പുളിങ്ങ (കഥ -ജയ് എൻ.കെ)

പടിഞ്ഞാറ്റിനിക്ക് പുറത്തെ പുളിമരത്തിൽ നിന്ന് കുഞ്ഞനിലകൾ വായുവിലൂടെ കറങ്ങിക്കറങ്ങി വീഴുന്നത് നോക്കി നിൽക്കുന്ന രമണിയുടെ കാലുകളിൽ അന്തിവെയിലിലടിക്കുന്നത് കാണാം. അരയിലെ കറുത്ത ചരട് തിരുപ്പിടിച്ചുകൊണ്ട് മേലോട്ട് നോക്കി നിക്കുന്നു അവൾ.

കഴിഞ്ഞ വർഷം നിറയെക്കായിച്ചതായിരുന്നു പുളിമരം. കരിങ്കണ്ണി ചീരുവിന്റെ കണ്ണേറ് കിട്ടിയിട്ടാവും ഈ വർഷം അവിടവിടെയായി കുറച്ച് പുളിങ്ങകൾ മാത്രം പിടിച്ചു. ചീരുവിന്റെ നാക്ക് കേട്ട് അമ്മ കാറിത്തുപ്പിയതാണ്, എന്നിട്ടും ഫലമുണ്ടായില്ല.

ഭാഗം വച്ചപ്പോൾ അമ്മയ്ക്ക് കിട്ടിയത് ഇരുപത്തിയൊന്ന് സെന്റ് സ്ഥലോം തറവാടുമാണ്. തറവാടെന്ന് പറയാനേയുള്ളൂ. ചെറുമക്കളുടെ കുടികളെക്കാൾ കുറച്ചൂടെ വലുപ്പം കാണുമെന്ന് മാത്രം. പലക മറച്ച ഉമ്മറമുണ്ട്,രണ്ടു മുറിയുണ്ട്, അതിലൊന്ന് അറയാണ്. അവിടം വൃത്തീം ശുദ്ധീം നോക്കണം. നാല് പെണ്ണുങ്ങൾ ഉള്ളിടത്ത് എങ്ങനെ നോക്കാനാണ് ശുദ്ധി? എപ്പോളും ആരെങ്കിലും പുറത്തായിരിക്കും. അന്ന് ബന്ധുക്കൾ പറഞ്ഞു:

“ജാനകിയ്ക്കിനിയെന്ത് വേണം,തറവാടും പാരമ്പര്യവും അവൾക്കേണ്ടി ഒഴിഞ്ഞു കൊട്ത്തില്ല്യേ? സർപ്പത്താന്മാന്മാർ അവളുടെ മണ്ണിലായില്ലേ.. ഇനി അപ്പുവാരാ? പ്രേക്കാട്ടുവള്ളിയിലെ കാരണോരല്ലേ?”

പ്രേക്കാട്ട്വള്ളീലെ കാരണോർ മീശ മുളയ്ക്കുന്നതിനെ മുമ്പ് തീവണ്ടീല് ആവിയെഞ്ചിന് കരി തള്ളിക്കൊടുക്കണ പണീല് കയറിയപ്പോഴാണ് തറവാട്ടില് അടുപ്പ് പൊകഞ്ഞുതുടങ്ങിയതെന്ന് പറഞ്ഞവരോർത്തില്ല. മേപ്പറമ്പത്തെ ഉത്സവത്തിന് കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ചേട്ടന്റെ കൈപ്പത്തി കല്ല് പോലെ ഉറച്ചിരുന്നു. കൈക്കോട്ടെടുത്ത് ഓടുന്ന വണ്ടിയിലെ തീച്ചൂടിലേക്ക് കരിയെറിയുന്ന പണിക്ക് കേറിയാൽ കൈ മാത്രമല്ല മനസ്സും കണക്കുമെന്നാണ് ചേട്ടൻ പറഞ്ഞത്.

ഇരുപത്തിയൊന്ന് സെന്റിനെ ജടപിടിച്ച് രണ്ട് സർപ്പക്കാവുകൾ മൂടി നിൽക്കുന്നത് അനുഗ്രഹമാണെന്നാണ് അമ്മ കരുതിയത്. നാഗരാജാവും നാഗയക്ഷിയും ആഞ്ചലമണിനാഗവും തനിക്ക് കിട്ടിയ സന്തോഷത്തിനേക്കാൾ പറനാഗത്തിന്റെ കാവ് കിട്ടാത്തതിന്റെ സങ്കടമാണ് അമ്മയ്ക്ക് കൂടുതൽ.

