അടിമ (കഥ-റാണി ബി.മേനോൻ)

വൾ ഒരടിമയായിരുന്നു, വിവാഹത്തിൽ നൽകപ്പെട്ട അടിമ, പിതാവിൽ നിന്നും ഭർത്താവിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട ഉടമാവകാശം.
ഭക്ഷണത്തിന്, മരുന്നിന്, രതിയ്ക്ക് ഒന്നിനും മുട്ടുണ്ടായിരുന്നില്ല.
ഓരോരോ ആചാരമനുസരിച്ച്…..
ആചാരമനുഷ്ഠിയ്ക്കേണ്ടവനാണല്ലൊ ആചരണ സമയം തീരുമാനിയ്ക്കുക!
ദൈവത്തിനു പോലും അതിൽ വലിയ കയ്യുണ്ടെന്നു തോന്നുന്നില്ല. കാരണം, പാതിരായ്ക്ക് കെട്ടിറങ്ങിക്കഴിയുമ്പോൾ കുളിച്ച് പ്രാർത്ഥിയ്ക്കുന്നവരുണ്ടത്രെ.

മരണ മൊഴികൾ സത്യമാകുമെന്നാണ് വിശ്വാസം. അടിമുടി പൊതിഞ്ഞാെരാ രൂപത്തിൽ നിന്നും വന്ന വാക്കുകൾ സത്യമാവുമെന്നു കരുതാൻ കാരണവുമതാണ്. കുറഞ്ഞോരു കാലം വിദേശത്തു ജോലി ചെയ്തുള്ള ഭാഷാ പരിചയമാണ്, അവരെ പരിചരിയ്ക്കാനായി നിയോഗിയ്ക്കപ്പെടാനുള്ള കാരണം.
അവർ…..
വെയിലേൽക്കാതെ വിളർത്ത നിറം, രോഗമെത്തി നോക്കും മുൻപ് സുന്ദരമായിരുന്നേക്കാമായിരുന്ന ഒന്നിന്റെ നിഴൽ രൂപം.
സംസാരിക്കുമ്പോൾ പലപ്പാേഴും തുടർച്ചകളുണ്ടാവാറില്ല, കടിച്ചു പിടിച്ച്, പലപ്പോഴും വാക്കുകളെ ചവച്ചു തുപ്പും പോലെ….
പിടിച്ചെടുക്കാൻ വിഷമിക്കേണ്ടിയിരുന്നു. ഒരാവശ്യമുന്നയിച്ചതാണോ, ഒരു ശാപവാക്കുച്ചരിച്ചതാണോ, അതാേ ഓർമ്മയിലെന്തോ പരതിയലഞ്ഞതാണോ എന്നു പറയാനാവില്ല. ആദ്യത്തെതാണെങ്കിൽ ജോലിയുടെ ഭാഗമാണ്, ആവശ്യമെന്തും നിറവേറ്റുക എന്നത്.
വാങ്ങുന്ന കനത്ത ശമ്പളത്തിന്, ഉതകുന്ന സേവനം നൽകാൻ ബാദ്ധ്യസ്ഥയാണ്.
ഡോക്റ്റർമാർ നൽകുന്ന മരുന്നുകൾ കൃത്യ സമയത്തിന്നു നൽകണം, എതിർപ്പ്, മരുന്നു കൊടുക്കാതിരിയ്ക്കാനുള്ള കാരണമല്ല എന്നത്, ജോലിയുടെ ഒന്നാമത്തെ നിയമമാണ്.

