കോവിഡിനോട് പൊരുതിയ നാളുകൾ (ജെയിംസ് കുരീക്കാട്ടിൽ-മിഷിഗൺ)

രു സുഹൃത്തിന്റെ ഫോൺ വിളിയിലേക്കാണ് രാവിലെ ഉറക്കമുണർന്നത്. ” പുറത്ത് കുറച്ച് ഭക്ഷണം വച്ചിട്ടുണ്ട് “. മൂന്ന് വാക്കുകളിൽ കാര്യം പറഞ്ഞിട്ട് അവൻ ഫോൺ വെച്ചു. കോവിഡ് പിടിപെട്ട അന്നുമുതൽ കൂട്ടുകാരുടെ ഇത്തരം ഫോൺ കോളുകളാണ് രാവിലെ വിളിച്ചുണർത്തുന്നത് . ഭാര്യക്ക് കൂടി രോഗം
പിടിപെട്ടതോടെ ഒരു വലിയ ആശങ്ക ഉണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ കാര്യം ഇനി ആര് നോക്കും. ഇതിനിടയിൽ ഞങ്ങൾ രണ്ടു പേർക്കും എന്തെങ്കിലുംസംഭവിച്ചാൽ….?
പക്ഷെ കട്ടക്ക് നിൽക്കാൻ കുറച്ച് കൂട്ടുകാരുണ്ടായാൽ, ഏത് പ്രതിസന്ധിയെയും നേരിടുന്നത് കൂടുതൽ അനായാസം ആകുമെന്ന് വീണ്ടും തിരിച്ചറിയുകയായിരുന്നു.മിക്കവാറും ദിവസങ്ങളിൽ മൂന്ന് നേരവും ആരെങ്കിലും ഭക്ഷണം എത്തിക്കും. ചില നേരങ്ങളിൽ ഒന്നിലധികം പേർ കഞ്ഞിയും കറികളുമായി എത്തും. ചിലർ ഫോൺ വിളിച്ചു പറയും. ഭക്ഷണം പുറത്ത് വച്ചിട്ടുണ്ടെന്ന്. ചിലർ അത്രയും പോലും ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതിയാവും, ഒരു മെസ്സേജിൽ കാര്യം ഒതുക്കും.

മറഞ്ഞു നിൽക്കുന്ന സ്നേഹം
———————————-
ഒരു ദിവസം അജ്ഞാതനായ ഒരാൾ വാതുക്കൽ കുറച്ച് ഭക്ഷണം കൊണ്ട് വച്ചിട്ട് ഒന്നും മിണ്ടാതെ തിരികെപോയി. മോനാണ് പറഞ്ഞത്. Pappa, someone has left some food at the front door and walking back to his car. I cant
recognize who is it. ആരാവും? ഒരു പക്ഷെ മോൻ വാതുക്കലേക്ക് വരുന്നത്
കണ്ടത് കൊണ്ട് ശല്യപെടുത്തണ്ട എന്ന് കരുതി വിളിക്കാത്തതാവും. ആരാണതെന്ന് തിരഞ്ഞാൽ കണ്ടുപിടിക്കാവുന്നതേ ഉള്ളൂ. എന്നാലും വേണ്ടെന്ന് കരുതി. അയാൾ അജ്ഞാതനായി തന്നെ ഇരിക്കട്ടെ. ആരാണെന്ന് അറിഞ്ഞാൽ പിന്നെ ആ നന്മക്ക് കടം വീട്ടാനുള്ള കാത്തിരിപ്പാകും. ആരാണെന്ന് അറിയാത്തിടത്തോളം ആ ഒരാളെ ഏത്
കൂട്ടുകാരനിലും കാണുന്നതിന്റെ ഒരു സന്തോഷം ഉണ്ടാവുമല്ലോ.