അമ്മാവന്മാര് കണ്ണായ ഭൂമിയിൽ വേറെ വീട് വച്ച് മാറിയതിലെ സൂത്രം ഒരുകാലത്തും അമ്മയ്ക്ക് മനസ്സിലാവില്ല. സർപ്പത്താന്മാരുടെ ഉത്തരവാദിത്വം ഏറ്റെടുത്താൽ നല്ല ചെലവ് വരും. ആണ്ടോടാണ്ട്, ഇല്ലേല് രണ്ട് വർഷം കൂട്ടുമ്പോഴെങ്കിലും സർപ്പംപാട്ട് നടത്തണം, ഇല്ലേല് സർപ്പത്താന്മാര് കോപിക്കും. മണിശ്ശേരീല് ആണ്ടോടാണ്ട് സർപ്പംപാട്ട് നടത്തുമ്പോൾ പ്രേക്കാട്ട് വള്ളിയിലെ സർപ്പങ്ങൾ തുള്ളിച്ചെല്ലുന്നത് തലയ്ക്ക് മുകളിൽ നിൽക്കുന്ന കാരണവന്മാർക്ക് കുറച്ചിലാണ്. മണിശ്ശേരീക്കാര് പെനാംഗീന്നും സിലോണീന്നും മദിരാശീന്നുമെല്ലാം സർപ്പംപാട്ടിന് വരുമ്പോൾ തുള്ളിവരുന്ന സർപ്പങ്ങൾക്ക് കെട്ടാൻ ചുവന്ന പട്ടുമായിട്ടാണ് വരണത്.

അന്യതറവാട്ടീന്ന് തുള്ളിവരുന്ന സർപ്പങ്ങൾക്ക് പട്ട് ചാർത്തുമ്പോൾ അവർക്കൊരു ചിരിയുണ്ട്, പ്രൗഢി കാണിക്കുന്ന ചിരി. ഇവിടെയോ, വല്ലപ്പോഴും നടക്കുന്ന പാട്ടില് വേറെ തറവാട്ടിലെ സർപ്പങ്ങൾ വരുമോയെന്ന് ആധിയാണ്. ചാർത്താൻ പട്ടെവിടെ?

എല്ലാമറിയാവുന്ന അമ്മാവന്മാര് സൂത്രത്തിൽ ഉത്തരവാദിത്വം ഒഴിഞ്ഞങ്ങ് മാറിനിന്നു. എന്തിനാണ് സർപ്പങ്ങളെയും കെട്ട്യോൻ ചത്ത ഓപ്പോളെയും മൂന്നു പെൺമക്കളെയും നോക്കുന്നത്? വളർന്നു വരുന്ന അനന്തരവൾമാർക്ക് മോളിലും താഴെയും ഓരോ ആങ്ങളമാരില്ലേ? പിന്നെന്താ.

എന്നാലും പെങ്ങളോടുള്ള സ്നേഹം നാട്ടാരെ കാണിക്കാതിരിക്കാൻ വയ്യല്ലോ. കൊയ്യുമ്പോൾ അഞ്ചാറ് പറ നെല്ല് ഓപ്പോൾക്ക് കൊടുക്കാതിരിക്കില്ല, വല്ലപ്പോഴും കുലുക്കിക്കുലുക്കി അത്ര നല്ലതല്ല എന്നുറപ്പാക്കിയ തേങ്ങകളും.

കേടായിക്കിടന്ന റാട്ട് കേശവനാശാരി നന്നാക്കിത്തന്നപ്പോഴാണ് ഇത്തിരി സമാധാനമായ കാലമുണ്ടായത്. ഇനി കയറ് പിരിച്ചാല് അരി മേടിക്കാലോ? അനിയത്തിമാര് തൊണ്ട് ചീയിച്ച് തല്ലിത്തരും. മൂവരും കൂടി കയർ പിരിക്കും. അമ്മയ്ക്കപ്പോഴും അത്ര വലിയ താല്പര്യമൊന്നുമില്ല കയറ് പിരിക്കുന്നതിൽ. അമ്മയ്ക്കൊരുങ്ങി നടക്കണം, വൈക്കത്തപ്പനെത്തൊഴണം, അഷ്ടമി കൂടണം. സിലിമാ കാണണം. ഇന്നും പോയിരിക്കുന്നത് സിലിമയ്ക്കാണ്, തിക്കുറിശ്ശിയല്ല അമ്മയുടെ ഇപ്പോഴത്തെ ഇഷ്ടനടൻ, നസ്സീറാണ്.

