കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് പൂര്‍ണമായി ഉപേക്ഷിച്ചെന്ന് പറയാനാകില്ല: ടിക്കാറാം മീണ

തിരുവനന്തപുരം : കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ പൂര്‍ണമായി ഉപേക്ഷിച്ചെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കൊവിഡ് 19 മൂലം തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ചില പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ സാഹചര്യം വിലയിരുത്തുമെന്നും വ്യക്തമാക്കി .

‘തെരഞ്ഞെടുപ്പ് നടത്തണം എന്നുണ്ടെങ്കില്‍ മേയ് അവസാന വാരത്തോടെയോ ജൂണ്‍ ആദ്യമോ നടത്തണം .മെയ് 3 ന് ശേഷമുള്ള സാഹചര്യം വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും . ഇതിനു മുന്‍പായി രാഷ്ട്രീയ കക്ഷികളുമായി ഇക്കാര്യത്തില്‍ ആലോചന നടത്തും’ – ടിക്കാറാം മീണ പറഞ്ഞു.

2021 മെയ് 25നാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രമുള്ള സമയത്ത് ഏതെങ്കിലും സീറ്റ് ഒഴിവു വന്നാല്‍ അവിടെ പിന്നെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടം. മെയില്‍ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ഈ മാസം അവസാനമോ മെയ് ആദ്യമോ എങ്കിലും വിജ്ഞാപനം പുറപ്പെടുവിക്കണം.

തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള കുട്ടനാട് ഉപതിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കുന്നതിനിടെയാണ് സംസ്ഥാനത്ത് കൊവിഡ് 19 പടര്‍ന്നുപിടിച്ചത് .