ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയം; റെംഡിസിവിര്‍ കൊറോണയ്ക്ക് ഫലപ്രദമല്ലേ ?

വാഷിങ്ടണ്‍: കൊറോണയ്‌ക്കെതിരെ ഫല പ്രദമാകുമെന്ന് കരുതിയിരുന്ന റെംഡിസിവിര്‍ മരുന്ന് ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. പരീക്ഷണം പരാജയമായിരുന്നുവെന്ന വിവരം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വെബ്‌സൈറ്റിലൂടെയാണ് പുറത്ത് വിട്ടത്. എന്നാല്‍ പിന്നീട് ആ റിപ്പോര്‍ട്ട് പിന്‍വലിക്കുകയും ചെയ്തു.രേഖ അബദ്ധത്തില്‍ പുറത്തായതാണെന്നും വിശദമായ റിപ്പോര്‍ട്ട് പിന്നീടു ലഭ്യമാക്കുമെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

യുഎസ് കമ്പനിയായ ഗിലെയദ് സയന്‍സസ് ആണ് ഈ മരുന്നു വികസിപ്പിച്ചത്. ചൈനയില്‍ 237 രോഗികളില്‍ നടത്തിയ പരീക്ഷണത്തിലാണ് മരുന്ന് കാര്യമായ ഫലം നല്‍കുന്നില്ലെന്നു കണ്ടെത്തിയിരിക്കുന്നത്.158 പേരില്‍ റെംഡിസിവിര്‍ മരുന്നു നല്‍കിയും 79 പേരില്‍ സാധാരണ ചികിത്സ നല്‍കിയുമായിരുന്നു പരീക്ഷണം. പാര്‍ശ്വഫലം കണ്ടതിനെത്തുടര്‍ന്ന് 18 പേര്‍ക്ക് മരുന്നു നല്‍കുന്നത് ആദ്യമേതന്നെ നിര്‍ത്തിയിരുന്നു.

നിയന്ത്രിത ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ മരുന്ന് കഴിച്ചവരുടെ രോഗത്തില്‍ പുരോഗതി കാണാനായില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ നിയന്ത്രിത ഗ്രൂപ്പിലുള്ള 12.8 % പേര്‍ മരണമടഞ്ഞപ്പോള്‍ റെംഡിസിവിര്‍ മരുന്നിലൂടെ ചികിത്സ നല്‍കിയവരില്‍ 13.9% പേരാണ് മരണപ്പെട്ടത്. അതേസമയം മരുന്ന് ഫലപ്രദമാണോ അല്ലയോയെന്ന് കുറേക്കുടി വ്യാപകമായ പരീക്ഷണങ്ങള്‍ക്കുശേഷമേ പറയാനാകൂയെന്ന് ഗിലെയദ് വക്താവ് പറയുന്നത്.

കൊറോണ വൈറസിനെതിരേയുള്ള ചികിത്സയില്‍ നിര്‍ദേശിച്ച ആദ്യ മരുന്നുകളിലൊന്നായിരുന്നു റെംഡിസിവിര്‍. മലേറിയക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകളായ ഹൈഡ്രോക്സിക്ലോറോക്വിന്‍, ക്ലോറോക്വിന്‍ എന്നിവയും കോവിഡിനെതിരേ വ്യാപകമായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.