കോവിഡ് മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് യുഎസ്

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന രാജ്യമായി യുഎസ്. ഇതുവരെ 20,577 പേര്‍ക്കാണ് ഇവിടെ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്നിരിക്കുകയാണ് ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നായ യുഎസ്.ഇറ്റലിയില്‍ 19, 468 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഏറ്റവും കൂടുതല്‍ രോഗബാധിതരും യുഎസില്‍ തന്നെയാണ്. 5.32 ലക്ഷം ആളുകള്‍ക്കാണ് യുഎസില്‍ രോഗം ബാധിച്ചത്. 11,471 പേരുടെ നില അതിഗുരുതരമായി ഇപ്പോഴും തുടരുകയാണ്.

കോവിഡ് മഹാമാരിയില്‍ 24 മണിക്കൂറിനിടെ 2000 ത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന ആദ്യത്തെ രാജ്യവും യുഎസ് ആണ്. ഒരു ദിവസത്തിനിടെ 2,108 പേരാണ് മരിച്ചത്. ന്യൂയോര്‍ക്ക് നഗരമാണ് രോഗത്തിന്റെ പ്രധാന ഹോട്സ്പോട്ട്. ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുത്തു.

രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാല്‍ യുഎസ് കൂടുതല്‍ അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കുകയാണ്. വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ന്യൂയോര്‍ക്കിലെ പൊതു വിദ്യാലയങ്ങള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചു. മഹാമാരിയില്‍ ഏറ്റവും മോശമായി ബാധിച്ച നഗരത്തിലെ വിദ്യാലയങ്ങള്‍ ഈ അധ്യായന വര്‍ഷം മുഴുവന്‍ അടച്ചിടാനാണ് തീരുമാനിച്ചിരുക്കുന്നതെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ അറിയിച്ചു.

ബ്രിട്ടനിലും മരണസംഖ്യ പതിനായിരത്തോടടുക്കുകയാണ്. ഇതുവരെ 9875 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുറോപ്യന്‍ രാജ്യങ്ങളായ സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളിലും മരണസംഖ്യ ഉയരുകയാണ്. അതേസമയം ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. പുതിയതായി ഇരുപത്തെട്ടായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഗോളമരണനിരക്ക് 1,08,828 ആയി ഉയരുകയും ചെയ്തു.