ഈസ്റ്റർ പ്രാർത്ഥനകൾ ക്രിസ്തുവിന്റെ മണവാട്ടിമാർക്കൊപ്പം

“കടലോരത്തെ പാറയിൽ പുരാതനമായ പള്ളിയുടെ മണിഗോപുരം നിന്നു. അനുഗ്രഹത്തിനായുയർത്തിയ കൈപോലെ. ആഡ്രിയാറ്റിക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും പള്ളിക്കു മുന്നിൽ എത്തിയപ്പോൾ സൈറൻ മുഴക്കി .അപ്പോൾ മറുപടിയായി പള്ളിമണികൾ നിർത്താതെ മുഴങ്ങി. ഈ പള്ളിമണികൾ കേൾക്കാതെ ഒരു കപ്പലും മുന്നോട്ടു നീങ്ങിയിട്ടില്ല. മണിമേടയിൽ നിറുത്താതെ മണിയടിക്കുന്നത് അന്നും ഇന്നും കന്യാസ്ത്രീകളാണ്. സമുദ്രത്തിലെ മാലാഖമാരെപ്പോലെ പോലെ അവരെന്നും കപ്പലുകളെ പ്രാർഥനകളാൽ കാത്തു. അപകടം കൂടാതെ ആഡ്രിയാറ്റിക് കടക്കാൻ ഡു ബ്രോവ്നിക്കിലെ പള്ളിമണികൾക്ക് മാത്രമേ സഹായിക്കാനാവും എന്ന് ഇന്നും നാവികർ വിശ്വസിക്കുന്നു ” ഡുബ്രോവ്നിക്കിൽ മണി മുഴങ്ങുമ്പോൾ എന്ന എം.വി. ശ്രേയാംസ്കുമാറിന്റെ ലേഖനത്തിലെ ഈ ഭാഗമാണ് എന്റെ ഈസ്റ്റർചിന്തയുടെ പ്രചോദനം….

LKG യിലെ അല്ലിസിസ്റ്ററാണ് അന്നുമിന്നും ഞാൻ കണ്ട ജീവനുള്ള യഥാർത്ഥമാലാഖ.

LKG യ്ക്കു ശേഷം പിന്നെ Ph D കാലത്താണ് ക്രിസ്തുവിന്റെ മണവാട്ടിമാർ കൂട്ടായെത്തുന്നത്. ഒന്നല്ല രണ്ടുപേർ. അക്കാദമിയിലെ ഗവേഷണ കാലത്തെ സൗമ്യസാന്നിധ്യമായിരുന്നു സിസ്റ്റർ നമിത .ലാളിത്യവും വിനയവുമാണ് സിസ്റ്ററുടെ മുഖമുദ്ര. കോളേജ് അധ്യാപികയാണെന്ന ഒരു ഭാവവുമില്ലാതെ, എത്ര ഭംഗിയായാണ് സിസ്റ്ററന്ന് ഞങ്ങളോടിടപ്പെട്ടിരുന്നത്.

അടുത്തയാൾ സിസ്റ്റർ അനു. പ്രസന്നവദന. സിസ്റ്ററുടെ സഹപാഠികളും ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നു.സിസ്റ്ററാവണം എന്ന് മോഹിച്ചു നടന്ന ഡിഗ്രിക്കാലത്തെക്കുറിച്ച് അവരാണ് പറഞ്ഞു തന്നത്. പഠിപ്പിക്കുന്ന സ്കൂളിലെ ലൈബ്രറിചാർജും സിസ്റ്റർക്കായിരുന്നു. മറ്റുള്ളവരെ അംഗീകരിക്കൽ ഒരു കലയാണെന്ന് സിസ്റ്ററിൽ നിന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്.

പിന്നെ സേവ്യേഴ്സിലെത്തിയപ്പോൾ സിസ്റ്റർ ശാലിനി, Perfectionist എന്നു വിളിക്കാം .ഏറ്റെടുത്ത കാര്യങ്ങളെല്ലാം വിജയിപ്പിക്കുന്നൊരാൾ. പ്രിൻസിപ്പലായതിന് ശേഷം ഇന്നും സിസ്റ്റർ ഡിപ്പാർട്ട്മെൻറിൽ വരുമ്പോൾ ഞങ്ങൾ കള്ളം പിടിക്കപ്പെട്ട കുട്ടികളെപ്പോലെയാണ് നിൽക്കാറുള്ളത്. കാരണം മേശപ്പുറം വൃത്തിയാക്കിയിടണം എന്നുള്ളത് സിസ്റ്ററിന്റെ അലിഖിതനിയമമാണ്.

