങൾ കൂടി പടർന്നു പിടിക്കരുത് എന്ന ഉദ്ദേശശുദ്ധി കൂടി ഇതിന് പിന്നിലുണ്ട്.

കോവിഡ് ബാധിക്കുന്ന രോഗികളിൽ ആദ്യ ലക്ഷണങ്ങൾ ജലദോഷത്തിന്റെ ലക്ഷണം പോലെ ആണ്. പതുക്കെ പതുക്കെ അത് ശ്വാസകോശത്തെ ബാധിക്കുന്നു. ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധ കഫം ഉണ്ടാകുകയും ഇത് മൂലം ഓക്‌സിജന്റെ കോശങ്ങളിലേക്കു ഉള്ള യാത്ര തടസ്സപ്പെടുന്നു. ഓക്സിജൻ കൃത്യമായ അളവിൽ ലഭിക്കാതെ തലച്ചോറും ഹൃദയവും ഒക്കെ പണിമുടക്കും. ഇങ്ങനെ അവർ അത്യാസന്ന നിലയിലേയ്ക്ക് ആവും.
ഓക്സിജൻ കിട്ടാത്ത ഒരു രോഗി തളർന്നു വീണു പോകുന്നത് കണ്മുന്നിൽ കാണണം. അവരെ പെട്ടന്ന് തന്നെ ശ്വാസകോശത്തിൽ ട്യൂബ് ഇട്ട് വെന്റിലേറ്ററിൽ ഇടുമ്പോൾ മരണത്തിന്റെ പടിക്കൽ എത്തി തിരികെ ജീവിതത്തിലേക്ക് അവർ വരുന്നത് കാണാം. ആ കാഴ്ച്ചയാണ് എന്നെ പോലെ ഉള്ളവരെ ഈ ഭീകര അവസ്ഥയിലും ജോലിക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. ഒരു ദിവസം അഞ്ചോ ആറോ പേരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ മറുവശത്തു പൊലിഞ്ഞു പോകുന്ന ജീവനും ഉണ്ട്. ജനനത്തിനും ജീവിതത്തിനും മരണത്തിനും ഒക്കെ ഒരേ പോലെ ഒരു ദിവസം സാക്ഷിയാകേണ്ടി വരുന്നവരാണ് ഞങ്ങളിൽ പലരും.

ഇന്നിപ്പോൾ ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ മക്കളെ പിരിഞ്ഞിട്ട് ഏഴ് ദിവസമായി. ജനിച്ചിട്ട് മൂത്തമകളെ ആദ്യമായി പിരിഞ്ഞത് ഒരു പനി വന്ന് അഡ്മിറ്റ്‌ ആയപ്പോൾ ആണ്. അന്ന് അവളെയും കൊണ്ട് ഇന്ത്യയിൽ പോയി വന്നപ്പോൾ എയർപോർട്ടിൽ വെച്ചേ നല്ല പനി ഉണ്ടായിരുന്നു. നേരെ ഹോസ്പിറ്റലിൽ പോയി. അന്ന് അഡ്മിറ്റ്‌ ചെയ്തത് ഐസൊലേഷൻ വാർഡിൽ ആണ്. കാരണം അന്താരാഷ്ട്രയാത്ര കഴിഞ്ഞു വന്ന ആളാണ്‌. വന്നവഴി വല്ല അണുക്കളെയും കൊണ്ട് വന്നിട്ടുണ്ടോ എന്ന ഭീതി. അത് ഇവിടെ എന്നും പാലിച്ചു പോരുന്ന ഒരു രീതി ആണ്. എന്നാൽ കോവിഡ് ആർക്കും പരിചയമില്ലാത്ത ഒന്നാണ്. അത് പടർന്നവഴി തന്നെ ഇപ്പോളും ആർക്കും തിട്ടമില്ല. അതിനെ പിടിച്ചു കെട്ടാൻ കഴിയാത്തതും ഇതുകൊണ്ടാണ്.