പാതി തളർന്ന നിമിഷങ്ങൾ
——————————–
രോഗത്തോട് പൊരുതിയ നാളുകളിലെ അനുഭവങ്ങൾ കുറിക്കണമെന്ന് കരുതിയിരുന്നതാണ്എങ്കിലും ഇത് വരെ ഒന്നും എഴുതാൻ മനസ്സ് വന്നില്ല. എന്താണ് എഴുതേണ്ടത്.രോഗം വന്ന ധാരാളം മലയാളികൾ അമേരിക്കയിൽ തന്നെയുണ്ട്.ചിലർ വിധിക്ക് കീഴടങ്ങി. ചിലർ അതിജീവിച്ചു. അവരിൽ പലരും ഈ രോഗത്തിന്റെ ഭീകരതയെ വിവരിക്കുന്ന വീഡിയോസും വോയിസ് ക്ലിപ്പുകളും ഇപ്പോൾ തന്നെ നമ്മുടെ കമ്മ്യൂണിറ്റിയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ജീവ വായുവിന്റെ ഓരോ അറകളിലും
വൈറസുകൾ ആധിപത്യം നേടുന്നത് നെഞ്ചിൽ കനമായി വിങ്ങുമ്പോൾ അതിജീവിക്കുമോ എന്ന് ഭയപ്പെട്ട നിമിഷങ്ങൾ. അതൊക്കെ പക്ഷെ ആവർത്തിക്കുന്നതിൽ എന്ത് കാര്യം. എങ്കിലും ഈ നാളുകളിൽ ഉണ്ടായ ചില ചിന്തകളും രസകരമായ അനുഭവങ്ങളും പങ്ക് വെയ്ക്കാമെന്ന് കരുതി. ഈ അനുഭവങ്ങൾ രസകരമായി തോന്നുന്നത് ഇപ്പോൾ
മാത്രമാണ്കേട്ടോ. ആ നാളുകളിൽ അതെല്ലാം ഭീതി ജനിപ്പിച്ച അനുഭവങ്ങൾ
തന്നെയായിരുന്നു. രോഗം പിടിപെട്ടതിന്റെ നാലാം ദിവസമാണ്. രാവിലെ ആറ് മണിയോടെ ഉറക്കമുണർന്നു.എത്ര ശ്രമിച്ചിട്ടും കട്ടിലിൽ നിന്നും
എഴുന്നേൽക്കാൻ സാധിക്കുന്നില്ല. ഇടത് കൈ ചലനമറ്റ് മരവിച്ചിരിക്കുന്നു.
ഇടത് കാലും അനക്കാൻ സാധിക്കുന്നില്ല. സ്ട്രോക്ക് വന്നതായിരിക്കുമോ? എന്റെ ഇടത് വശം തളർന്നു പോയോ? ഭയം ഉള്ളിൽ കൊള്ളിയാൻ വീശി. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടേ ഉള്ളു. ഏതായാലും എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്താൻ നോക്കണം. ഭാര്യ ജോലി കഴിഞ്ഞ്‌ എത്തുമ്പോഴേക്കും എട്ട് മണിയാകും. അത് വരെ ഇങ്ങനെ കിടക്കാൻ പറ്റില്ല. 911 വിളിക്കണം.
പക്ഷെ Emergency Medical Service (EMS) എത്തുന്നതിന് മുംബ്‌ ഒരു കാര്യം
കൂടി ചെയ്യണം. മോളെ വിളിച്ച് ഒരു പാന്റ് സഘടിപ്പിക്കണം. ഇല്ലെങ്കിൽ
ലുങ്കി ഉടുത്തുകൊണ്ട് ഹോസ്പിറ്റലിൽ പോയ ആദ്യത്തെ അമേരിക്കൻ മലയാളിയാകും.വലത് കൈ കൊണ്ട് ഫോൺ എത്തിപ്പിടിക്കാൻ ഒരു ശ്രമം നടത്തി. അപ്പോൾ ഇടത് കാൽ ചെറുതായി അനങ്ങുന്നത് പോലെ ഒരു തോന്നൽ. വലത് കാൽ കൊണ്ട് പുതപ്പ് ചവിട്ടി നീക്കി. ഭാഗ്യം . ഇടത് കാൽ ഇപ്പോൾ ചലിപ്പിക്കാൻ സാധിക്കുന്നുണ്ട്.
