ഇയാൾ ഒരു നിമിഷം പോലും സ്വാതന്ത്ര്യത്തിന്റെ കാറ്റ്, ലോക്ക്ഡൗണിന്റെ പേരിൽ ഇനി അനുഭവിച്ച് കൂടാ

ഇസ്മായിൽ കാപ്പൂർ
കഴിഞ്ഞ ഏതാനും ദിവസങ്ങളായി എന്റെ ഈ ഫേസ്ബുക്ക് വാൾ ഉപയോഗിക്കപ്പെടുന്നത് പ്രിയങ്കരനായ മുഖ്യമന്ത്രി സ: പിണറായി വിജയനെ അകമഴിഞ്ഞ് പിന്തുണക്കാനും യൂഡിഎഫ്, ബിജെപി, മറ്റ് ഇടത് വിരുദ്ധർ എന്നിവർ നടത്തുന്ന കള്ളപ്രചാരണങ്ങളെ തുറന്ന് കാണിക്കാനുമാണ്…

എന്നാൽ ഈ വിഷു ദിനത്തിൽ കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ ഒരു പരാജയത്തെ തുറന്ന് കാണിക്കാനാണ് ഈ പോസ്റ്റ് ഉപയോഗിക്കുന്നത്….
*******************************
ആരാധ്യയായ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചറുടെ സ്വന്തം നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇന്നലെ കേട്ട വാർത്ത കരളലിയിക്കുന്നത് മാത്രമല്ല മനുഷ്യത്വമുള്ള ആരേയും ഞെട്ടിക്കുന്നതുമാണ്….

കണ്ണൂർ ജില്ലയിലെ പാനൂരിൽ കേവലം ഒൻപത് വയസ്സ് മാത്രം പ്രായമുള്ള ഒരു നാലാം ക്ലാസുകാരിയെ അവളുടെ അധ്യാപകൻ സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്ന വാർത്ത സത്യത്തിൽ ആദ്യം അവിശ്വസനീയമായി തോന്നി…. കേസിന് പിന്നിൽ രാഷ്ട്രീയ വൈരം ആണെന്ന ഒരു ആംഗിൾ കൂടി കേട്ടപ്പോൾ കാര്യം കൂടുതൽ അന്വേഷിച്ച് അങ്ങനെ അല്ല എന്ന് ബോധ്യപെട്ടതിന്റെ അടിസ്ഥാനത്തിൽ ആണീ പോസ്റ്റ്…
**********************************
ബി ജെ പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും, ബിജെപി നേതൃത്വത്തിലുള്ള അധ്യാപക സംഘടനയുടെ കണ്ണൂർ ജില്ലാ നേതാവുമായ പത്മരാജൻ എന്ന പപ്പൻ മാഷാണ് കേസിലെ പ്രതി.

ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കേരളാ പോലീസിന് കഴിഞ്ഞിട്ടില്ല എന്നത് ഗുരുതരമായ കൃത്യവിലോപമാണ് എന്ന കാര്യത്തിൽ തർക്കമില്ല.

ഇക്കഴിഞ്ഞ ജനുവരി- ഫെബ്രുവരി മാസ കാലയളവിൽ മൂന്ന് തവണ ഇയാൾ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട് എന്ന് പറയുന്നു. കടുത്ത മാനസികസമ്മർദ്ദത്തിലൂടെ കടന്ന് പോയ കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചപ്പോഴാണ് ബന്ധുക്കൾ വിവരമറിയുന്നത്.

പിതാവ് നേരത്തെ മരണമടഞ്ഞതിനാൽ മാതാവിന്റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്. കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും മൊഴിയുണ്ട്.

കുട്ടി പീഡനം നേരിട്ടതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ജഡ്ജിക്ക് മുന്നിൽ കുട്ടി 164 സ്റ്റേറ്റ്മെന്റും നൽകിയിട്ടുണ്ട്.

കേസിന്റെ ചുമതലയുള്ള ഡിവൈഎസ്പി ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ കേസ് ജനൂവിൻ ആണെന്നും പ്രതിക്കെതിരെ തെളിവുകൾ ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഈ അധ്യപകനെതിരെ നേരത്തെയും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിട്ടുണ്ട് എന്നാണ് പ്രദേശ വാസികൾ പറയുന്നത്.