അമ്മയ്ക്ക് മൂന്ന് പെൺമക്കളെപ്പറ്റി ചിന്തയേയില്ല. അമ്മ പറയും ‘ എന്റെ മക്കൾ സുന്ദരിമാരാ, അടക്കമുള്ളവരാ.. നല്ല ചെക്കന്മാര് അന്വേഷിച്ചിവിടെ വരും’

വന്നു. ജാനകിച്ചേച്ചീടെ പെൺമക്കളിലാരെയെങ്കിലും കെട്ടണം എന്ന് പറഞ്ഞു പലരും വന്നു. രണ്ടു വയസ്സ് വീതം വ്യത്യാസമുള്ള മൂന്ന് പെൺപിള്ളേരല്ലേ വളർന്ന് നിക്കണത്!

അകത്ത് നിന്ന് ഒരു ചവിട്ട് കിട്ടി. അടിവയറ്റിൽ ഒരു കുളിര്, അതോ വിങ്ങലോ? ഇളക്കം കാണുമ്പോളറിയാം ഇതാൺകുട്ടിയാണ്. അഞ്ച് മാസം മുതലേ തുടങ്ങിയതാണ് വയറ്റിനുള്ളിൽ നിന്ന് തട്ടും മുട്ടും. രമണിയെപ്പേറിയപ്പോൾ ഇത്രയ്ക്ക് ഇടങ്ങേറുണ്ടായിരുന്നില്ല.അടിവയറ്റിലെ കുളിരിനൊപ്പം വിശപ്പും ആഞ്ഞുകുത്തുന്നു. വിശപ്പ് കൊണ്ടാവും അവനും കുതറുന്നത്. അടുപ്പ് പുകഞ്ഞിട്ട് ദിവസം രണ്ടായി.

വലിച്ചീമ്പി നോക്കിയിട്ടും മുലയിൽ നിന്നൊന്നും കിട്ടാഞ്ഞിട്ടാണ് രമണി കുടി നിർത്തിയത്. അവളുടെ വയറും പൈക്കുന്നുണ്ടാവും. വിശന്നിട്ടാണ് അവൾ പുളിമരത്തിലെ അണ്ണാരക്കണ്ണനുമായി ചങ്ങാത്തം കൂടുന്നത്. അണ്ണാരക്കണ്ണൻ പുളിങ്ങ ഉതിർത്തിയിട്ടാലോ..?

പുളി തിന്നാൽ വയറു വേദനിക്കും മോളെയെന്ന് പറയണമെന്നുണ്ട്.. പക്ഷെ അവള് വേറെയെന്ത് കഴിക്കാൻ. പച്ചക്കപ്ലങ്ങ വേവിച്ചാണ് ഇന്നലെയവൾക്ക് കൊടുത്തത്. നിറഗർഭിണിയായത് തനിക്ക് കപ്ലങ്ങ കഴിക്കാനും വയ്യ.

വേദനയെപ്പറ്റി ഓർത്തത് കൊണ്ടാണോ അടിവയറ്റിൽ നിന്നും വിങ്ങൽ കയറിവരുന്നുണ്ട്, നട്ടെല്ലിലേക്ക് വ്യാപിക്കുന്നു. പേറ്റുനോവല്ലേയിത്? അയ്യോ ആരുമില്ലല്ലോ ഇവിടെ? അമ്മ ഉച്ചക്ക് മുൻപ് സിലിമയ്ക്ക് പോവുന്നതിന് മുൻപ് മുണ്ട് താഴ്ത്തി വയറ് നോക്കിയിട്ട് ആത്മഗതമെന്നോണം പറഞ്ഞു:

‘ഇനിയും ഒരാഴ്ച എടുക്കുമെന്നാണ് തോന്നണത്, ഞാൻ വയ്നേരത്തിന് മുൻപ് തിരിച്ചു വരാം. നീ പേടിക്കണ്ടാട്ടൊ’

ഇനി ഇന്ന് പ്രസവിക്കുമെന്ന് തോന്നിയാലും അമ്മ സിനിമയ്ക്ക് പോവുമെന്നറിയാമെന്നത് കൊണ്ട് തിരിച്ചൊന്നും പറഞ്ഞില്ല. ഇന്ന് സിലിമ മാറുമെന്ന് വടക്കേതിലെ അമ്മായി അമ്മയോട് പറയണത് കേട്ടതാ. നസ്സീറിന്റെ പടം അമ്മയ്ക്കെങ്ങനെ വിടാൻ പറ്റും?