നേർത്ത കുപ്പായമിട്ടുള്ള വെയിൽ നടത്തം അവർക്കിഷ്ടമായിരുന്നു പതുക്കെ കടൽക്കരയിലൂടെ കാറ്റേറ്റു നടക്കുമ്പോൾ ഉല്ലാസവതിയായി അവർ മനസ്സുതുറക്കും.
ചിലപ്പോൾ, പകുതി ഇംഗ്ലീഷും പകുതി മാതൃഭാഷയും കലർത്തി ജീവിതം ഓർത്തെടുക്കും.
സഹോദരിമാർക്കൊപ്പമുള്ള ജീവിതം, അമ്മയോടുള്ള അടുപ്പം…….
“തടവിൽ നിന്ന് രക്ഷപ്പെടാനാവാത്ത അടിമകൾ ഉടയോനാട് പ്രതികാരം ചെയ്യേണ്ടതെങ്ങിനെയെന്ന് പഠിപ്പിച്ചത് അമ്മിയാണ്” അവരാെരിയ്ക്കൽ പറഞ്ഞു! പിന്നെ ഏറെ നാൾ കഴിഞ്ഞാവും അതിന്റെ തുടർച്ചയുണ്ടാവുക. വാക്കുകൾ ഓർത്ത് അടുക്കി വയ്ക്കാൻ തുടങ്ങിയത് അങ്ങിനെയാണ്.

സ്ത്രീകൾ മാത്രം കളിയ്ക്കാനെത്തുന്ന കളിക്കളം അവർ നിറഞ്ഞു കളിച്ചു.
“യൂ നോ, ഐ യൂസ്ഡ് റ്റു ബേർ മെെ സെൽഫ് ഇൻ ദ കോർട്ട്”
“നീന്തലിൽ, ബോൾ ബാറ്റ്മിന്റണിൽ ഞങ്ങളുടെ പ്രൊവിൻസിലെ ചാമ്പ്യനായിരുന്നു ഞാൻ, ട്രോഫികളെല്ലാം അടുക്കളയുടെ സ്റ്റോറിൽ പൊടിപിടിച്ചു കിടക്കും, സർട്ടിഫിക്കറ്റുകൾ ഞാൻ അന്നു തന്നെ എരിയിച്ചു കളഞ്ഞിരുന്നു”
എന്തിനെന്ന് കണ്ണിൽ വിടർന്ന ചോദ്യത്തിന് അവരുത്തരം പറയുകയുണ്ടായില്ല.
സ്ത്രീയുടെ വിജയം ആഘോഷിയ്ക്കപ്പെടുന്നതെങ്ങിനെയെന്ന് വേറൊരു സ്ത്രീയോട് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.

യൂ നോ വൈ വിമെൻ ആർ നോട്ട് എലൗഡ് റ്റു മിംഗ്ൾ ഫ്രീലീ?
ഉത്തരവും അവർ തന്നെ പറയും, ബ്രീഡിന്റെ പ്യൂരിറ്റി എല്ലാ സമൂഹത്തേയും ആകുലപ്പെടുത്തുന്ന ഒന്നാണ്. അതിൽ കലർപ്പു വരാതിരിയ്ക്കാനുള്ള ഏർപ്പാടുകളാണ് സുരക്ഷയെന്ന പേരിൽ മതിലുകളായി കെട്ടിയുയർത്തുന്നത്.
പക്ഷെ മതിലുകളുള്ളതുകൊണ്ടാണ് മതിൽ ചാട്ടത്തിന് രഹസ്യ കോഴ്സുകൾ നടക്കുന്നതെന്ന് മതിലുയർത്തുന്നവരറിയുന്നില്ലെന്നതാണ് രസകരം”.
“പറ്റിയ്ക്കൽ രസകരമായൊരു കലയാണ്, കണ്ണുവെട്ടിച്ച് കളവു ചെയ്യുമ്പോഴുള്ള ഒരു സംതൃപ്തി, അത് അനുഭവിച്ചു തന്നെ അറിയേണ്ട ഒന്നാണ്”
അന്നവർ വളരെ ഉല്ലാസവതിയായിരുന്നതായി തോന്നി, ഏതോ കളവിന്റെ മാധുര്യം അയവിറക്കുന്നതായും.

