കുമിളകൾ(കഥ -സുഗുണ സന്തോഷ് )

നിലാവ് പെയ്യുന്ന മുറ്റം നോക്കി അവൻ ഏറെ നേരം ആ തിണ്ണയിൽ ചാഞ്ഞിരുന്നു. നിലാവിന്റെ കൈകോർത്ത് മകരക്കുളിരും പെയ്യുന്നുണ്ട്. നേർത്ത കാറ്റേറ്റിരുന്നപ്പോൾ പതിവുപോലെ, മനസിന്റെ താഴിട്ട, ഇരുൾ മൂടിയ ഓർമ്മയുടെ അറകൾ ഓരോന്നായി തുറന്ന് അവൻ ഒരിടം വിടാതെ പരതി.നിരാശയായിരുന്നു ഫലം.അമ്മയെടുത്ത് അമ്പിളിമാമനെ കാണിച്ച് നിലാച്ചോറൂട്ടുന്ന ചിത്രങ്ങൾ ആ അറകളുടെ ഏത് ഭിത്തിയിലും അവന് കാണാനായില്ല. നീണ്ട പതിനാലു വർഷങ്ങളുടെ തിരച്ചിലാണത്.മറ്റൊന്നിനുമല്ല, ജനിപ്പിച്ച സ്ത്രീയുടെ മുഖമൊന്ന് കാണാൻ, സുഹൃത്തുക്കളിൽ നിന്നും താൻ കേട്ടുമാത്രം പരിചയമുള്ള അമ്മ എന്ന മങ്ങിയ വാക്കിന് ഒരു മിന്നാമിനുങ്ങ് വെളിച്ചമെങ്കിലും പകരാൻ. എന്നിട്ട് ആ കുഞ്ഞു ചിറകുകളിലേറി അരണ്ട വെളിച്ചത്തിലെങ്കിലും പാറിപ്പറക്കാൻ. പക്ഷെ അന്നും ആ ശ്രമം വിഫലമായി.

“സണ്ണി വാ വന്നു കിടക്ക്. നേരം ഒരുപാടായി”

ഇടയ്ക്ക് വഴക്കു പറയുമെങ്കിലും ഒരു അനാഥനായ താൻ വാടകയ്ക്കെടുത്ത അമ്മ മുഖമായിരുന്നു അത്.ആ അനാഥാശ്രമത്തിലെ വാർഡൻ ലളിതാമ്മ. കാണുന്ന സ്ത്രീമുഖങ്ങളിലെല്ലാം അമ്മയെ തിരഞ്ഞിരുന്ന തനിക്ക് ഈ അടുത്ത കാലത്തായി ഈശ്വരൻ തന്ന ആശ്വാസമാണ് ആ മുഖം.

സണ്ണി പതിയെ എഴുന്നേറ്റു നടന്നു.

“സണ്ണീ…”

പിറകിൽ നിന്നും വീണ്ടും ആ വിളി,അവൻ തിരിഞ്ഞു നോക്കി.

“ലളിതാമ്മ വിളിച്ചോ?”

“മം, സണ്ണി, അറിഞ്ഞോ, അറിയാതെയോ നീ തിരഞ്ഞെടുത്തത് സയൻസ് ഗ്രൂപ്പാണ്. ധാരാളം പഠിക്കാനുണ്ട്. കഠിനാധ്വാനം ആവശ്യമാണ്. അസമയത്ത് സ്വപ്നലോകത്തിരുന്നിട്ട് കാര്യമില്ല. തൽക്കാലം നടക്കാത്ത സ്വപ്നമാണ് നീ കാണുന്നത്. നല്ലൊരു ഭാവിയുണ്ട് നിനക്ക്, പഠിക്കാൻ നോക്ക്.”

ശാസന കലർന്ന, ഒരിറ്റ് സ്നേഹം തഴുകിയ ആ വാക്കുകൾ, സണ്ണിയുടെ മനസിലെ അനാഥത്വം എന്ന മാരകരോഗം കാർന്നു തിന്നുന്ന വേദനയ്ക്ക് ഒരു മരുന്ന് തന്നെ ആയിരുന്നു.

“ഇല്ല, ലളിതമ്മാ ഇനി ആവർത്തിക്കില്ല, ഞാൻ പഠിച്ചോളാം. ”

“മം, കിടന്നോളൂ”

അവൻ തിരിഞ്ഞു നടക്കാതെ അവിടെ തന്നെ നിന്നു.

“ലളിതാമ്മ..
എനിക്ക്…എനിക്കൊരു ഉമ്മ തരാമോ?”

അതു ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

അവർ സണ്ണിയ്ക്കരുകലെത്തി. അവന്റെ മുടി മേൽപ്പോട്ട് കോതി, നിറുകയിൽ ചുംബിച്ചു.

ഗുഡ്നൈറ്റ് പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ മഴ മാറിയ മാനത്തെ മഴവില്ലുപോലെ ആയിരുന്നു അവന്റെ മുഖം.

ലളിതാമ്മ അവൻ നടന്നകലുന്നതും നോക്കി നിന്നു.

കൂട്ടുകാർക്കിടയിൽ ഒന്നു തിരിയാൻ പോലും സ്ഥലമില്ലാത്ത കുറുകിയ സ്ഥലത്ത് അവൻ ശബ്ദമുണ്ടാക്കാതെ പതിയെ കിടന്നു. എല്ലാവരും നല്ല ഉറക്കമാണ്. സ്വപ്നങ്ങൾ ഇല്ലാത്തവർ, അല്ലെങ്കിൽ തന്നെപ്പോലെ കാണുന്നതെല്ലാം ഒരു മാത്രയിൽ കുമിളകൾ പോലെ വീണുടയുന്ന സ്വപ്നങ്ങൾക്കുടമകൾ അവൻ സ്വയം ഒന്ന് പുഞ്ചിരിച്ചു.