അമ്മയങ്ങനെയാണ്, സിലിമയും ഭക്ഷണവും അമ്മയ്ക്ക് ലഹരിയാണ്. ചെമ്പിലെ കൊട്ടകയിലേക്ക് പോകുന്ന വഴി ചോറ് ഏത് ബന്ധുവീട്ടിൽ നിന്ന് കിട്ടുമെന്ന് അമ്മയ്ക്കറിയാം. വിശപ്പിന് മാനാഭിമാനമില്ലല്ലോ? പക്ഷെ ആ മാനാഭിമാനം തനിക്കും അനിയത്തിമാർക്കും മാത്രം തോന്നുന്നതെന്ത് കൊണ്ട്?

രമണിയുടച്ഛൻ മലബാറിലുണ്ട്. അങ്ങേരുടെ ചിലവിൽ നിന്നല്ലാതെ ഒരു വറ്റിറങ്ങുമ്പോൾ തൊണ്ടയിലെന്തോ തടയും, ഒരു തിക്കുമുട്ടല്. ഒരു സർപ്പം പാട്ടിന് എവിടെ നിന്നോ വന്ന ഒരു സന്യാസി തന്നെ ചൂണ്ടി അമ്മയോട് പറഞ്ഞിരുന്നു: ‘വല്യ ഒരു തറവാട്ടിലേക്ക് പോവേണ്ടതാ ഇവള്. ലക്ഷണം അങ്ങനെയാ’. വല്യ തറവാട്ടില് നിന്ന് വരുന്ന കൊമ്പനെ കിനാവുകളിൽ കാത്തിരുന്നു.

പ്രവചനം അച്ചട്ടായി. ആലോചന വന്നപ്പോൾ അമ്മ സന്തോഷം പൂണ്ടു. തോട്ടറ എത്ര വലിയ പാരമ്പര്യമുള്ള തറവാടാണ്!. ചിറ്റയെ കല്യാണം കഴിപ്പിച്ചത് അങ്ങോട്ടാണ്. വല്യ മാന്ത്രികരുണ്ടായിരുന്ന തറവാട്. നാല്പത്തിയൊന്ന് പെണ്ണുങ്ങളെങ്കിലും എന്നും കുളിക്കാൻ വരുമെന്നറിഞ്ഞ് പുലപ്പേടി ദിവസം വടിയുമായി ഒളിച്ചിരുന്ന അടിയാക്കളെ തോൽപ്പിച്ച തറവാട്. അമ്മ വർഷത്തിലെത്രയോ തവണ വച്ച്നേദ്യത്തിന് അവിടെപ്പോവാറുണ്ട്. ആത്മഹത്യ ചെയ്ത മാന്ത്രികനായ കൊച്ചമ്മാവൻ പിൻഗാമികളില്ലാതെയാണ് പോയതെങ്കിലും അനന്തരവരരുടെ മേത്ത് എല്ലാ കറുത്തവാവിനും ആവേശം കൊള്ളാറുണ്ട്. കൂടെയെത്രയെത്ര മൂർത്തികളും!

മറുത, ആനമറുത, അഗ്നിമുഖൻ, വടക്കൻ ചൊവ്വ, കരിമുട്ടി, പൊട്ടൻ, ബ്രഹ്മരക്ഷസ്. ഓരോ മൂർത്തികളും കൊച്ചച്ചന്റെ മേത്ത് കയറുമ്പോൾ കൊച്ചച്ചന് ഓരോ ഭാവങ്ങളാണ്. ആനമറുത കയറിയാൽ വാഴ വെട്ടി നിരത്തി കൂമ്പ് തിന്നും. പൊട്ടൻ കയറിയാൽ കണ്ണുരുട്ടി കോപിച്ച് ആംഗ്യഭാഷയിലാവും സംസാരം. മൂപ്പരുടമ്മ ജീവിച്ചിരുന്ന കാലത്ത് പറഞ്ഞിരുന്നു: കൊച്ചമ്മാവൻ എന്നും വിളിപ്പുറത്തുണ്ടാവും.

