അങ്ങനെ യതീഷ് ചന്ദ്രയും വിശുദ്ധനായി

 റോയ് മാത്യു

കണ്ണൂർ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീച്ചതിൽ യാതൊരു തെറ്റുമില്ലെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ. അയാൾക്ക് ബിഗ് സല്യൂട്ടം പത്മനാഭൻ കൊടുത്തിട്ടുണ്ട്. അപ്പോ ഇനി മനുഷ്യാവകാശ ലംഘം, മാനക്കേട്, നാണക്കേട് എന്നൊന്നും പറഞ്ഞ് പുകിലുണ്ടാക്കേണ്ട എന്നാണ് അദ്ദേഹം പറയുന്നത്. പാർട്ടി അടിമത്തം ഒരു എഴുത്തുകാരനെ കൊണ്ടെത്തിയ ദുരന്തമാണിത്. പ്രായമേറുന്തോറും ബുദ്ധിയിലും ചിന്തയിലും ഉണ്ടാവുന്ന വ്യതിയാനങ്ങളായി കരുതാവുന്ന ഒന്നല്ലത്.- ചന്ദ്ര നേപ്പോലെ വിളങ്ങുന്നവരെ പ്രീതിപ്പെടുത്തേണ്ടി വരുന്ന ദുരന്തമാണിത് .അദ്ദേഹം ഇന്നത്തെ മാതൃഭുമി പത്രത്തിലെഴുതിയ ലേഖനത്തിൽ യതീഷ് ചന്ദ്രയെ വാനോളം വാഴ്ത്തുന്നത് കാണുക. ” ഞാൻ കണ്ണൂരുകാരനാണ്. കണ്ണൂരിലെ ഇപ്പോഴത്തെ എസ്.പി.കണ്ണൂര് കാരനോ കേരളീയ നോ അല്ലാത്ത യതീഷ് ചന്ദ്ര ഐപിഎസാണ്. എത്ര അപേക്ഷിച്ചിട്ടും നിയമലംഘനത്തിൽ നിന്നും പിൻമറാത്ത മൂന്ന് കണ്ണൂര് കാരെ – ഇവരെല്ലാം ചെറുപ്പക്കാരാണ്. അദ്ദേഹം പാതയോരത്ത് നിർത്തി പരസ്യമായി ഏത്തമിടീക്കുകയുണ്ടായി. എസ്പിയുടെ പ്രവർത്തിയിൽ കുറ്റം കണ്ട ചിലർ ഏത്തമിടീക്കൽ കേരളീയ സംസ്കാരത്തിന് യോജിച്ചതല്ല എന്നും മറ്റും എഴുതിക്കണ്ടു. എന്താ, ഇതിൽ വലിയ സംസ്കാര ലോപമൊന്നും എനിക്ക് കാണാൻ കഴിയുന്നില്ല. നമ്മുടെ കോടതികൾ പോലും നിയമ പുസ്തകങ്ങളിൽ പറഞ്ഞിട്ടില്ലാത്ത ചില ശിക്ഷകൾ ഈ ദൃശ്യ സന്ദർഭങ്ങളിൽ നൽകിയത് കണ്ടിട്ടുണ്ട്. ഏതായാലും യതീഷ് ചന്ദ്രയ്ക്ക് എൻ്റെ ബിഗ് സല്യൂട്ട് ” . അടിയന്തരാവസ്ഥക്കാലത്തും പൗരാവകാശ ലംഘനങ്ങൾ നടക്കുമ്പോഴുമൊക്കെ എഴുത്തുകാർ ഭരണകൂടത്തിന് ജയ ജയ പാടാറുണ്ട്. പത്മനാഭൻ പറഞ്ഞതിൽ വലിയ തെറ്റൊന്നുമില്ല. ഏത്തമിടീച്ച എസ് പി യോട് വിശദീകരണം ചോദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് ആഴ്ച രണ്ടായി. ഒന്നും സംഭവിച്ചില്ല.