കോവിഡ് പഠിപ്പിച്ചത് സ്വയം പര്യാപ്തരാകേണ്ടതിന്റെ ആവശ്യകത; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വയം പര്യാപ്തരാകേണ്ടതിന്റെ ആവശ്യകത കോവിഡ് മഹാമാരി ഇന്ത്യയെ പഠിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പഞ്ചായത്തീ രാജ് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഗ്രാമപഞ്ചായത്ത് തലവന്‍മാരുമായി ഓണ്‍ലൈനില്‍ സംവദിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

പുതിയ പ്രശ്നങ്ങളാണ് കോവിഡ് മൂലം ഉണ്ടായിരിക്കുന്നത്. നാം മുന്‍പൊരിക്കലും ഇങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. എന്നാല്‍ ഈ പ്രതിസന്ധി നമുക്ക് പുതിയ പാഠങ്ങളും പകര്‍ന്നുതന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നാം സ്വയം പര്യാപ്തരാകേണ്ടതിന്റെ ആവശ്യകതയാണ്.

‘കൊറോണ വൈറസ് നിരവധി വെല്ലുവിളികള്‍ തന്നു. എന്നാല്‍ ജീവിതസാഹചര്യങ്ങളില്‍ നിന്ന് എല്ലായ്‌പ്പോഴും പാഠങ്ങള്‍ പഠിക്കണം. നമ്മള്‍ പ്രവര്‍ത്തിക്കുന്ന രീതിയെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും ഇതുമൂലം സാധിച്ചു. നമ്മുടെ നിലനില്‍പ്പിനായി നമ്മളെ മാത്രം ആശ്രയിക്കണമെന്നും ഇതു ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധിയില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കിയത്, ഒരു രാഷ്ട്രമെന്ന നിലയില്‍, നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെ, സ്വയംപര്യാപ്തമായിരിക്കണം. മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തില്‍ ആവശ്യമുള്ള ഒന്നിനും മറ്റുള്ളവരെ ആശ്രയിക്കരുത്.’ പ്രധാനമന്ത്രി പറഞ്ഞു.

ഇഗ്രാമസ്വരാജ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, ഗ്രാമീണ സര്‍വേയ്ക്കുള്ള സ്വമിത്വപദ്ധതി എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമറും പ്രധാനമന്ത്രിക്കൊപ്പം വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.