പിസ വിതരണക്കാരന് കോവിഡ്; 72 കുടുംബങ്ങളെ ക്വാറന്റൈനിലാക്കി

ന്യൂഡല്‍ഹി: പിസ വിതരണ ജോലിക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ 72 കുടുംബങ്ങളെ ക്വാറന്റൈനിലാക്കി. ഇയാള്‍ പിസ വിതരണം ചെയ്‌തെന്ന് കണ്ടെത്തിയ 72 വീടുകളിലുള്ളവരെയാണ് നിലവില്‍ നിരീക്ഷണത്തിലാക്കിയത്.

സൗത്ത് ഡല്‍ഹിയിലെ മാള്‍വിയ നഗറില്‍ ഇയാള്‍ക്കൊപ്പം ജോലി ചെയ്ത 16 പേരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിരീക്ഷണത്തിലുള്ള ആരെയും ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ല. എല്ലാവരോടും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനാണ് ആവശ്യപ്പെട്ടത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍തന്നെ പരിശോധന നടത്തുമെന്നും സൗത്ത് ഡല്‍ഹി ജില്ലാ മജിസ്‌ട്രേറ്റ് ബിഎം മിശ്രയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. മാര്‍ച്ച് അവസാനവാരം വരെ ഇയാള്‍ പിസ വിതരണം ചെയ്തിരുന്നതായാണ് വിവരം.