ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 25000 സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്ത് ഷാറൂഖ് ഖാന്‍

മുംബൈ: ക്വാറന്റൈനു വേണ്ടി സ്വന്തം ഓഫീസ് വിട്ടു നല്‍കിയതിന് പിന്നാലെ, മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 25,000 വ്യക്തിഗത സുരക്ഷാ കിറ്റുകള്‍ (പി.പി.ഇ) വിതരണം ചെയ്ത് ബോളിവുഡിന്റെ കിങ് ഖാന്‍. വിതരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഷാറൂഖിനെ അഭിനന്ദിച്ച് രംഗത്തെത്തി. ആരോഗ്യ ക്ഷേമ മന്ത്രി രാജേഷ് തോപെയാണ് നടനെ മുക്തകണ്ഠം അനുമോദിച്ചത്. മന്ത്രിയുടെ ട്വീറ്റിന് മറുപടിയായി, കിറ്റുകള്‍ വിതരണം ചെയ്യാനുള്ള താങ്കളുടെ സഹായത്തിന് നന്ദി. നമ്മെയും മനുഷ്യത്വത്തെയും സംരക്ഷിക്കാനുള്ള ഒരുമിച്ചുള്ള പോരാട്ടത്തിലാണ് നമ്മള്‍. അതില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. താങ്കളും കുടുംബവും സുരക്ഷിതരായിരിക്കട്ടെ എന്ന് ഷാറൂഖ് മറുകുറിപ്പിടുകയും ചെയ്തു.നേരത്തെ, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ കൂടിയായ ഷാറൂഖ് സഹായം നല്‍കിയിരുന്നു. പി.എം കെയറിലേക്കും താരം പണം നല്‍കിയിരുന്നു.