ഏറ്റവും സ്നേഹത്തോടെ ഓർക്കുന്ന പേരുകളിലൊന്നാണ് സിസ്റ്റർ റീത്താമ്മ. എത്ര തിരക്കായാലും ഇന്നുവരെ ഒരു മെസേജിന് പോലും മറുപടി തരാതിരുന്നിട്ടില്ല. മോനേ എന്ന് വിളിച്ച് സിസ്റ്റർ സംസാരിക്കുമ്പോൾ തന്നെ ഹൃദയം നിറയും

ഇനി കുട്ടിസിസ്റ്റർമാരിലേക്ക് വരാം. ആദ്യമായി പഠിപ്പിച്ച സിസ്റ്റേഴ്സ് സിസ്റ്റർ വിജയയും, സിസ്റ്റർ പ്രിൻസിയും . സിസ്റ്റർ വിജയ റോമിൽ പോയ സമയത്ത് മിക്കവാറും ദിവസങ്ങളിൽ വാട്സ്അപ്പ് സന്ദേശങ്ങളുണ്ടാകുമായിരുന്നു. ഇപ്പോൾ തഞ്ചാവൂരിലുള്ള സിസ്റ്റർ സമ്മാനിച്ച പെൻഹോൾഡറാണ് ഇന്നും എന്റെ എഴുത്തുമേശയിലെ ആഢംബരം. ഒരു വെക്കേഷൻ കാലത്ത് സിസ്റ്റർ പ്രിൻസിയുടെ ക്ഷണപ്രകാരം ദീപയും ഞാനും ഹിൽഡയും ഐശ്വര്യയും കൂടി അങ്കമാലിയിലെ അവരുടെ കോൺവെൻറിൽ പോയപ്പോഴാണ് ആദ്യമായി ഒരു കന്യാസ്ത്രീ മഠത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്.പിന്നീട് രണ്ടു തവണ കൂടി പ്രിൻസിസിസ്റ്ററുടെ കോൺവെൻറിൽ പോയിട്ടുണ്ട്.

തുടർന്ന് വന്ന സിസ്റ്റർ നിമിഷ .വെള്ളയുടുപ്പിട്ട പാവം മാലാഖ .ഇന്ന് പള്ളിയിൽ പ്രാർത്ഥിക്കാനിരുന്നപ്പോൾ മിസ്സിനെ ഓർത്തു എന്ന് പറഞ്ഞ് ഇടക്കിടെ വിളിക്കുന്ന സ്നേഹമയി.

ചിരിക്കുമ്പോഴൊക്കെ പുറത്തുചാടുന്ന കോമ്പല്ലാണ് സിസ്റ്റർ ജീനയുടെ മാസ്റ്റർ പീസ്.കുറുമ്പിയായ ഒരു സിസ്റ്റർ. ഇതു വായിക്കാനിടയാൽ എന്റെ മിസ്സേ എന്നു വിളിച്ചു വരുന്ന ഒരു വരവുണ്ടാകും.

നന്നായി അധ്വാനിച്ചിരുന്ന ഒരു പാവം സിസ്റ്ററാണ് സിസ്റ്റർ സൗമ്യകാസ്പർ.MA കഴിഞ്ഞു പോയതിന് ശേഷം Prayer videos ഒക്കെ ചെയ്യുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്.

സൗമ്യസിസ്റ്റർക്ക് ശേഷം MA ക്ക് വന്ന ജിനി സിസ്റ്റർ പ്രൊജക്ട് ചെയ്തത് എന്റെ കൂടെയായതുകൊണ്ട് അന്നുമിന്നും കൂടുതലിടപെടാൻ അവസരം കിട്ടി.

സിസ്റ്റർ സിജി എന്നെയും ഹൃദയത്തോട് ചേർത്തിട്ടുണ്ടെന് എനിക്ക് നന്നായറിയാം. വാട്സ് അപ്പ് ഗ്രൂപ്പിലൊന്നും ഇല്ലാത്തത് കൊണ്ട് അവരുടെ ക്ലാസുമായി ബന്ധപ്പെട്ട പ്രധാനവിഷയങ്ങൾക്കൊക്കെ ഞാൻ സിസ്റ്ററെ വിളിക്കാറുണ്ടായിരുന്നു. അങ്ങനെ സിജിസിസ്റ്ററുടെ സ്വപ്നാമിസ്സ് എന്നാണത്രേ അവരുടെ കോൺവെന്റിൽ ഞാനറിയപ്പെട്ടിരുന്നത്.