ശരിയാണ്, പ്രളയത്തിന്റെ ഒഴുക്കിൽ മിച്ചമായ കുറെ ജന്മങ്ങൾ, വഴിയമ്പലങ്ങളിലും, തെരുവോരങ്ങളിലും തുണിപ്പൊതികളിലും, കവറുകളിലും കുപ്പ പോലെ ഉപേക്ഷിക്കപ്പെട്ടവർ, ചില ദുർബ്ബല നിമിഷങ്ങളുടെ തിരുശേഷിപ്പുകൾ, രണ്ടാനമ്മയ്ക്ക് കനത്ത ഭാരമായവർ…അങ്ങനെ എത്രയെത്ര ജീവനുകൾ, അവർക്കിനിയെന്ത് സ്വപ്നങ്ങൾ. അവൻ കണ്ണുകളടച്ച് ഉറങ്ങാൻ ഭാവിച്ചു.

ഇല്ല ഇന്നിനി ഉറങ്ങാനാവില്ല.
നാളത്തെ ദിവസത്തെ കുറിച്ചുള്ള ആകാംക്ഷയുണ്ട് മനസ്സിൽ. ഇന്നും ക്ലാസിൽ ആ മുഖം വരഞ്ഞതിന് ടീച്ചർ അടിച്ചു. ആ മുഖം വരയുമ്പോഴും, എഴുതുമ്പോഴും തനിയ്ക്കുണ്ടാവുന്ന ആത്മ നിർവൃതി അവരറിയുന്നില്ലല്ലോ.
ഹരിത നാളെയെങ്കിലും ഫോൺ നമ്പറുമായി വന്നിരുന്നെങ്കിൽ, എത്ര നാളായിട്ടുള്ള കാത്തിരിപ്പാണ് ആ പത്ത് അക്ക സംഖ്യയ്ക്ക് വേണ്ടി. ഹരിത ഒരു പ്രതീക്ഷ തന്ന മുതൽക്ക് അവരോട് ഒന്ന് സംസാരിക്കാനുള്ള കൊതി കൂടിക്കൂടി വരികയാണ്.

അവർ വലിയ എഴുത്തുകാരിയാണെന്ന് പറയുന്നു. ഒന്നു മനസുവച്ചാൽ തന്റെ വലിയൊരാഗ്രഹം നടക്കും, അതെങ്ങനെ? അനാഥന് ആഗ്രഹങ്ങൾ പാടുണ്ടോ?തന്നെപ്പോലൊരു അനാഥന് വേണ്ടി അവർ വിലപ്പെട്ട നേരം കളയുമോ? ഒന്നു സംസാരിക്കാനായിരുന്നെങ്കിൽ…

അതിനുള്ള പ്രാർത്ഥനയുമായി കൈകൂപ്പി കിടന്ന് ആലോചനയുടെ ലോകത്തുനിന്ന് എപ്പൊഴോ അവന്റെ മനസ് ഉറക്കത്തിലേക്ക് വഴുതി വീണു.

അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് അവൻ ഞെട്ടി ഉണർന്നത്. കൂടെ പിറക്കാത്ത സഹോദരങ്ങൾ ഓരോരുത്തരായി അനാഥത്വം പേറി പുതിയൊരു ദിവസത്തിലേക്ക് ഉറക്കമുണർന്ന് തുടങ്ങി. സണ്ണി പോക്കറ്റിൽ കിടന്ന ഒരു പഴയ തൂവാല എടുത്ത് നിവർത്തി. ഇരു കണ്ണുകളിലും ചേർത്തുപിടിച്ചു. കൂട്ടുകാർ കളിയാക്കുമെങ്കിലും അതവന്റെ പതിവാണ്. അത് അമ്മയുടെ തൂവാലയല്ലെന്ന് ഈ പ്രായത്തിൽ അവൻ തിരിച്ചറിയുന്നുണ്ട്. പക്ഷെപണ്ട്, കുട്ടിക്കാലത്ത് അമ്മയെ അന്വേഷിച്ച് വാശിപിടിച്ച് കരഞ്ഞ് തളരുമ്പോൾ അടുത്ത വീട്ടിലെ പാട്ടിയമ്മ നൽകിയതാണ് ആ തൂവാല അത് അമ്മയുടേതാണെന്നും അമ്മ ഇപ്പോൾ വരുമെന്നും ഒക്കെ പറയുമ്പോൾ അവൻ അത് കയ്യിൽ പിടിച്ച് ക്ഷീണിച്ച് ഉറങ്ങും. പാട്ടിയമ്മ മരിക്കുവോളം അത് തുടർന്നു. അവരുടെ മരണത്തിന് ശേഷം അത് തന്റെ കയ്യിൽ തരാൻ ആരുമില്ലെന്നുള്ള തിരിച്ചറിവുണ്ടായപ്പോൾ സ്വയം കൈയ്യിൽ സൂക്ഷിച്ചു തുടങ്ങി.ഇപ്പൊഴും അത് അങ്ങനെ തന്നെ വിശ്വസിക്കാനാണ് സണ്ണിക്കിഷ്ടം.മാത്രമല്ല, പലപ്പൊഴും പ്രതീക്ഷയോടെ അവൻ അതിൽ തന്റെ അമ്മയുടെ മണം തിരയാറുണ്ട്.

അന്നും സങ്കൽപ്പത്തിലെ അമ്മയെ തൂവാലയിലൂടെ കണ്ട് ദിവസം തുടങ്ങി. കുളിച്ചൊരുങ്ങി, പ്രാർത്ഥന കഴിഞ്ഞു. അനാഥാശ്രമത്തിലെ കനിവിന്റെ പ്രഭാത ഭക്ഷണവും കഴിഞ്ഞ് ബസ്സ്റ്റോപ്പിലേക്ക് . പോകാൻ നേരം ലളിതാമ്മയോട് യാത്ര പറയാനും മറന്നില്ല.

