കൊവിഡ് രോഗ ബാധിതരുടെ എണ്ണം കൂടുന്നു; നിലവില്‍ 8477 പേര്‍ക്ക് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9000ലേക്ക് അടുക്കുന്നു. 8477 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ അറുന്നൂറോളം മാത്രം രോഗികളുണ്ടായിരുന്ന സ്ഥാനത്താണ് രോഗികളുടെ എണ്ണം പലമടങ്ങായി വര്‍ധിച്ചത്. മഹാരാഷ്ട്രയില്‍ ഇന്ന് 134 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 1895 ആയി.

ഡല്‍ഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം 1154 ആയി. തമിഴ്‌നാട്ടില്‍ 1014 കൊവിഡ് രോഗികളാണുള്ളത്. ഇന്ന് 96 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 796 ആയി. മധ്യപ്രദേശില്‍ 562, ഗുജറാത്തില്‍ 516, തെലങ്കാനയില്‍ 503 എന്നിങ്ങനെയാണ് കൊവിഡ് രോഗികളുടെ എണ്ണം. പശ്ചിമ ബംഗാളില്‍ ഇന്ന് കൊവിഡ് ബാധിച്ച രണ്ട് പേര്‍ മരിച്ചു ഇതോടെ മരണം ഏഴായി. ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചതോടെ ഡല്‍ഹിയിലെ മരണസംഖ്യ 24 ആയി.

ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയതും. 208 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. കേരളത്തില്‍ 179 പേര്‍ ഇവിടെ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി.