കൊറോണക്കാലം കഴിയുമ്പോൾ കേരളം എങ്ങനെ പിടിച്ചു നിൽക്കണം

കൊറോണക്കാലം കഴിയുമ്പോൾ കേരളത്തിന്റെ നികുതി വരുമാനം മൂന്നിലൊന്നായി കുറയാന്‍ സാധ്യതയുണ്ട്.ചെലവ് കര്‍ശനമായി വെട്ടിച്ചുരുക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഖജനാവ് കാലിയാകും ഒരിക്കലും തിരിച്ചു കയറാനാകാതെ അഗാധ ഗര്‍ത്തത്തിലേക്ക് വീഴും .കൊറോണ വൈറസ് ലോക്ക് ഡൗണ്‍ മൂലം വ്യാപാര വാണിജ്യ മേഖല കഴിഞ്ഞ ഒരുമാസമായി അടഞ്ഞു കിടക്കുന്നു.

അടുത്ത ഒരു മാസം കൂടി അടഞ്ഞുകിടക്കുകയോ അതിനു സമാനമായ അവസ്ഥയിലോ ആയിരിക്കും പിന്നെയും 2 മാസമെങ്കിലുമെടുക്കും ഇതെല്ലാം പൂര്‍വ്വസ്ഥിതിയിലാകാന്‍.ഇപ്പോള്‍ തുറന്നിരിക്കുന്ന കടകളൊക്കെ നികുതി വരുമാനം നന്നായി ലഭിക്കുന്ന മേഖലകളല്ല.

സ്വര്‍ണം, വെള്ളി തുണിക്കട എന്നിവയൊക്കെയാണ് ഖജനാവിലേക്ക് വില്‍പനനികുതി ഇനത്തില്‍ വരുമാനം തരുന്ന മേഖലകള്‍.
4 മാസത്തെ കച്ചവട നഷ്ടം എന്നുവച്ചാല്‍ 4 മാസത്തെ നികുതി വരുമാന നഷ്ടം എന്നാണർത്ഥം.സംസ്ഥാന നികുതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന 67, 420 കോടിയുടെ മൂന്നിലൊന്ന് ആവിയായി പോകും എന്ന് ചുരുക്കം.

അതായത് പിരിഞ്ഞുകിട്ടാന്‍ സാധ്യതയുള്ളത് 67, 420 കോടിക്ക് പകരം 44, 720 കോടി രൂപ മാത്രമായിരിക്കും .അങ്ങനെ വന്നാല്‍ വണ്ടി നേരെചൊവ്വേ ഓടണമെങ്കില്‍ ബാക്കി 22, 700 കോടി രൂപ കൂടി കടമെടുക്കണം.ഇതില്‍ നിന്നും കരകയറാന്‍ മുഖ്യമന്ത്രിയോ ധനകാര്യ മന്ത്രിയോ ജനങ്ങളെ ചിരിച്ചു കാണിച്ചാലോ കടക്കു പുറത്തെന്ന് പറഞ്ഞാലോ പറ്റില്ല .

ഇനി നികുതികള്‍ കൂട്ടി സാധാരണ ക്കാരനെ പിഴിയാമെന്നുവച്ചാല്‍ അതും നടക്കുമെന്ന് തോന്നുന്നില്ല .കാരണം സാധാരണക്കാരനും ജീവിക്കാന്‍ പോലുമുള്ള വരുമാനം കുറയും.ഇനി സർക്കാരിന്റെ മുന്നില്‍ ആകെയുള്ള പോംവഴി ചെലവ് ചുരുക്കുക എന്നുള്ളതാണ് .ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശബളവും പെന്‍ഷനും വെട്ടിക്കുറക്കണം .മന്ത്രിമാര്‍ മുതല്‍ പഞ്ചായത്തു മെബര്‍മാര്‍ വരെയുള്ളവരുടെ ശബളവും അലവന്‍സുകളും വെട്ടിക്കുറക്കണം .