“സണ്ണി, പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ?”

അവൻ തലയാട്ടി നടന്നകന്നു.

സ്കൂളിൽ എത്താൻ വല്ലാത്ത ധൃതിയായിരുന്നു സണ്ണിയ്ക്ക്.

ഹരിതയുടെ വീടിനരികിൽ ആ എഴുത്തുകാരിയുടെ ബന്ധുവുണ്ട്. അവരുടെ കയ്യിൽ നിന്നും നമ്പർ കിട്ടും എന്നാണ് അവൾ പറഞ്ഞത്. തന്നെക്കുറിച്ച് അവൾ ആദ്യം അവരോട് സംസാരിക്കും. പിന്നെയാണ് തന്റെ ഊഴം.ഒന്നു രണ്ട് മാസികകളിൽ അവരുടെ എഴുത്തുകൾ വായിച്ചിട്ടുണ്ട്. ഫോട്ടോയും കണ്ടിട്ടുണ്ട് അപ്പോൾ തുടങ്ങിയ ആഗ്രഹമാണ് ഒന്ന് നേരിൽ കാണണം. തന്റെ തോന്ന്യാക്ഷരങ്ങൾ അവരെ ഏൽപിക്കണം. നടക്കുമെന്ന് ഒട്ടും പ്രതീക്ഷയില്ല. സണ്ണി തോമസ് എന്നൊരനാഥൻ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെന്ന് പോലും അവർക്കറിയില്ല. പക്ഷെ, എന്തുകൊണ്ടൊ,അതൊരു സ്വപ്നവും, മോഹവുമൊക്കെയായി രാത്രികളിൽ തന്റെ ഉറക്കവുമായി ഏറ്റുമുട്ടുന്നുണ്ട്.

സണ്ണി ബസ് ഇറങ്ങി റോഡ് മുറിച്ച് കടന്ന് വേഗത്തിൽ നടന്നു തുടങ്ങി.സ്കൂളിന്റെ പടിയ്ക്കൽ തന്നെ അവന്റെ കണ്ണുകൾ ഹരിതയെ തിരയുന്നുണ്ടായിരുന്നു. അവൻ ക്ലാസ് മുറിയിൽ എത്തി.അതെ, ഹരിത എത്തിയിട്ടുണ്ട്. ബഞ്ചിൽ അവളുടെ ബാഗ് ഉണ്ട്.

“സണ്ണി, കിട്ടി ട്ടൊ”

അവൻ പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞു നോക്കി. അതെ ഹരിതയാണ്. അവന്റെ കണ്ണുകൾ പൊടുന്നനെ വിടർന്നു. അവൾ തന്റെ ബാഗ് തുറന്ന് ഒരു തുണ്ടു പേപ്പർ അവന് നേരെ നീട്ടി.

“കളയാതെ സുക്ഷിക്കണം.”

“മം, നീ…നീ അവരോട് ?? ”

“മം, സംസാരിച്ചു. ”

അവന്റെ കണ്ണുകൾ തിളങ്ങി.

“ആദ്യമൊന്നും വിളിച്ചപ്പോൾ എടുത്തില്ല. പിന്നെയാണ് എടുത്തത്. ഞാൻ നിന്നെക്കുറിച്ച്, നിന്റെ എഴുത്തുകളെക്കുറിച്ച് പറഞ്ഞപ്പോൾ അവര് ചോദിച്ചു അതെന്താ നിനക്ക് അവനോട് ഇത്രയും താൽപര്യം? പ്രണയമാണോന്ന്”

സണ്ണിയുടെ മുഖം വാടി,

“ഹരിത, ഞാ…ൻ കാരണം നിനക്ക്…”

“അതൊന്നും സാരമില്ലെടാ, അവർക്ക് ഒന്നും അറിയാത്തതു കൊണ്ടല്ലെ?”

“ഹരിത…, സോറി”

“സോറിയൊന്നും വേണ്ടടോ, നാളെ നീ വലിയാളാവുകയാണെണെങ്കിൽ മറക്കാതിരുന്നാൽ മതി.”
അവൾ കണ്ണിറുക്കി അവനെ കളിയാക്കി.

സണ്ണി അപ്പൊഴും ആ മുഖത്തേയ്ക്ക് ദയനീയമായി നോക്കുന്നുണ്ടായിരുന്നു.

ങാ, പിന്നെ നീ ഇന്നു തന്നെ അവരെ വിളിക്കണം.മറക്കണ്ട.

“മം, തീർച്ചയായും, ”

അന്നത്തെ ക്ലാസുകൾക്ക് ഇരട്ടി ദൈർഘ്യമുള്ളതുപോലെ അവന് തോന്നി. എങ്ങനെയൊക്കെയോ നേരം കഴിച്ചു.ബെല്ലടിച്ചപ്പോൾ ഒന്നാമനായി പുറത്തിറങ്ങി വേഗത്തിൽ നടന്ന് റോഡിലെത്തി. ആദ്യം വന്ന ബസ്സിൽ പടിയിൽ പോലും നിൽക്കാനാവാത്ത തിരക്കാണ്. തിങ്ങി നിറഞ്ഞ യാത്രക്കാരുടെ ചീത്ത വിളി കാതിൽ വാങ്ങാതെ അവൻ അതിലേക്ക് വലിഞ്ഞുകയറി. എങ്ങനെയൊക്കെയോ സ്റ്റോപ്പിൽ ഇറങ്ങി. കരുണ ഇല്ലം എന്ന അനാഥത്വത്തിന്റെ വിലാസം ലക്ഷ്യമാക്കി നടന്നു. ആദ്യം തിരഞ്ഞത് ലളിതാമ്മയെ ആണ്. അവർ പുറത്തു പോയിരിക്കുന്നു. അവൻ റൂമിലെത്തി ബാഗ് വച്ച് മുഖം കഴുകി ഉടുപ്പു മാറി കാത്തിരിപ്പായി.ക്ഷമ നശിച്ച് ഇടയ്ക്കിടെ വഴിയിലേക്ക് എത്തി നോക്കിക്കൊണ്ടിരുന്ന സണ്ണിയുടെ കണ്ണുകളിൽ ആ രൂപം തെളിഞ്ഞു.അത് അടുത്തെത്തി.

” ലളിതാമ്മേ…കിട്ടി”

അവന്റെ മുഖം തിളങ്ങി,

“ഒന്ന് വിളിച്ച് തരാമോ പ്ലീസ്”

മം, ആദ്യം ഹോം വർക്കൊക്കെ ചെയ്യ് എന്നിട്ടാവാം ഇതൊക്കെ.

“മം,”

അവന്റെ മുഖത്ത് കാർമേഘം ഇരുണ്ടുകൂടി.

രാത്രി ലളിതാമ്മ റൂമിൽ എത്തി,

“സണ്ണി നമ്പർ എവിടെ?”

അവൻ കയ്യിൽ മടക്കിപിടിച്ചിരുന്ന കടലാസ് തുണ്ട് അവരുടെ നേർക്ക് നീട്ടി.
ലളിതാമ്മ സംസാരിച്ച് തുടങ്ങിയപ്പോൾ മറുവശത്ത് ആരോ സംസാരിക്കുന്നുണ്ടെന്ന് അവന് മനസിലായി. കേൾക്കാൻ കാത്തിരുന്ന ആ ശബ്ദം അവന്റെ കൈക്കുള്ളിലെത്തി. വിറയ്ക്കുന്ന കൈ അവൻ പതിയെ കാതിലേക്ക് വച്ചു.

“ഗുഡ് ഈവനിംഗ് മാനസി മാഡം അല്ലെ?,”

“അതെ, നിന്റെ പേരെന്താണ്?”

“സണ്ണി തോമസ്”

അൽപനേരം ആ ശബ്ദം മൂകമായെങ്കിലും വീണ്ടും അവർ സംസാരിച്ച് തുടങ്ങി…

“മം, നീയെന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്?”

ആ സംഭാഷണം അവൻ വിചാരിച്ചതിലും മധുരമായി നീണ്ടുപോയി. നാളെ സ്കൂളിൽ വന്ന് കാണാം എന്ന് വാക്കുറപ്പിച്ച് അവർ ഫോൺ കട് ചെയ്തു.

ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത ആ അനാഥന്റെ കാതുകളിൽ ആ ശബ്ദം ഒരു പുതു മഴപോലെ വീണ്ടും, വീണ്ടും പെയ്തിറങ്ങി.സംഭാഷണത്തിനിടയ്ക്ക് അവരുടെ സണ്ണി എന്നുള്ള സംബോധന ആലിപ്പഴങ്ങൾ പോലെ അവന്റെ മനസിന്റെ മുറ്റത്ത് വീണുടഞ്ഞുകൊണ്ടേയിരുന്നു.

റൂമിലെത്തി അവൻ തന്റെ നാൽപ്പതു കവിതകളും ഒരു പുതിയ പുസ്തകത്തിലേക്ക് പകർത്തിയെഴുതി. ആദ്യത്തെ പേജിൽ

“മാനസിയമ്മയ്ക്ക്, സ്വന്തം സണ്ണി തോമസ്”

എന്ന പേരും എഴുതി. നേരം പന്ത്രണ്ടുമണി കഴിഞ്ഞിരിക്കുന്നു.
ആ പുസ്തകം മാറോട് ചേർത്ത് പിടിച്ച് ആ രാത്രി അവൻ ഉറങ്ങി.

അന്നു രാത്രി അവൻ കണ്ട സ്വപ്നങ്ങളിലെ അമ്മയ്ക്ക് ഒരു പൂർണ്ണ രൂപം ഉണ്ടായിരുന്നു.

രാവിലെ സ്കൂളിലേക്ക് ഇറങ്ങുമ്പോൾ അവൻ ലളിതാമ്മയോട് ഉച്ചവരെയാണ് ക്ലാസ്, എങ്കിലും അൽപ്പം വൈകിയേ വരികയുള്ളു എന്ന് പറയാൻ മറന്നില്ല.
ക്ലാസ് കഴിഞ്ഞ് ഓഫീസിന് മുന്നിൽ നിൽക്കാമെന്നാണ് മാനസി മാഡത്തിനോട് പറഞ്ഞിരിക്കുന്നത്. അവൻ ഓഫീസിന് മുൻപിൽ വഴിക്കണ്ണുമായി ഇരുപ്പുറപ്പിച്ചു. പറഞ്ഞ നേരം നിമിഷങ്ങളായി കടന്നുപോകുമ്പോൾ സണ്ണിയുടെ പ്രതീക്ഷയും നേർത്തു നേർത്തു വന്നു. ഒടുവിൽ ഒരു കുളിർകാറ്റുപോലെ ഒരു കാർ അവനു മുന്നിൽ വന്നു നിന്നു. വിവരണങ്ങൾക്കതീതമായ വൈകാരിക നിമിഷങ്ങൾ…

മാനസി… തൻ മനസിൽ കാണാറുള്ള തന്റെ അമ്മയുടെ മുഖം. അവൻ മനസിന്റെ തുടിതാളം പുറത്തു കാണിക്കാതെ കൂപ്പുകൈയ്യുമായി നിന്നു.

“സണ്ണി തോമസ്…?”

“യെസ്, മാം…ഞാനാണ്”

മാനസി അവനെ കീഴ്മേൽ നോക്കി. മനസിലെ കൊച്ചു രൂപത്തിന് പെട്ടെന്ന് രൂപം മാറം സംഭവിച്ച് വിശ്വരൂപമെടുത്ത് തന്റെ മുന്നിൽ നിൽക്കുന്നത് പോലെ അവർക്ക് തോന്നി.

