കോവിഡ്-19 വൈറസ് അമേരിക്ക ഒന്നാം സ്ഥാനത്ത്, പോസിറ്റീവ് കേസുകള്‍ 700,000 കടന്നു

  • മൊയ്തീന്‍ പുത്തന്‍‌ചിറ

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ്-19 വൈറസ് 700,000 കടന്നതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാള്‍ട്ടിമോര്‍ ആസ്ഥാനമായുള്ള സര്‍വ്വകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവുമധികം കോവിഡ്-19 കേസുകളും മരണങ്ങളും നടന്ന രാജ്യം അമേരിക്കയാണ്. 700,282 സ്ഥിരീകരിച്ച കേസുകളും 36,773 മരണങ്ങളുമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,856 മരണങ്ങളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ആഴ്ച ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം 3,778 മരണങ്ങളാണ് നടന്നത്.

യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം വെള്ളിയാഴ്ച രാത്രി വരെ 33,049 പേര്‍ മരിച്ചു. ഇതില്‍ 4,226 വൈറസ് ബാധിത മരണങ്ങളും ഉള്‍പ്പെടുന്നു.

കൊറോണ വൈറസ് പാന്‍ഡെമിക്കില്‍ അമേരിക്കയിലാണ് ലോകത്ത് ഏറ്റവുമധികം പേര്‍ മരണമടഞ്ഞത്. ഇറ്റലിയില്‍  22,745 മരണങ്ങളാണ് നടന്നത്. സ്പെയിനില്‍ 19,478 മരണങ്ങളും ഫ്രാന്‍സില്‍ 18,681 മരണങ്ങളും രേഖപ്പെടുത്തി.