നൊമ്പരപ്പൂവ് (കവിത-ബിന്ദു ഹരികുമാർ)

ചിത്രശലഭത്തെപ്പോലുള്ള ബാല്യം
ചിറകരിയാനാർക്കവകാശം
ലാളിച്ചു വളർത്തേണ്ട
പെൺ കുരുന്നിനെ
ദുഷ്ട മനസ്സോടെ തൊട്ടവനെ ചുട്ടെരിക്കണം

താതനെ ചുമ്മുന്ന നാട്ടിൽ
താതനെപ്പോലൊരാൾ കാട്ടുമനീതിയെ പോറ്റി വളർത്താമോ?
ഒളിച്ചിരിക്കാൻ പൊത്തുകളൊരുക്കിയ
നിങ്ങളും മനുഷ്യരോ?

പെണ്ണിനെ പെറ്റൊരമ്മയ്ക്കും
സഹിയ്ക്കാനൊക്കില്ലിതൊന്നും
മിണ്ടാതെ മിണ്ടാതെ നാളിൽ നാളിൽ
കണ്ടാലറയ്ക്കും വൈകൃത ജന്മമേ
ഇതു നരജന്മമോ?

പേടി വേണ്ട പൂവേ നിന്നെ
തൊടുന്നവനെ കൈക്കരുത്താലല്ല
മനക്കരുത്താൽ നേരിടേണം
കരുത്തോടെ കരുതലോടെന്നും ‘വളരേണം
നിനക്കു നീ മാത്രമെന്നും

ഒന്നല്ലൊരായിരം പൂമൊട്ടുകളെ
തല്ലിക്കൊഴിച്ചിട്ടും
കണ്ടിട്ടും കാണാതെ നടിക്കുന്ന
നമ്മളും മനുഷ്യരോ?