കാസര്‍ഗോഡ് ചില പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് പോലുള്ള സ്ഥലങ്ങളിലാണ് ഇന്ന് മുതല്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ പ്രദേശങ്ങളില്‍ അഞ്ച് വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പെട്രോളിംഗ് നടത്തുകയും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. ജില്ലയിലെ ക്ലസ്റ്റര്‍ ലോക്കിങ്ങിന് പുറമെ ആണ് ട്രിപ്പിള്‍ ലോക്ക് ഡൗണും.

കാസര്‍ഗോട്ടെ ചെമ്മനാട്, മധൂര്‍, പള്ളിക്കര, ഉദുമ, മൊഗ്രാല്‍പുത്തൂര്‍ എന്നീ പഞ്ചായത്തുകളിലും കാസര്‍കോട് ,കാഞ്ഞങ്ങാട് നഗരസഭകളിലും സമൂഹ സര്‍വ്വേയ്ക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ലോക്ക് ഡൗണ്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് ഇവിടെ ഉള്ള മറ്റു രോഗികള്‍ക്ക് ചികിത്സ തേടാന്‍ കഴിഞ്ഞില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ മാത്രം 15 പേരാണ് കൊവിഡ് ഭേദമായി ഇന്ന് ആശുപത്രി വിട്ടത്.

ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ക്കും, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍, പരിയാരം മെഡിക്കല്‍ കോളജ് ചികിത്സയിലുണ്ടായിരുന്ന ആറ് പേര്‍ എന്നിവര്‍ക്കാണ് ഇന്നലെ രോഗം ഭേദമായത്. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ജില്ലയില്‍ ഇത്രപേര്‍ക്ക് രോഗം ഭേദമാകുന്നത്. ഇതോടെ ജില്ലയില്‍ ആശുപത്രി വിട്ടവരുടെ എണ്ണം 22 ആയി.

നിലവില്‍ 138 പേരാണ് ജില്ലയില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ പേര്‍ക്ക് കൊവിഡ് നെഗറ്റീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.