നീണ്ട പതിനഞ്ചു വർഷങ്ങളായി ഒരേസമയം മഞ്ഞുതുള്ളിയായും, അഗ്നിപർവ്വതമായും ഒരു ഘടികാരമുള്ളുപോലെ നിലക്കാതെ തന്നെ പിൻതുടരുന്ന ഒരു മുഖം അവർ അവനിൽ തിരഞ്ഞു.

സോറി മോനെ, ഞാനൽപ്പം വൈകി.

“നോ പ്രോബ്ലം മാഡം,”

“സണ്ണി ഇരിക്കൂ”

ഇരുവരും ബഞ്ചിലേക്ക് ഇരുന്നു.

സണ്ണി തന്റെ കൈയ്യിൽ ചേർത്തു പിടിച്ചിരുന്ന പുസ്തകം അവർക്ക് നൽകി.

മാനസി അതിന്റെ താളുകൾ പതിയെ മറിച്ചു തുടങ്ങി.ആദ്യ പേജിൽ കണ്ട അവന്റെ വാക്കുകൾ….

“മാനസിയമ്മയ്ക്ക്,സ്വന്തം സണ്ണി തോമസ്”

അത് വായിച്ച് അവർ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി.ചില കഴിവുകൾ പാരമ്പര്യമായി കിട്ടുമെന്ന് പറയുന്നത് ശരിയാണ്. അവർ മനസിൽ ഉറപ്പിച്ചു. നഷ്ടമായ ചിലതെങ്കിലും ചിലപൊഴൊക്കെ കാലം നമ്മുടെ കൈകളിൽ കൊണ്ടെത്തിക്കാറുണ്ട് എന്നതും സത്യമാണ്. അവയിൽചിലത് വളരെ അമൂല്ല്യവും.

അവൻ ദയനീയമായി അവരെ നോക്കി എന്തുകൊണ്ടോ, ആ കണ്ണുകളിൽ അപ്പോൾ നനവ് പടരാൻ തുടങ്ങിയിരുന്നു.

“ഇതെല്ലാം…?”

മാഡം, ഇതെല്ലാം എന്റെ വരികളാണ്. ഇതിലെ അമ്മ എന്ന കവിത എന്റെ സ്വപ്നവും, വേദനയും എല്ലാമാണ്. എന്റെ അമ്മയെ ഓർക്കുമ്പോഴൊക്കെ ഞാനീ വരികൾ വായിക്കും, തിരുത്തും. പലനാളുകൾ തിരുത്തിയെഴുതിയ ഒരു കവിതയാണിത്. ഈ വരികൾ എന്റെ അമ്മയാണ്. ഇത് എവിടെയെങ്കിലും ഒന്ന് പ്രസിദ്ധീകരിക്കണം. അതിനാണ് ഞാൻ മാഡത്തിനെ കാണണമെന്ന് ആവശ്യപ്പെട്ടത്.

“നീ…നിന്റെ അമ്മ…??

മാനസി മുറിഞ്ഞ വാക്കുകളായി അത് മുഴുമിപ്പിച്ചു.

ഉണ്ടായിരുന്നു . മുഖമോർക്കുന്നില്ല. എന്റെ അമ്മയുടെ പേര് അന്ന എന്നാണ്. പക്ഷെ ഇപ്പോൾ ഞാനൊരു അനാഥനാണ്. എനിക്ക് ആരും ഇല്ല.

ആ വാക്കുകൾ മാനസിയുടെ മനസിൽ ഒരായിരം ശര വേദനയായി തുളഞ്ഞുകയറി.

വർഷങ്ങൾ കൊണ്ട് താൻ സംഭരിച്ച ധൈര്യം ഒട്ടും ചോരാതെ മാനസി അവനു മുന്നിൽ പിടിച്ചു നിന്നു.

“അച്ഛൻ…???”

“മം, അച്ഛൻ ഒരു നിരന്തര മദ്യപാനിയാണ്. എന്നും അടിയും, വഴക്കും, ദേഹോപദ്രവവും കണ്ടും, കൊണ്ടും വളർന്ന ചെറുപ്പം. അച്ഛന്റെ ദേഹോപദ്രവം ഭയന്ന് ഉറങ്ങാതെ കഴിച്ചുകൂട്ടിയ കുട്ടിക്കാലം. ഉറങ്ങിയാൽ എന്തെങ്കിലും തലയ്ക്കെടുത്തിടും, അല്ലെങ്കിൽ എഴുന്നേൽപ്പിച്ച് ഉപദ്രവിക്കും.
ആയിടയ്ക്ക് എനിക്കൊരു കുഞ്ഞുവാവ കൂടി വരാൻ പോകുന്ന ഒരു സന്തോഷം മാത്രമായിരുന്നു അമ്മയ്ക്ക് ആകെ ഉണ്ടായിരുന്നത്. അമ്മയുടെ കാലശേഷം എനിക്ക് തുണയ്ക്കായി ഒരു ജീവൻ, അതായിരുന്നു അമ്മയുടെ ലക്ഷ്യം. ഒരു ദിവസം രാത്രി അച്ഛൻ മദ്യപിച്ച് വന്ന് അമ്മയെ ഉപദ്രവിച്ചു. വയറ്റിൽ ആഴത്തിലുള്ള ചവിട്ടേറ്റ് അമ്മ വേദനകൊണ്ട് പുളഞ്ഞു. അഛൻ മദ്യത്തിന്റെ ലഹരിയിൽ ഒന്നും അറിഞ്ഞില്ല. അയൽപക്കത്തുള്ള പാട്ടിയമ്മയാണ് ആശുപത്രിയിൽ എത്തിച്ചത്.അച്ഛൻ ഭയന്ന് എന്നെയും കൊണ്ട് നാടുവിട്ടു. കുറച്ചു ദിവസങ്ങൾക്ക് ശേഷം തിരികെ എത്തിയപ്പോൾ അമ്മയില്ല. അച്ഛൻ തിരയാനും കൂട്ടാക്കിയില്ല. മാഡം,അന്ന് അമ്മയുടെ വയറ്റിൽ ഉണ്ടായിരുന്ന വാവ അപകടം കൂടാതെ ഈ ഭൂമിയിൽ എത്തിയിട്ടുണ്ടെങ്കിൽ എനിക്ക് ഒരു കുഞ്ഞനുജനോ, അനുജത്തിയോ കൂടി എവിടെയെങ്കിലും കാണും.”

അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

“അമ്മ പോയതിൽ പിന്നെ, പട്ടിണി അറിഞ്ഞു തുടങ്ങി. എന്നും അന്തിയ്ക്ക് ബോധമില്ലാതെ വീട്ടിലെത്തി ഉപദ്രവിക്കുന്ന അച്ഛൻ, അമ്മയുടെ പങ്കും ചേർത്ത് എന്നെ ഉപദ്രവിച്ചു തുടങ്ങി. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയൊരു സ്ത്രീ അമ്മയുടെ സ്ഥാനത്തേക്ക് എത്തി. അവരിൽ ഒരമ്മയെ തിരഞ്ഞ എനിയ്ക്ക് നിരാശയായിരുന്നു ഫലം. അവരിൽ നിന്നു കൂടി ശകാരവും, ദേഹോപദ്രവവും ആയപ്പോൾ എനിക്ക് പിടിച്ച് നിൽക്കാനായില്ല. മരിക്കാനന്നെനിക്കറിയില്ലായിരുന്നു മാഡം. എല്ലാം മറക്കാൻ ദൈവം ഒരു കുഞ്ഞനുജത്തിയെ തന്നു. ഒരുപാടിഷ്ടമായിരുന്നു എനിക്കവളെ. പക്ഷെ അവളോടൊന്ന് മിണ്ടിയാൽ, തൊട്ടാൽ അടിയായിരുന്നു ഫലം. പഠിക്കാനുള്ള ആഗ്രഹം കൊണ്ട് ഒഴിവു ദിവസങ്ങളിൽ ചെറിയ, ചെറിയ ജോലികൾക്ക് പോകും. കിട്ടുന്ന പൈസ അച്ഛൻ മദ്യപിക്കാൻ വാങ്ങും. ഒരു ദിവസം ഒരു വാച്ചുവാങ്ങാനുള്ള മോഹവുമായി സ്വരുക്കൂട്ടിയ ഇരുനൂറ് രൂപ പിടിച്ച് പറച്ചപ്പോൾ എതിർക്കാൻ നോക്കി. ഫലം ഇതായിരുന്നു.”

അവൻ അവന്റെ ഷർട്ട് തൂക്കി തിരിഞ്ഞ് നിന്നു. മുതുകിൽ ചൂടുവെച്ച പാട്. മാനസി അതിലേക്ക് ഒന്നേ നോക്കിയുള്ളു.ആ കണ്ണുകൾ നിറയുന്നത് മാത്രമേ അവൻ കണ്ടുള്ളു. അപ്പോൾ അവരുടെ മനസിൽ മിന്നിമാഞ്ഞുകൊണ്ടിരുന്ന ഒരു ഭൂതകാലത്തിലെ, ഉത്തരവാദിത്വമില്ലാത്ത മാതൃത്വത്തെ അവർ സ്വയം ശപിക്കുന്നത് അവനറിഞ്ഞില്ല.

“മാഡം സോറി,”

“ഏയ്, ഇല്ല മോനെ…,”

മാനസി വേഗം തന്റെ കണ്ണുകൾ തുടച്ചു.

“ശരി, നിന്നെ ഉപേക്ഷിച്ച് പോയ അമ്മയെ നീ തിരയുന്നതെന്തിനാണ്.?”

“അമ്മ എന്നെ ഉപേക്ഷിച്ച് പോയതല്ല. അച്ഛന്റെ കൈകളിൽ നിന്നും അമ്മയ്ക്ക് എന്നെ രക്ഷിക്കാനാവാതെ പോയതാണ്. ഒരു പക്ഷെ പിറക്കാനിരുന്ന കുഞ്ഞവാവയെ ഓർത്തായിരിക്കാം അവരങ്ങനെ ചെയ്തത്. എന്നെ എന്റെ അമ്മയ്ക്ക് ഒരുപാടിഷ്ടമായിരുന്നു മാഡം.”

അവന്റെ കണ്ണുകൾ നിറഞ്ഞുകൊണ്ടേയിരുന്നു.

ആ വാക്കുകൾ തന്നിൽ ഏൽപ്പിച്ച വേദന മറച്ചുപിടിക്കാൻ
മനാസി ആ പുസ്തകത്തിന്റെ താളുകൾ പതിയെ മറിച്ചു.

“ഇനിയുമൊരു ജന്മമതിലെങ്കിലും നിൻ,
കാലടികൾ നോവാതെ കാത്തിടാനായ്,
പത്തുമാസം പത്മമായെന്നെ ചുമന്നവൾ
നിൻ കാലണികളായ് നിന്നെ ചുമന്നിടാനായ്,
തരികവരമിനിയുമാ മാതൃഹൃദയത്തിൽ
മകനായി വീണ്ടുമൊരു പിറവി കൊണ്ടിടാനായ്”

ഒരു പതിനാലു വയസുകാരന്റെ മനസാണ് ആ വരികൾ

മാനസി അവന്റെ മുഖത്തേയ്ക്ക് ഇമവെട്ടാതെ നോക്കിയിരുന്നു. പിന്നെ, നിറഞ്ഞ കണ്ണുകൾ അവൻ കാണാതെ തുടച്ചു.

