ഇന്നത്തെ സന്ധ്യ(കവിത -ജമീല മേരി)

ശബ്ദകോലാഹലങ്ങ-
ളില്ലാത്ത സന്ധ്യക-
ളേറെക്കൊതിച്ചതാണെങ്കിലും,
പക്ഷിതൻ ജല്പനം കേൾക്കാൻ
ആർത്തിപൂണ്ടതാണെങ്കിലും,
മർമ്മരങ്ങളെ സൗഭഗങ്ങളായ്-
ക്കാത്തിരുന്നതാണെങ്കിലും…

ആരവങ്ങളില്ലാതെ നഗരമെൻ
മുന്നിലായിന്നു നിൽക്കവെ,
മ്ലാനതയറിയുന്നിതെൻ മനം
വ്യാധിതൻ നിഴൽപ്പാടിതിൽ.

നാളെയീ ദുരിതപർവ്വം
കടന്നു നാമെത്തും
വിജയവീഥിയിൽ,
കൂടെയുണ്ടായിരിക്കട്ടെ-
ശാന്തമീ സായംസന്ധ്യകൾ.
നിത്യവും കണിയൊരുക്കട്ടെ
മുഗ്ദ്ധമാമുഷസ്സുകൾ.
സഫലമായീടട്ടെ ഭൂമിത-
ന്നുർവരമാം സ്വപ്നങ്ങൾ.
…………………………………
ജമീല മേരി