ഈർക്കിലിപ്പന്തങ്ങളുടെ മഞ്ഞവെളിച്ചത്തിൽ ഭക്തർ കൈകൂപ്പി നില്ക്കും. ചാരായവും ബീഡിയും കൊച്ചച്ഛനിൽ ആവേശം കൊണ്ട കൊച്ചമ്മാവന് ദക്ഷിണ വയ്ക്കും. അനന്തരവനായിട്ടും രമണിയുടെ അച്ഛന്റെ മേത്ത് മാത്രം കൊച്ചമ്മാവന്റെ ആത്മാവ് കയറില്ല.

കുഞ്ഞീഷ്ണൻ സന്മന്ത്രവാദിയായ വല്യമ്മാവന്റെ ആത്മാവിന് കയറാനുള്ളതാണ്. ദുശീലങ്ങളൊന്നുമില്ല. അത് മാത്രം മതിയായിരുന്നു കല്യാണത്തിന് അമ്മ സമ്മതം മൂളാൻ.

പേര് കേട്ട തറവാടാണെങ്കിലും ആ പേര് മാത്രമേയുള്ളൂ സ്വത്തായി. ഭാഗം വന്നപ്പോൾ മിടുക്കരായ അമ്മാവന്മാർ കണ്ണായ സ്ഥലവുമായിപ്പോയി. അമ്മ ചത്തുപോയ മക്കൾക്ക് മലയില് സ്ഥലം കൊടുത്തിട്ടുണ്ടല്ലോ? ചോദിക്കാനും പറയാനും ആരുമില്ലാതായ ചെറുപ്പകാലത്ത് തൊഴിലന്വേഷിച്ച് രാമനിയുടച്ഛനും നാട് വിട്ടതാണ്.

കുഞ്ഞീഷ്ണനെ തിരികെപ്പിടിക്കാനാണ് ജാനകിയുടെ സുന്ദരിയായ മോളെ കെട്ടിച്ച് കൊടുക്കാൻ തീരുമാനിച്ചതെന്ന് പിന്നീടറിഞ്ഞു. പക്ഷെ രമണിയുടച്ഛൻ സ്നേഹമുള്ളയാളാണ്. ഇല്ലായ്‌മ മാത്രമാണ് പ്രശ്‍നം. തോട്ടറയിലെ കുട്ടി നാട്ടിൽ പണിക്ക് പോവുന്നത് നാണക്കേടല്ലേ എന്ന നാട്ടാരുടെ ചോദ്യം മാത്രമാണ് നാട്ടിൽ നിക്കാൻ അനുവദിക്കാതിരുന്നത് . മലബാറിലെന്ത് തോട്ടറ?

മലബാറിൽ വസ്സൂരി പടർന്നു പിടിക്കുന്നുണ്ടെന്നാണ് വാർത്ത. ഇപ്പോൾ പണിയൊന്നുമില്ല പോലും. എല്ലാരും അവനവന്റെ കൂരയിൽ ഒതുങ്ങിക്കഴിയുകയാണത്രെ. പിള്ളേര്‌ടച്ഛന് ഒന്നും വരുത്തരുതേ എന്റെ സർപ്പത്താന്മാരേ, മേപ്പറമ്പത്തമ്മേ, കൊച്ചമ്മാവാ, വൈക്കത്തപ്പാ, കാത്തോളണേ മൂപ്പരെ. വേറാരുമില്ല ഞങ്ങൾക്ക്. പട്ടിണി എത്ര വേണമെങ്കിലും കിടന്നോളാം. താലിഭാഗ്യം കളയരുതേ. കുഞ്ഞുങ്ങൾക്കച്ഛനില്ലാതാക്കരുതേ. ബ്രഹ്മരക്ഷസ്സ് മൂപ്പരുടെ തലയ്ക്കൽ കാവലായുണ്ടെന്ന കണിയാരുടെ പ്രശ്നവിധി സത്യമാവണേ.

