മരണനിരക്കില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു കൊണ്ട് അമേരിക്ക : മുന്നറിയിപ്പുകളെ അവഗണിച്ച്‌ നഗരങ്ങളും ബീച്ചുകളും തുറന്നു

ഹൂസ്റ്റണ്‍ : കോവിഡ് -19 അമേരിക്കയില്‍ മരണം വിതച്ച്‌ മുന്നേറുകയാണ്. മരണനിരക്കില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു കൊണ്ടാണ് രാജ്യത്ത് കോവിഡ് പടരുന്നത്. 52217 പേര്‍ ഇതുവരെ മരിച്ചു കഴിഞ്ഞു. 925758 രോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പേര്‍ പരിശോധന കാത്തിരിക്കുന്നുണ്ട്.

അതേസമയം, യുഎസ് 5.1 ദശലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തിയെങ്കിലും കൊറോണയുടെ യഥാര്‍ഥ ചിത്രം ലഭിക്കാന്‍ ഇതു പര്യാപ്തമല്ലെന്നാണ് രാജ്യത്തെ പ്രമുഖ എപ്പിഡെമിയോളജിസ്റ്റ് ഡോ. ആന്റണി ഫൗസി പറയുന്നത്. ഈ ആഴ്ച മുതല്‍ രാജ്യത്തെ കോവിഡ് പരിശോധന കൂടുതല്‍ വേഗത്തിലാക്കേണ്ടതുണ്ട്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി കൗണ്ടികളില്‍ കൂടുതല്‍ ടെസ്റ്റിങ് സെന്ററുകള്‍ തുറന്നിട്ടുണ്ട്.

അതേസമയം കോവിഡ് അരലക്ഷത്തിലധികം പേരുടെ ജീവനെടുത്തിട്ടും ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിരിക്കുകയാണ് ഭരണകൂടം. ബാര്‍ബര്‍ ഷോപ്പുകള്‍, ഹെയര്‍ സലൂണുകള്‍, ടാറ്റൂ പാര്‍ലറുകള്‍, ജിമ്മുകള്‍ എന്നിവയുള്‍പ്പെടെ ജോര്‍ജിയ ഗവര്‍ണര്‍ ബ്രയാന്‍ കെമ്ബ് വെള്ളിയാഴ്ച ചില ബിസിനസുകള്‍ തുറക്കാന്‍ അനുവദിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത് 22,491 ലധികം അണുബാധകളും 899 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റേ അറ്റ് ഹോം ആവശ്യപ്പെടുന്ന അവസാന സംസ്ഥാനങ്ങളിലൊന്നാണ് ജോര്‍ജിയ, ആ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ആരംഭിച്ച ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നും അവര്‍ തന്നെ. ഇതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും വൈറസ് വ്യാപനം ഭീകരമായിരിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

<p>വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷനിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍, കുറഞ്ഞത് ജൂണ്‍ 22 വരെ സംസ്ഥാനം വീണ്ടും തുറക്കരുത് എന്നാണ്.

കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന സംസ്ഥാനങ്ങളില്‍ പലേടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇത് എപ്പോള്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെങ്കിലും വൈകാതെ തന്നെ മിക്ക സംസ്ഥാനങ്ങളും തുറന്നേക്കുമെന്നാണ് സൂചന.