കേസിൽ ഈ വ്യക്തിയുടെ സഹപ്രവർത്തകൻ ആയ മറ്റൊരു അധ്യാപകന്റെ പങ്കിനെക്കുറിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടിയും, മാതാവും, സഹപാഠികളും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്.

കൊറോണ വ്യാപനവും തുടർന്ന് വന്ന ലോക് ഡൗണുമാണ് അറസ്റ്റ് നീണ്ട് പോകാൻ കാരണമെന്നാണ് പാനൂർ പോലീസിന്റെ ഭാഷ്യം.
**********************************

ഇനി പറയാനുള്ളത് സംസ്ഥാന ആഭ്യന്തര മന്ത്രി സ: പിണറായി വിജയനോടാണ്.

ഈ കൊറോണ കാലത്ത് സമാനതകളില്ലാത്ത നേതൃപാടവമാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ അങ്ങ് കാഴ്ചവെക്കുന്നത്. രാഷ്ട്രീയ ഭേദമെന്ന്യേ ഏവരുടെയും അതിരുകളില്ലാത്ത പിൻതുണയും അതിൽ അങ്ങേക്ക് ലഭിക്കുന്നുമുണ്ട്. അത് ഇനിയും തുടരും…

പക്ഷേ,

മുൻപ് പല തവണ പറഞ്ഞിട്ടുള്ളത് പോലെ, അങ്ങയുടെ അഭ്യന്തര വകുപ്പ് ഒരു പരാജയം തന്നെയാണ്.

കേവലം ഒരു പോസ്കോ കേസ് പ്രതിയെ വിലങ്ങ് വെക്കാനുള്ള ഫോലീസുകാരുടെ വൈമുഖ്യത്തിന്റെ പേരിൽ അങ്ങയുടെ യശസ്സിന് കളങ്കമേൽക്കുന്നത് ഒട്ടും ആശ്വാസ്യകരമല്ല.

കണ്ണൂരിൽ ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ പൊതു നിരത്തിൽ ഏത്തമിടീക്കാൻ ഉത്സാഹം കാണിച്ച അങ്ങയുടെ ജില്ലാ പോലീസ് മേധാവിയോട് ചോദിക്കണം സർ,

ഈ നരാധമനെ പിടികൂടാനുള്ള സാങ്കേതിക ബുദ്ധിമുട്ട് എന്താണെന്ന്…

പോസ്കോ കേസിൽ ഇരയുടെ മൊഴി മാത്രം തെളിവായി എടുത്ത് നടപടി സ്വീകരിക്കാം എന്നിരിക്കെ എന്തിനാണ് പാനൂർ പോലീസ് ആ കുട്ടിയെയും കുടുംബത്തെയും തെളിവെടുപ്പിന്റെ പേരിൽ വീണ്ടും വീണ്ടും ദ്രോഹിക്കുന്നത് എന്ന്…..

ഈ കോവിഡ് കാലത്ത് ലോക മാധ്യമങ്ങൾ പോലും പുകഴ്ത്തുന്ന ഞ്ഞങ്ങളുടെ പ്രിയ മുഖ്യമന്ത്രിയുടെ യശ്ശസിന് കളങ്കം ചാർത്തുന്ന ഒരു നടപടി അഭ്യന്തര വകുപ്പിൽ നിന്നും ഉണ്ടാകാൻ പാടില്ല സർ…

ഒരു പിഞ്ചു കുഞ്ഞിനെ പിച്ചി ചീന്തിയ നികൃഷ്ട ജീവി ഇനി ഒരു നിമിഷം പോലും സ്വാതന്ത്ര്യത്തിന്റെ കാറ്റ്, ലോക്ക്ഡൗണിന്റെ പേരിൽ ഇനി അനുഭവിച്ച് കൂടാ സർ….

അങ്ങയുടെ ശക്തമായ ഇടപെടൽ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു….

ഫോട്ടോ: പ്രതി സ്ഥാനത്തുള്ള പത്മരാജൻ എന്ന പപ്പൻ.