ഇങ്ങനെയൊരു ധീരമായ നടപടി കൈക്കൊണ്ടാല്‍ ഒരു പരിധിവരെ പിടിച്ചുനില്‍ക്കാനാകും .ഇതൊരു താല്‍ക്കാലിക ആശ്വാസമല്ല ഭാവിയിലേക്കുള്ള ഒരു കരുതല്‍ കൂടിയാണ്

ഏറ്റവും ഒടുവിലത്തെ 2020 ജനുവരി കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് താല്‍ക്കാലിക ജീവനക്കാരുള്‍പ്പെടെ 5 ,21,531 സര്‍ക്കാര്‍ ജീവനക്കാരാണ് ഉള്ളത്.അതില്‍ 1,39 ,669 പേര്‍ എയിഡഡ് മേഖലയിലെ വിദ്യാഭ്യാസ ജീവനക്കാരാണ്.5,21,531 ജീവനക്കാര്‍ക്ക് ശബളം നല്‍കാൻ സർക്കാർ ചിലവാക്കുന്നത് 32, 931 കോടി രൂപയാണ്.ഒരു ജീവനക്കാരന്റെ ശരാശരി ശബളം 6.31 ലക്ഷം രൂപ.അതായത് പ്രതിമാസ ശരാശരി മാസ ശബളം 52,619 രൂപ.സര്‍ക്കാരിലെ ഏറ്റവും കുറഞ്ഞ ശബളം 19,800 രൂപയാണ് .

2014 ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വന്ന ശബള പരിഷ്‌കരണ ഉത്തരവു പ്രകാരം ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശബളം 16,500 രൂപയും ഏറ്റവും കൂടിയത് 93,000 രൂപയും 20% DA യും കൂടിയതാണ്.ഒരു ലക്ഷത്തിനു മുകളില്‍ അടിസ്ഥാന ശംബളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്.അതിനായി ചിലവഴിക്കുന്ന 32,931 കോടി രൂപ 2022-23ല്‍ അടുത്ത ശബള വര്‍ദ്ധനവില്‍ 45,544 കോടി രൂപയായി ഉയരും.

അപ്പോഴത്തെ കണക്ക് എന്തായിരിക്കും.ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 4,59,432 സര്‍ക്കാര്‍ പെന്‍ഷന്‍കാരുണ്ട്.
അകെ പെന്‍ഷന്‍ ചിലവ് 20,970 കോടി രൂപ.അങ്ങിനെ നോക്കിയാല്‍ ശരാശരി പെന്‍ഷന്‍ 4,56,433 രൂപ പ്രതിമാസ ശരാശരി പെന്‍ഷന്‍ 38,036 രൂപ.ഒരു കുടുംബത്തിന് ഒരുമാസം ജീവിക്കാനുള്ള തുക ശബളമായി കൊടുക്കുക .ആയതിനാല്‍ മുപ്പതിനായിരം രൂപ വരെ ശബളം വാങ്ങിക്കുന്നവരെ ഒഴിവാക്കുക,അതിനു മുകളില്‍ വാങ്ങുന്നവരെ കട്ട് ചെയ്യുക .സംസ്ഥാനത്ത് ആകെയുള്ള 5,21,531 സര്‍ക്കാര്‍ ജീവനക്കാരില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിച്ചു നിര്‍ത്തിയാല്‍ 30,000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ 62,000 പേര്‍ മാത്രമാണ്.അതു കൊണ്ടു തന്നെ 30,000 രൂപയുടെ മുകളില്‍ മൊത്തം ശബളം അതായത് (ബേസിക്‌ + ഡി എ + അലവന്‍സ് ) വാങ്ങുന്നവരില്‍ നിന്നും ഓരോ അധിക 10,000 രൂപക്കും 7,000 രൂപ വച്ച്‌ കുറക്കുക.എന്നാല്‍ പൊലീസ്, ആരോഗ്യമേഖലകളില്‍ പ്രവൃര്‍ത്തിക്കുന്നവരെ ഈ ശബളക്കുറവില്‍ നിന്ന് ഒഴിവാക്കാവുന്നതാണ്.

