പൗരന്മാരുടെ തൊഴില്‍ സംരക്ഷണം; വിദേശികളുടെ കുടിയേറ്റം വിലക്കി ട്രംപ്

വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലേയ്ക്കുള്ള വിദേശികളുടെ കുടിയേറ്റം താല്‍ക്കാലികമായി വിലക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘അദൃശ്യ ശത്രുവിന്റെ ആക്രമണത്തിന്റെ വെളിച്ചത്തില്‍, ഞങ്ങളുടെ മഹത്തായ അമേരിക്കന്‍ പൗരന്‍മാരുടെ ജോലി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഒപ്പിടും!, ട്രംപ് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു.

കോവിഡ് പടര്‍ന്ന് പിടിക്കുന്നതിന് പിന്നാലെ അമേരിക്കയില്‍ റെക്കോര്‍ഡ് തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റം നിര്‍ത്തിവെക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

അമേരിക്കയില്‍ ഇതുവരെ 7,92,913 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മഹാമാരിയെ തുടര്‍ന്ന് പതിവ് വിസ സേവനങ്ങളെല്ലാം കഴിഞ്ഞ മാസം യുഎസ് നിര്‍ത്തിവച്ചിരുന്നു.