ട്രംപിന്റെ സുഹൃത്ത് സ്റ്റാന്‍ലി ചെറ കൊറോണ ബാധിച്ച്‌ മരിച്ചു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുഹൃത്ത് സ്റ്റാന്‍ലി ചെറ(80) കൊറോണ ബാധിച്ച്‌ മരിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെ സാമ്ബത്തികമായി സഹായിച്ചവരില്‍ പ്രമുഖനുമായിരുന്നു സ്റ്റാന്‍ലി ചെറ.ഞായറാഴ്ച നടത്തിയ വൈറ്റ്ഹൗസ് യോഗത്തില്‍ തന്റെ സുഹൃത്ത് ഗുരുതരമായി രോഗബാധിതനായ വിവരം ട്രംപ് അറിയിച്ചിരുന്നു.

കൊറോണ ബാധിതനായവരില്‍ ഒരാള്‍ തന്റെ സുഹൃത്താണെന്നും നല്ല പ്രായമുണ്ടെന്നും പക്ഷെ അദ്ദേഹം കരുത്തനായ മനുഷ്യനാണെന്നും മാര്‍ച്ച്‌ അവസാനം നടത്തിയ പത്ര സമ്മേളനത്തില്‍ ട്രംപ് സൂചന നല്‍കിയിരുന്നു.ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡറും റിയല്‍എസ്‌റ്റേറ്റ്കാരനുമെന്നാണ് ട്രംപ് മരണപ്പെട്ട തന്റെ സുഹൃത്തിനെ വിശേഷിപ്പിച്ചിരുന്നത്‌.
കൊറോണ വലിയ കുഴപ്പമുണ്ടാക്കില്ലെന്ന ധാരണയില്‍ വിഷയത്തെ ലഘുവായെടുത്ത ട്രംപ് സുഹൃത്തുക്കളില്‍ പലരും ഗുരുതരാവസ്ഥയിലായതോടെയാണ് ഗൗരവമായി കാണാന്‍ തുടങ്ങിയതായും അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാല്‍ വര്‍ധിച്ചു വരുന്ന കൊറോണ സ്ഥിരീകരണ കണക്കുകളാണ് തന്റെ തീരുമാനങ്ങള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കു പിന്നിലെന്നായിരുന്നു ട്രംപ് ഇതിനെ കുറിച്ച്‌ നല്‍കിയ മറുപടി .