“നീ ഇവിടെ, ?”

“എനിക്ക് പഠിക്കണം. അവിടെ, അച്ഛന്റെ അരികിൽ നിന്നുകൊണ്ട് അത് സാധ്യമല്ലെന്ന് മനസിലായി. പുതിയ അമ്മയ്ക്ക് എന്നെ ജോലിയ്ക്കയച്ച് സമ്പാദിക്കാനായിരുന്നു താൽപര്യം. വീട് വിട്ടിറങ്ങി. ഒരു സുഹൃത്തിന്റെ അച്ഛൻ വഴി കരുണ ഇല്ലത്തിൽ എത്തി. അച്ഛനും, അമ്മയും ഉപേക്ഷിച്ച എന്നെപ്പോലെ എത്രയോ ശാപജന്മങ്ങളുണ്ടവിടെ.

സയൻസ് ആണ് ഇഷ്ട വിഷയം. അത് ഇവിടെയാണ് കിട്ടിയത്. നല്ലവരായ കുറേ ടീച്ചേഴ്സിന്റെ സഹായത്താൽ പഠനം മുന്നോട്ട് പോകുന്നു.

ചിലർ പറയുന്നു അമ്മ മരിച്ചെന്ന്, ചിലർ പറയുന്നു കല്ല്യാണം കഴിച്ച് എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന്.ഞാൻ അനാഥനാണോ, അല്ലയോ എന്ന് എനിക്കറിയില്ല മാഡം.”

അവന് നിറഞ്ഞ കണ്ണുകളെ നിയന്ത്രിക്കാനായില്ല.

“ഇപ്പോൾ ഒന്നും ചെയ്യാനാവാതെ പലരുടേയും നിയന്ത്രണത്തിലാണു ഞാൻ, പഠിച്ച് ജോലി നേടണം. എന്നും സ്വപ്നത്തിൽ വരാറുള്ള അമ്മയെ സ്വതന്ത്രനായി തിരയണം.പിന്നെ എന്റെ രചനകളേയും, അമ്മയേയും ലോകത്തിന് മുൻപിൽ കൊണ്ടുവരണം. അമ്മേ…, എന്ന് അവരെ ഒന്നുറക്കെ വിളിക്കണം.

ഹരിത അവളെന്റെ ആത്മ സുഹൃത്താണ്, അല്ലാതെ മാഡം കുരുതുന്ന പോലെ…”

“സോറി, ഞാൻ…”

“സാരമില്ല മാഡം, എന്നെക്കുറിച്ച് ഒന്നും അറിയാത്തതുകൊണ്ടല്ലേ, ഒരനാഥന് അങനെയുള്ള ആഗ്രഹങ്ങൾ ഒന്നും പാടില്ലെന്ന് എനിക്കറിയാം.”

മാനസി കുറ്റബോധം കൊണ്ട് തലകുനിച്ചു. എന്തൊക്കെയോ പറയാനൊരുങ്ങി. പക്ഷെ ഒന്നും പറയാനാവാതെ വാക്കുകൾ ഉൾവലിഞ്ഞു. കർണ്ണന്റെ മുന്നിൽ നിൽക്കുന്ന കുന്തിയെ അനുസ്മരിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു അത്.

അവരുടെ മൗനം സണ്ണിയെ കൂടുതൽ അസ്വസ്ഥനാക്കി.

“ഞാ….ഞാൻ അമ്മേ, എന്ന് ഒരു തവണ വിളിച്ചോട്ടെ?”

വാക്കുകൾ തോറ്റുപിൻമാറിയ ആ നിമഷങ്ങളിൽ മാനസി അവനെ ചേർത്തു പിടിച്ചു. തെരു തെരെ ചുംബിച്ചു. കെട്ടിപ്പുണർന്നു. അറിയാതെ അവന്റെ വായിൽ നിന്നും ആ പരമ പദം പലതവണ കണ്ണുനീർ തുള്ളിയുമായി വീണുടഞ്ഞു.

അമ്മ..അമ്മ…അമ്മ

മാനസി അവനെയും കൂട്ടി കാറിൽ കയറി

കുറേ സമ്മാനങ്ങളും, പലഹാരങ്ങളും എല്ലാം വാങ്ങി. ഒരുമിച്ച് ഭക്ഷണം കഴിച്ചു.കൈയ്യിൽ കുറച്ച് രൂപയും നൽകി. സണ്ണിയുടെ ജീവിതത്തിലെ സ്വപ്നതുല്ല്യമായ ചില മണിക്കൂറുകൾക്കൊടുവിൽ സന്ധ്യയ്ക്ക് മുൻപ് കാറ് കരുണ ഇല്ലത്തിന്റെ പടിവാതിൽക്കൽ എത്തി.

“മാഡം ഇറങ്ങുന്നില്ലേ?”

കാറിൽ നിന്നും ഇറങ്ങുമ്പോൾ സണ്ണി ചോദിച്ചു.

“ഇല്ല,പിന്നെയൊരിക്കലാവാം.”

എന്നു പറഞ്ഞെങ്കിലും മാനസിയുടെ ചങ്ക് പറിച്ചെടുത്തായിരുന്നു സണ്ണി ഇറങ്ങിയതെന്ന് അവനറിഞ്ഞില്ല.

കാറിൽ നിന്നിറങ്ങി അവൻ ചോദിച്ചു.

“മാഡം, ഒന്നു ചോദിച്ചോട്ടെ?”

അവർ നിറഞ്ഞ കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി

“ഈ മാതൃത്വത്തിന് വേറെ അവകാശികൾ ഉണ്ടോ?