വസ്സൂരി പിടിച്ചവരെ ദൂരെയെവിടെങ്കിലും കൂരയിൽ ഉപേക്ഷിച്ച് കളയുകയാണത്രെ. ധൈര്യമുള്ള ചെറുമക്കൾ രാത്രിയിൽ ആര്യവേപ്പില ദേഹത്ത് കെട്ടി കൂരയിൽ കടന്ന് ചെന്ന് വസൂരി പിടിച്ച ശരീരം പഴമ്പായിൽ വേപ്പിൻകമ്പ് കൊണ്ട് കുത്തിക്കയറ്റി കയർകൊണ്ട് പൊതിഞ്ഞുകെട്ടി കുഴിയിൽത്തള്ളുകയാണത്രെ. ചത്തോ ജീവനുണ്ടോ എന്നൊന്നും നോക്കില്ല. പാതിയും ജീവനോടെയാണ് കുഴിയിലെ മണ്ണിൽ മറയുന്നത്. നീ പണ്ടാരം അടങ്ങിപ്പോവും എന്നമ്മ ശപിക്കുമ്പോൾ മുത്തശ്ശി അരുതെന്ന് വിലക്കിയിരുന്നത് ഓർമ്മയുണ്ട്. വസ്സൂരി പിടിച്ചവരെ കുഴിച്ചു മൂടുന്നതിനെയാണ് പണ്ടാരമടക്കുകയെന്ന് പറയുന്നതെന്ന് അന്നാണറിഞ്ഞത്.

വേദന കയറിക്കയറിവരുന്നുണ്ട്, വിശപ്പും. ആരുമില്ലല്ലോ ഒന്ന് വിളിക്കാൻ. പുളിമരത്തിൽ നിന്ന് പുളിങ്ങ താഴെ വീണെന്ന് തോന്നുന്നു, പുളിങ്ങ കമ്പിൽ തട്ടി താഴെവീഴുന്നതിനൊപ്പം രമണി ഓടുന്ന ഒച്ചയും കേട്ടു.

അവളുടെ നീണ്ട നിഴലുകൾ ചായ്പ്പിലേക്ക് കയറി വരുന്നു..

‘അമ്മയ്ക്ക് പുളിങ്ങ വേണോ?’

മറഞ്ഞു പോവുന്ന കണ്ണുകളിൽ ഒരു കയ്യിൽ പുളിങ്ങ ഈമ്പിക്കൊണ്ട് രമണിയെക്കണ്ടു. അടിവയറ്റിലെ പൊട്ടിപ്പിളരുന്ന വേദനയെക്കാളും വയറ്റിലെ പശിയുടെ വേദനയാണോ കൂടുതൽ? വായിൽ നിറയുന്ന വെള്ളം പുറത്തേക്ക് വരുന്ന ശബ്ദത്തെ ഇടർത്തി.

‘മ്മേടെ പൊന്നുമോളിങ്ങ് വന്നേ..’

വേദന സഹിക്കാൻ വയ്യ, നിലവിളിച്ചാൽ രമണി ഭയപ്പെടും. ചേർന്ന് വന്നിരുന്ന അവളെ വയറിന് മുകളിലേക്ക് കയറ്റിക്കിടത്തി മുറുകെപ്പിടിച്ചു.

‘അമ്മേ.. സർപ്പത്താന്മാരേ.. കൊച്ചമ്മാവാ…’

വായിൽ പുളിരുചി നിറയുന്നു. രമണി വേദന കടിച്ചു പിടിച്ചിരുക്കുന്നതിനിടയിൽ തുറന്ന് പോയ തന്റെ ചുണ്ടിനിടയിലേക്ക് പുളിങ്ങ വച്ച് തന്നതാണ്. വേദനയുടെയിടയിലും അതീമ്പാതിരിക്കാനായില്ല.

നിശ്ശബ്ദത. കാറ്റ് നിന്നിരുന്നു, പുറത്ത് കിടക്കുന്ന രമണിയുടെ ശ്വാസം പോലും കേൾക്കുന്നില്ല.

എന്നെക്കാക്കാൻ കാരണവന്മാർ , മുത്തിയമ്മ, സർപ്പത്താന്മാർ വരില്ലേ

ദിഗന്തങ്ങളെ നടുക്കിക്കൊണ്ട് പടിഞ്ഞാറ്റെ പുളിമരച്ചുവട്ടിൽ നിന്ന് രണ്ട് കയ്യടിശബ്ദം കേട്ടു. രണ്ടേ രണ്ടു തവണ മാത്രം.

രോമങ്ങൾ എഴുന്നേറ്റ് നിൽക്കുന്നു. അത് കൊച്ചമ്മാവനാണ് . തലയ്ക്ക് മുകളിൽ നിൽക്കുന്നവർ അനുഗ്രഹം നൽകാനെത്തിയിട്ടുണ്ട്.

വയറ്റിലെ ഭാരം ഒഴിഞ്ഞിരിക്കുന്നു. ഒരു കരച്ചിൽ

രമണി കണ്ണ് മിഴിച്ച് താഴേക്ക് നോക്കി.

 

ജയ് എൻ.കെ