ആദ്യമൊക്കെ മെൻററിങ്ങ് സമയത്ത് മലയാളം പഠിക്കാനിഷ്ടമില്ലാത്ത വ്യാകുലതകൾ പങ്കുവെച്ച് പിന്നീട് റിസൾട്ട് വന്നപ്പോൾ ഫുൾ A grade വാങ്ങിയ മിടുക്കിയാണെങ്കിലും നിസ്സംഗതയോടെയാണ് സിസ്റ്റർ ജിൻസിയുടെ ഇടപെടലുകൾ .

ഇംഗ്ലീഷിൽ പഠിച്ചിരുന്ന, പ്രസന്നതകൊണ്ട് ലാംഗ്വേജ് ക്ലാസിനെ സമ്പന്നമാക്കിയിരുന്ന ഗ്രീഷ്മ സിസ്റ്ററെ മറക്കാനാവില്ല

മിസ്സിനെയാണ് ഞങ്ങൾക്കേറ്റവും മിസ്സ് ചെയ്യുന്നതെന്ന് ഇടക്കിടെ പറയുന്ന ബി കോമിലെ നിഷ സിസ്റ്റർ ,എന്തുകാര്യവും വ്യക്തമായി പറഞ്ഞു മനസ്സിലാക്കിത്തരുന്ന സിസ്റ്റർ സ്റ്റെല്ല , മിടുക്കിയായ സിസ്റ്റർ ഷാരിൻ, ലൈബ്രറിയിലെ ഡയോ സിസ്റ്റർ ,ജിഷ സിസ്റ്റർ, ഞങ്ങളുടെ സൂപ്രണ്ട് മെഴ്സീന സിസ്റ്റർ, ഓഫീസിലെ മറ്റു സിസ്റ്റർമാർ, സ്റ്റോറിലെ കരുണാമയിയായ വിന്നി സിസ്റ്റർ എല്ലാവരെയും ഈ ഉയിർത്തെഴുന്നേൽപ്പ് തിരുന്നാളിന് സ്നേഹപൂർവ്വം പ്രാർത്ഥനയിലോർക്കുന്നു. .

പലപല Congregation ൽ പെട്ടവരാണിവരെങ്കിലും ഭൂരിഭാഗം പേരും CTC സിസ്റ്റർമാരാണ്.ഇവരുടെയെല്ലാം അമ്മയായ ഏലീശ്വാമ്മയെക്കൂടി ഈ നന്മദിനത്തിൽ ഓർമിക്കുന്നു.

ഇനിയും പറയേണ്ട ഒരാൾ കൂടിയുണ്ട്. ഇപ്പോൾ ഞങ്ങളുടെ കുട്ടിയായ സിസ്റ്റർ അനു. എന്തിനാണ് സിസ്റ്ററുടെ പേര് അവസാനം പറഞ്ഞതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും . ഇന്നത്തെ വായനക്ക് ഞാൻ കടമെടുക്കുന്നത് സിസ്റ്ററിന്റെ പുസ്തകമാണ്. ഈസ്റ്റർ ദിനത്തിൽ രണ്ടാം തവണ അനാവിം’ എന്ന നോവലിലൂടെ കടന്നു പോകുമ്പോൾ ഭാവിയിൽ ഒരു നല്ല എഴുത്തുകാരി സിസ്റ്ററിലുണ്ടെന്ന് തിരിച്ചറിയുന്നു. ആദ്യം ഞാൻ സൂചിപ്പിച്ച Ph d സുഹൃത്ത് സിസ്റ്റർ അനുവും നല്ല എഴുത്തുകാരിയാണ്. അക്കാദമി എൻഡോവ്മെന്റ് കിട്ടിയിട്ടുണ്ട്. നോവലും എഴുതിയിട്ടുണ്ട്.

രണ്ടു പേരുടെയും പേരും ഒന്നായത് യാദൃശ്ചികമാവാം.

സ്വപ്ന.സി.കോമ്പാത്ത്