“ഉണ്ട്, ഒരു മോളുണ്ട്”

ആ ഉത്തരം നൽകാൻ മാനസി ഒരുപാട് സമയമെടുത്തു.
പറഞ്ഞൊപ്പിച്ചുവെങ്കിലും ആ ചോദ്യത്തിന് മുന്നിൽ മാനസി ശരക്കും തളർന്നുപോയിരുന്നു. കാറിൽ നിന്ന് ഇറങ്ങി നടക്കാനൊരുങ്ങിയ സണ്ണിയെ മാനസി തിരികെ വിളിച്ചു.
തനിക്കരികിലെത്തിയ സണ്ണിയുടെ കൈകൾ തന്റെ കയ്യിൽ എടുത്തു. ആ കണ്ണുകൾ നിറഞ്ഞ് അവന്റെ കൈകളിലേക്ക് പതിച്ചു.

“സോറി എന്നോടിത്തിരി അടുപ്പം കാണിച്ച മാഡത്തിനും ഈ കണ്ണുനീരെ എനിക്ക് നൽകാൻ കഴിഞ്ഞുള്ളു.”

“ഇല്ല, മോനെ, ഇത് സന്തോഷം കൊണ്ടല്ലെ?, നീ പഠിച്ച് മിടുക്കനാവണം. അതിന് വേണ്ടുന്നതെല്ലാം ഞാൻ ചെയ്യാം. നിന്റെ ലക്ഷ്യങ്ങളിലെത്താൻ നിനക്കിനി ഒരു തടസവും ഉണ്ടാവില്ല. നിന്റെ കവിതകൾ നിന്റെ സ്വന്തം പുസ്തകമായി തന്നെ നിന്റെ കൈകളിൽ എത്തും. അനാഥനെന്ന തോന്നൽ ഉണ്ടാവുമ്പോൾ ഓർക്കുക ആത്മധൈര്യമാണ് അമ്മ, മുന്നിലുള്ള ലക്ഷ്യമാണ് അച്ഛൻ. നീ വിജയിക്കും.”

മാനസി അവന്റെ കൈകളിൽ ആത്മധൈര്യത്തിന്റെ ചൂടു പകർന്നു. നിറുകയിൽ കൈവച്ചനുഗ്രഹിച്ചു.കവിളിൽ ചുംബിച്ചു. അവൻ നടന്നകലുന്നതും നോക്കി ആ കാറിൽ ചാരി നിൽക്കുമ്പോൾ കുറ്റബോധങ്ങളുടെ ഘോഷയാത്രയായിരുന്നു ആ മനസിൽ. ഇനിയൊരിക്കലും തിരുത്താനാവാത്ത ഒരു രചനപോലെ ഭൂതകാലം മനസിനെ കുത്തിനോവിക്കാൻ തുടങ്ങിയിരുന്നു.

ആ രാത്രി ലളിതാമ്മയോട് വിശേങ്ങൾ പറഞ്ഞ്, സമ്മാനങ്ങളെല്ലാം കൂട്ടുകാരുമായി പങ്കുവച്ച് തന്റെ എഴുത്തുകൾ മാസികകളിൽ അച്ചടിമഷി ചാർത്തുന്നതും സ്വപ്നം കണ്ട് മാനസി എന്ന വലിയ എഴുത്തുകാരി സമ്മാനിച്ച ഏതാനും നിമിഷങ്ങളുടെ വിസ്മയ ലോകത്ത് സണ്ണി പല തവണ പാറി പറന്നു. ഇനിയും ഇടയ്ക്ക് ആ സ്നേഹം തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയ്ക്ക് വിത്തു പാവി കണ്ണുകൾ പൂട്ടി.

പതിവു പോലെ അലാറം പുതിയ ദിവസത്തിന് തുടക്കം കുറിച്ചു.തൂവാലയെടുത്ത് കണ്ണിൽ ചേർത്തു പിടിക്കാനൊരുങ്ങുമ്പോൾ ലളിതാമ്മ എത്തി.

“സണ്ണി…”

അവർ കരയുന്നുണ്ടായിരുന്നു. കൈയ്യിൽ കരുതിയ ന്യൂസ്പേപ്പർ സണ്ണിക്കു നേരെ നീട്ടി. അവന് ഒന്നും മനസിലായില്ല. മുഖത്ത് പരിഭ്രമം മാത്രം.

സണ്ണി പതിയെ ആ പേപ്പറിന്റെ ഏടുകൾ മറിച്ചു.

########### ########## ##########

പ്രശസ്ത എഴുത്തുകാരി മാനസി ആത്മഹത്യ ചെയ്തിരിക്കുന്നു. മാനസി എന്നത് ഇവരുടെ തൂലികാ നാമമാണ്. കടുത്ത മാനസ സംഘർഷമാണ് മരണകാരണമെന്ന് കരുതുന്നു. എല്ലാ സ്വത്തുവകകളും കരുണ ഇല്ലം എന്ന അനാഥാശ്രമത്തിനും മറ്റുമായി എഴുതി വച്ചതായി ആത്മഹത്യകുറുപ്പിൽപറയുന്നു.

സണ്ണി കത്തുന്ന കണ്ണുകളോടെ നിർവികാരനായി ലളിതാമ്മയെ നോക്കി. ആ നോട്ടത്തിന് വ്യക്തവും, അവ്യക്തവുമായ പല നിർവചനങ്ങളുണ്ടായിരുന്നു. സണ്ണി തോമസ് എന്ന അനാഥൻ, അനാഥനായ കഥ ഒരുപക്ഷെ തുടങ്ങുന്നത് ഇവിടെ വച്ചായിരിക്കാം.

അതെ, ചില ജന്മങ്ങൾ അങ്ങനെയാണ് നീറിപ്പുകയാൻ മാത്രംവിധിച്ചവർ.
കുമിളകൾപോലെ മുന്നിലെത്തുന്ന കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളും, രൂപങ്ങളും അൽപമാത്രയിൽ ഉടഞ്ഞില്ലാതാകുന്ന പ്രതീക്ഷകൾതൻ ഉടമകൾ.