അങ്ങനെയെങ്കിൽ സ്ട്രോക്ക് അല്ല. ഇടത് കൈ മാത്രമായി സ്ട്രോക്ക് വന്ന്
തളരില്ലല്ലോ.ഒരു പുതപ്പിനുവരെ എന്തൊരു ഭാരമാണ്. ഒരു വശത്തേക്ക് ഏറെ നേരം ചരിഞ്ഞ്‌ കിടന്നത് കൊണ്ട് കൈ മരവിച്ച്‌ പോയതാണ്. മരവിപ്പ് മാറിയതോടെ ഇപ്പോൾ ഇടതു കൈക്കും ബലം വന്നു. സ്ട്രോക്ക് അല്ല എന്ന് തിരിച്ചറിഞ്ഞതോടെ
മെഗാ മില്യൺ ലോട്ടറി അടിച്ച സന്തോഷമാണ് മനസ്സിൽ ഇരച്ചെത്തിയത്‌.

ഒരു മൂളലിനായി കാതോർത്ത്
———————————–
എനിക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിന്റെ ആറാം ദിവസമാണ് ഭാര്യക്ക് രോഗം പിടിപെട്ടത്. ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ കോവിഡ് പേഷ്യന്റ് ഉള്ളതിനാൽ രണ്ടാഴ്ച മുമ്പ് തന്നെ അവൾ സ്വയം quarantine ചെയ്ത് ബേസ്‌മെന്റിലേക്ക് കിടപ്പ് മാറ്റിയിരുന്നു. . മക്കളിൽനിന്ന് കൂടി അകന്ന് നിൽക്കാൻ അതാണ് നല്ലതെന്ന് കരുതി. അത് തന്നെയാണ് ഇപ്പോൾ
കുഴപ്പമായിരിക്കുന്നത്. അടുത്ത് കിടപ്പുണ്ടെങ്കിൽ പനി കൂടുന്നുണ്ടോ
എന്നൊക്കെ തൊട്ടുനോക്കിയാൽ അറിയാമായിരുന്നു. ഇതിപ്പോൾ താഴെ കിടക്കുന്ന ആൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നേരം വെളുത്ത് ചെന്ന് നോക്കുമ്പോഴേ അറിയൂ. ഇനിയുമൊരു വഴിയേയുള്ളൂ. രാത്രി രണ്ടു നേരം ഫോണിൽ അലാറം സെറ്റ് ചെയ്തു. ഒരു മണിക്കും അഞ്ച് മണിക്കും. അലാറം അടിക്കുമ്പോൾ എണീറ്റ് താഴെ ചെന്ന് നോക്കും. ചെറിയ ശബ്ദത്തിൽ ഒന്ന് വിളിക്കും. ആദ്യ വിളിയിൽ പ്രതികരണമൊന്നും കേട്ടില്ലെങ്കിൽ ഭയം നെഞ്ചിൽ ഇടിമിന്നലായി പതിയും. ഒരു അനക്കമെങ്കിലും കേട്ടാൽ പകുതി ആശ്വാസമായി. ഇരുപത് വർഷമായി കൂടെ ജീവിക്കുന്ന ആളുടെ ഒരു മൂളലിനായി കാതോർത്തിരുന്ന നിമിഷങ്ങൾ…..