ഒരു വീട്ടില്‍ രണ്ടു പെന്‍ഷന്‍കാര്‍ ഉണ്ടെങ്കില്‍ ഒരെണ്ണം റദ്ദാക്കുക,
ഒരു കുടുബത്തിലെക്കുള്ള പരമാവധി പെന്‍ഷന്‍ 15,000 രൂപ മാത്രമാക്കുക.
കേരളത്തിലെ 86 ലക്ഷം കുടുംബങ്ങളില്‍ 21 ലക്ഷം കുടുംബങ്ങള്‍ക്ക് മാസവരുമാനം 5000 രൂപയില്‍ താഴെയും,മറ്റൊരു 40 ലക്ഷം കുടുംബങ്ങളുടെ പ്രതിമാസ വരുമാനം 5000നും 10,000 നും ഇടയിലാണെന്ന കാര്യം വിസ്മരിക്കരുത്.പിന്നെയുള്ള 26 ലക്ഷം കുടുംബങ്ങളില്‍ 16 ലക്ഷം കാര്‍ഷിക കുടുബങ്ങളുടെ പ്രതിമാസ വരുമാനം 5000 രൂപയില്‍ താഴെയാണെന്ന സത്യം ഏല്ലാവരും അഗീകരിക്കണം.ചുരുക്കത്തില്‍ 10,000 രൂപക്കു മുകളില്‍ വരുമാനമുള്ളവര്‍ പത്തു ലക്ഷത്തില്‍ താഴെ മാത്രമാണ്.

അതു കൊണ്ടു തന്നെ 30,000 രൂപക്ക് മുകളിലുള്ളവരുടെ നിശ്ചിത ശതമാനം വെട്ടിക്കുറവു വരുത്തണമെന്നുള്ള നിര്‍ദ്ദേശവും പെന്‍ഷന്‍കാര്‍ക്ക് 15, 000 രൂപ പെന്‍ഷന്‍ ആയി നിജപ്പെടുത്തണമെന്നും, ഒരു കുടുംബത്തിലേക്ക് ഒരു പെന്‍ഷന്‍ മാത്രം എന്ന നിര്‍ദ്ദേശവും ജനാധിപത്യവിരുദ്ധമോ നീതിരഹിതമോ ആകുന്നില്ല.നേരെ മറിച്ച്‌ നമ്മുടെ ഭരണഘടന തന്നെ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആര്‍ട്ടിക്കിള്‍ 360 പ്രകാരം വിഭാവന ചെയ്തിട്ടുമുണ്ട്‌ .ഏതായാലും പ്രതിസന്ധികള്‍ മറികടക്കാന്‍ ഇങ്ങനെയുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കണം .ജീവനക്കാരുടെ സര്‍വീസ് സംഘടനകളൊക്കെ സമരമുറയുമായി രംഗത്തിറങ്ങും .അതിനെ ചങ്കൂറ്റത്തോടെ നേരിടണം .ഇവര്‍ ജോലി ചെയ്തില്ലെങ്കില്‍ ഈ ശബളത്തിന് പകരം ജോലിചെയ്യാന്‍ ചുറുചുറുക്കുള്ള അഭ്യസ്ത വിദ്യരായ അനേകം യുവതീ യുവാക്കളെ കിട്ടും .ബി എസ് എന്‍ എല്‍ ചെയ്തപോലെ സ്വയം വിരമിക്കല്‍ സിസ്റ്റം ഏര്‍പ്പെടുത്തണം .

അല്ലെങ്കില്‍ നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കി പിരിച്ചുവിടണം .
ഇങ്ങനെ ധീരമായ നടപടികളെടുത്താല്‍ സാധാരണ ജനം സര്‍ക്കാരിന്റെ കൂടെ നില്‍ക്കും ഉറപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