“വിവാഹ ശേഷം, അമ്മ വീട്ടിൽ പോയിരുന്നത് വളരെ അപൂർവ്വമായിരുന്നു. അമ്മയ്ക്ക് അസുഖമാണെന്ന് അറിഞ്ഞാൽ മാത്രം.”
“പലപ്പോഴും അമ്മ ഞങ്ങളെ കാണാൻ രോഗമഭിനയിച്ചിരുന്നു. അടച്ച മുറിയിൽ ഞങ്ങൾ ഉടയോന്മാരെ പറ്റിയ്ക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു.
അങ്ങിനൊരു യാത്രയിലാണ് വീട്ടിലെ അക്കാലത്തെ തോട്ടക്കാരനായൊരു കരിമ്പനെ കണ്ടത്. ആഗ്രഹത്തിന് കാവൽ നിന്നത് അമ്മിയായിരുന്നു”.
“ക്ഷമിയ്ക്കൂ, നിനക്കിതു മനസ്സിലാക്കാനോ അംഗീകരിയ്ക്കാനോ ആവില്ലെന്നറിയാം. നിനക്കു ചുറ്റും വേലിക്കെട്ടുകളുയർത്തി ആരും കാവൽനായ്ക്കളെ തുറന്നു വിട്ടിട്ടില്ലല്ലൊ”.
പിന്നെ കുറച്ചു ദിവസത്തേയ്ക്ക് അവർ ഒന്നും സംസാരിയ്ക്കുകയുണ്ടായില്ല.

ഒരിയ്ക്കൽ മരുന്നു കഴിയ്ക്കാൻ കൂട്ടാക്കാതെ ദു:ശ്ശാഠ്യം കാണിച്ചിരുന്നു, ഒടുവിൽ റിപ്പോർട്ടു ചെയ്യുമെന്നും, ജോലി പോവുമെന്നും, അങ്ങിനെയായാൽ ഒരു കൊച്ചു കുടുംബം വഴിയാധാരമാവുമെന്നുമൊക്കെ പറഞ്ഞാണ് മരുന്നു കഴിപ്പിച്ചത്‌.
അന്ന്, ഉച്ചമയക്കത്തിൽ നിന്നുണർന്ന അവർ പൊതുവെ സന്തുഷ്ടയായിരുന്നു. വ്യക്തമായി, ഇടതടവുകളില്ലാതെ അവരൊരു ജീവിതത്തിലെ ഒരു ദിവസത്തിന്റെ നേർക്കാഴ്ച്ച തന്നു.
ബിസിനസ്സ് കുടുംബത്തിലെ ഉടയോന്മാർ ഒന്നിച്ച് ഭക്ഷിയ്ക്കും, അതു കഴിഞ്ഞ് സ്ത്രീകളും പെൺകുട്ടികളും പിന്നെ ആൺജോലിക്കാർ, പെൺ ജോലിക്കാർ….. ഈ ഓർഡർ ഒരിയ്ക്കലും തെറ്റുകയില്ല.
അപ്പോഴേയ്ക്കും ബിസിനസ്സ് ചർച്ചയ്ക്കും തുണ്ടുകൾക്കും ശേഷം വിളി വന്നേക്കാം, വരാതെയുമിരിയ്ക്കാം…..
“അന്ന് എന്റെ ഉടമ മാത്രം, ഞാൻ ജോലിക്കാരിയുടെ കയ്യിൽ സൂപ്പയക്കുമ്പോൾ ഒന്നുകൂടി ചേർത്തയച്ചു…..”
“യൂ നോ വാട്ട്?”
അവർ ആംഗ്യത്തിലൂടെ വിശദീകരിച്ചു.
പിന്നെ ഓർത്തോർത്ത് ചിരിയ്ക്കാൻ തുടങ്ങി….
ചിരിയിലൂടെ തന്നെ ഉറക്കത്തിലേയ്ക്കൂർന്നിറങ്ങി, മരണത്തിന്റെ കവാടം ശാന്തമായി തുറന്ന് കടന്ന്, അവർ പോയി.

ജോലി തീർന്നു തിരിച്ചു പോന്ന് വാക്കുകൾ കൂട്ടി വച്ചപ്പോഴാണ് കഥയുടെ ചുരുളഴിഞ്ഞത്, ഒരു പാവം ജീവിതത്തിന്റെയും……
വേറേതോ നാട്ടിൽ, വേറേതോ അച്ഛനമ്മമാർക്ക് പിറക്കാനിടയാകട്ടെ സോദരീ, പുനർജ്ജന്മവിശ്വാസങ്ങളില്ലെങ്കിലും ആ ജീവിതത്തോട് അങ്ങിനെ ആശംസിയ്ക്കുവാനാണ് തോന്നുന്നത്.

റാണി ബി.മേനോൻ