അവസാനത്തെ ഇല
————————
ശരീര വേദന കൊണ്ട് ഉറക്കം വരാത്ത രാത്രികളിൽ ചിന്തകൾ മലവെള്ളം പോലെയാണ് ഇരച്ചെത്തുക. ഒരു ദിവസം മനസ്സിൽ നിറഞ്ഞത്, വർഷങ്ങൾക്ക് മുമ്പ് വായിച്ച ഒരു കഥയാണ്. അമേരിക്കൻ എഴുത്തുകാരൻ O’ Henry യുടെ The Last leaf
(അവസാനത്തെ ഇല) എന്ന കഥയിലെ വൃദ്ധനായ ചിത്രകാരനും അയാൾ വരച്ച ആ ഇലയുമായിരുന്നു മനസ്സ് നിറയെ. ഇത് പോലൊരു പകർച്ച വ്യാധി കാലത്താണ്
ചിത്രകാരിയായ ജോൺസി എന്ന പെൺകുട്ടിക്ക് ന്യുമോണിയ ബാധിച്ച്‌
മരണാസന്നയാകുന്നത്. രോഗത്തിൽ നിന്ന് രക്ഷപെടാമെന്ന പ്രതീക്ഷയെല്ലാം
അവൾക്ക് നഷ്ടപ്പെട്ടു. അവളുടെ വീടിന്റെ ജനാല തുറന്നാൽ കെട്ടിടത്തിന്റെ
ഭിത്തിയിൽ വളരുന്ന ഒരു വള്ളിച്ചെടിയും അതിലെ ഇലകളും അവൾക്ക് കാണാം. ശിശിര കാലമായതിനാൽ അതിലെ ഇലകൾ ഒന്നൊന്നായി കൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. അതിലെ അവസാനത്ത ഇലയും കൊഴിഞ്ഞു വീഴുമ്പോൾ താൻ മരിക്കുമെന്ന് അവൾ ഉറച്ചു
വിശ്വസിച്ചു. അങ്ങനെയിരിക്കുബോഴാണ് നല്ല ചിത്രങ്ങളൊന്നും വരയ്ക്കാൻ കഴിയാതെ ജീവിതത്തിൽ പരാജയപ്പെട്ട വൃദ്ധനായ മറ്റൊരു ചിത്രകാരൻ അവളെ സന്ദർശിക്കാൻ എത്തുന്നത്. അയാൾ തിരിച്ചു പോയി. വള്ളിച്ചെടിയിൽ ഒരു ഇല മാത്രമേ അവശേഷിച്ചിട്ടുണ്ടായിരുന്നോള്ളൂ. അന്ന് രാത്രി നല്ല മഴയും കാറ്റും ഉണ്ടായിരുന്നു. ആ ഇല കൊഴിയുമെന്നും അവൾ മരിക്കുമെന്നും അവൾ കരുതി. പക്ഷെ പിറ്റെന്നും അതിന്റ പിറ്റേന്നും എല്ലാം ആ ഇല അവിടെ തന്നെയുണ്ടായിരുന്നു. ഒരിക്കലും വീഴാതെ പിടിച്ചു നിന്ന ആ ഇലയാണ്
പ്രതീക്ഷകൾ നൽകി അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. പക്ഷേ അപ്പോഴും അവൾ അറിഞ്ഞിരുന്നില്ല, ആ ഇല നേരത്തെ കൊഴിഞ്ഞിരുന്നു എന്നും,വൃദ്ധനായ ചിത്രകാരൻ അവൾക്ക് പ്രതീക്ഷ നൽകാൻ കാറ്റും മഴയുമുണ്ടായിരുന്ന
ദിവസം അവൾക്കായി ഭിത്തിയിൽ വരച്ചു വെച്ച ഇലയായിരുന്നു അതെന്നും. ഏറെ നേരം തണുപ്പത് ചിലവഴിച്ചതിനാൽ ആ വൃദ്ധൻ രോഗം ബാധിച്ച്‌ മരിച്ചു പോയി എന്നും അവൾ പിന്നീടാണ് അറിയുന്നത്.
ജീവിതം നമ്മൾ വരക്കുന്ന ഒരു ചിത്രമാണ്. എന്ത് വരക്കണമെന്നും ഏതെല്ലാം നിറങ്ങൾ വേണമെന്നുമുള്ളതെല്ലാം നമ്മുടെ തിരഞ്ഞെടുപ്പാണ്. എങ്കിലും ചിത്രം പൂർത്തിയാക്കാൻ കഴിയുന്നത് നമ്മൾ ഓരോ ഋതുഭേദങ്ങളിലും നേരിടുന്ന കാറ്റിനെയും മഴയെയും കാലാവസ്ഥ വ്യതിയാനങ്ങളെയുമെല്ലാം ആശ്രയിച്ചിരിക്കും.
സഹജീവികൾക്ക് പ്രതീക്ഷകൾ നൽകാൻ കഴിയുന്ന ഒരിക്കലും കൊഴിയാത്ത ഇലകൾ വരക്കുമ്പോഴാണ് നമ്മുടെ ജീവിത ചിത്രം പൂർത്തിയാകുന്നത്.