മക്കൾ മൂന്നും കൂടെ ഇല്ലാത്ത ദിവസങ്ങൾ അവർ വലുതായിക്കഴിഞ്ഞേ ഉണ്ടാവൂ എന്ന ഞങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കോവിഡ് ഞങ്ങളെ തമ്മിൽ പിരിച്ചു. ഞങ്ങൾ രണ്ടാളും ഹോസ്പിറ്റലിൽ പോകുന്നവരാണ്. ഞങ്ങൾ എത്ര സൂക്ഷിച്ചാലും ഏതെങ്കിലും വിധത്തിൽ ഒരു എക്സ്പോഷർ ഉണ്ടായാൽ അത് കുഞ്ഞുങ്ങളെ കൂടി ബാധിക്കും എന്ന ഭയം ആയിരുന്നു ഉള്ളിൽ.
വീഡിയോകോൾ വിളിക്കുമ്പോൾ അവരുടെ മുഖത്തെ സങ്കടം കാണാം. ഉള്ളിലെ സങ്കടം അടക്കാൻ അവരും അത് കണ്ടില്ല എന്ന് ഞങ്ങളും നടിക്കാൻ ശ്രമിച്ചു തോറ്റു പോകുന്നു. മിക്കവാറും ജീവനക്കാരുടെ കാര്യം ഇങ്ങനെ ആണ്. എന്നാൽ കുഞ്ഞുങ്ങളെ ഏല്പിക്കാൻ ആളില്ലാത്തവർ ഒരു വീട്ടിൽ രണ്ടിടത്തായി കഴിയുന്നു. തൊട്ട് അടുത്ത്, അല്ലെങ്കിൽ ഒരു ഭിത്തിക്കപ്പുറവും ഇപ്പുറവും ഇരുന്ന് അവർ സ്നേഹം പങ്കുവെയ്ക്കുന്നു. ഞങ്ങൾ ഒരു തീവ്ര യുദ്ധത്തിലാണ്. ശത്രുവിനെ നേരിട്ട് കാണാൻ കഴിയുന്നില്ല എന്ന് മാത്രം.

ഹോസ്പിറ്റലിൽ കഴിയുന്ന ഓരോ നിമിഷവും ആകുലതയോടെ ആണ് കഴിയുന്നത്. ഒരു രോഗിയുടെ അടുത്ത് പോകുവാൻ സുരക്ഷാകവചങ്ങൾ ഒക്കെ ധരിക്കാൻ തന്നെ സമയം എടുക്കും. എമർജൻസി റൂമിലേയ്ക്ക് ആംബുലൻസു വരുമ്പോൾ തന്നെ ഞങ്ങൾ ആ രോഗിക്ക് വേണ്ടി തയ്യാറായി നിൽക്കും. എന്നാൽ ഐസൊലേഷനിൽ കിടക്കുന്ന രോഗിയുടെ പൾസ് ഒന്നു താണ് പോയാൽ, അവരുടെ ബ്ലഡ് പ്രഷർ കുറഞ്ഞാൽ പെട്ടന്ന് മുറിയിലേയ്ക്ക് ഓടിച്ചെന്ന് കയറി വേണ്ടത് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് മിക്കവാറും എല്ലാവരും N95മാസ്ക് എപ്പോളും മുഖത്തു വെച്ചാണ് ഐസൊലേഷൻ വാർഡിൽ നിൽക്കുക. ആ അവസ്ഥയിൽ തൊണ്ട വരളുമ്പോൾ ഇത്തിരി വെള്ളം പോലും കുടിക്കാൻ കഴിയില്ല.
ഓരോ പ്രാവശ്യവും ഈ രോഗികളെ നോക്കാൻ അകത്തു കേറുമ്പോളും ഞങ്ങളുടെ റിസ്ക് എത്രത്തോളം ആണെന്ന് ഞങ്ങൾക്ക് അറിയില്ല. ഈ രോഗികളുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് ചെയ്യുക എന്ന ദൗത്യം ഞങ്ങൾ കഴിയുന്നതും ഭംഗിയായി ചെയ്യുന്നുണ്ട്. എങ്കിലും മരിച്ചവരുടെ വാർത്തകൾ കാണുമ്പോൾ മനസ്സിൽ നിറയുന്ന ഭയത്തിന് അറുതിയില്ല.
സഹപ്രവർത്തകർ ഒന്ന് തുമ്മിയാൽ, ചുമച്ചാൽ ഒക്കെ എല്ലാവരും പരസ്പരം നോക്കും. കൂട്ടത്തിൽ ചില ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്. ആദ്യമൊക്കെ ഒരു സുരക്ഷയും ഇല്ലാതെ മറ്റ് രോഗലക്ഷണങ്ങളുമായി വന്നവരെ ചികിൽസിച്ചിട്ടുണ്ട്. അവരൊക്കെ പിന്നീട് കോവിഡ് ടെസ്റ്റ്‌ പോസിറ്റീവ് ആയി വന്നിട്ടുണ്ട്. അബദ്ധത്തിൽ എങ്ങാനും ഈ വയറസ്സ് ഉള്ളിൽ കേറി ആക്രമിക്കാൻ പാകത്തിന് പതുങ്ങി ഇരിക്കുന്നോ എന്ന ഭയമാണ്.
ഓരോ ദിവസവും ജോലിക്ക് ശേഷം വീടെത്തുമ്പോൾ ഈശ്വരനോട് ഒന്നേ പ്രാര്ഥിക്കാനുള്ളൂ, ഈ മഹാവിപത്തിൽ നിന്നും ലോകത്തെ രക്ഷിക്കണേ എന്ന്.

ലോകാഹ, സമസ്താഹ, സുഖിനോ ഭവന്തു !