ലോക്ഡൗണ്‍ ഇളവില്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പുറത്തിറക്കി. ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. അതേസമയം ഹോട്ട്‌സ്‌പോട്ടായി തിരിച്ച പ്രദേശങ്ങളിലൊന്നും ഇളവുകള്‍ ബാധകമല്ല.

പൊതുഗതാഗതം സംവിധാനത്തിനടക്കം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടര്‍ന്നുകൊണ്ടാണ് പുതിയ ഉത്തരവ്.

എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ബല്ല കത്തയയ്ക്കുകയും ചെയ്തു.

2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കണമെന്നു കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

1. പൊതുഗതാഗത സംവിധാനങ്ങള്‍ അനുവദിക്കില്ല

2. ഏപ്രില്‍ 20നു ശേഷം മെഡിക്കല്‍ ലാബുകള്‍ തുറക്കാം

3. കാര്‍ഷികവൃത്തിക്ക് തടസ്സമുണ്ടാവില്ല, ചന്തകള്‍ തുറക്കാം

4. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ അടഞ്ഞുകിടക്കും.

5. തിയറ്റര്‍, ബാര്‍, ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍ എന്നിവ അടഞ്ഞുകിടക്കും.

6. ആരാധാനാലയങ്ങള്‍ തുറക്കരുത്

7. സംസ്‌കാര ചടങ്ങുകളില്‍ 20 പേരേ മാത്രം പങ്കെടുപ്പിക്കാം.

8. ഐടി സ്ഥാപനങ്ങള്‍ 50% ജീവനക്കാരുമായി തുറക്കാം. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ 33% ജീവനക്കാരെ അനുവദിക്കും

9. ആംബുലന്‍സുകള്‍, കൊയ്ത്ത്, മെതിയന്ത്രങ്ങളുടെ സംസ്ഥാനന്തര യാത്ര അനുവദിക്കും.

10. കോഴി, മത്സ്യ, ക്ഷീര കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും യാത്രാനുമതി.

11. തേയില, റബര്‍, കാപ്പിത്തോട്ടങ്ങള്‍, കശുവണ്ടിസംസ്‌കരണ കേന്ദ്രങ്ങള്‍ തുറക്കാം. 50%
ജീവനക്കാര്‍ മാത്രം

12. ഗോശാലകളും മറ്റു മൃഗസംരക്ഷണ കേന്ദ്രങ്ങളും തുറക്കാം.

13. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികള്‍ നടത്താം.