സ്പ്രിംക്ലര്‍: വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമിതല്ല, അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം:മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കോവിഡ് മഹാമാരിയെ കേരളം നേരിടാന്‍ നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി. ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. വിവിധ ലോക ഏജന്‍സികള്‍, വികസിത രാജ്യങ്ങള്‍ എന്നിവ കേരളത്തെക്കുറിച്ച് മനസിലാക്കിയെന്നതുകൊണ്ടുതന്നെ ഇത്തരമൊരു നാടിനെ സഹായിക്കണമെന്ന് ചിന്തിക്കാനിടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19നെ ഫലപ്രദമായി നേരിട്ടതില്‍ സര്‍ക്കാരിന് സത്പേര് കിട്ടാന്‍ പാടില്ലെന്ന് കരുതുന്നവരാണ് ഏതെല്ലാം തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റുമെന്ന് ചിന്തിക്കുന്നത്. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോഴും മെല്ലെ തുടങ്ങി വരികയാണ്. ഇപ്പോള്‍ വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യും. അതിനെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോണ്‍ ബ്രിട്ടാസായിരുന്നു പരിപാടിയുടെ അവതാരകന്‍. ഞായറാഴ്ച രാത്രി 7.30നാണ് സംപ്രേക്ഷണം.