ഫസ്റ്റ് വേൾഡ് പ്രോബ്ലം

അനുപമ വെങ്കിടേഷ്
ലോകത്തെ ഏറ്റവും സമ്പന്നമായ ഒരു പ്രദേശത്തെ ഒരു നഴ്സിനോട് ഞാൻ സംസാരിച്ചിരുന്നു- അവർക്ക് കോവിഡ് പോസിറ്റീവാണ്. സ്ഥിരീകരിച്ചതു മുതൽ വീട്ടിലാണ്, ആശുപത്രിയിലല്ല, ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്ന് വീട്ടിലിരുന്ന് രോഗം ഭേദപ്പെടുത്തിയ ശേഷം വരാൻ ആവശ്യപ്പെട്ടു. അവർ സ്വന്തം വീട്ടിൽ ഒരു മുറിയിലിരുന്നു ക്വാറന്റൈൻ ചെയ്ത് രോഗം മാറിയ ശേഷം ആശുപത്രിയിലേക്ക് പോകും. മറ്റൊരാളോട് സംസാരിച്ചു. ഇതേ സമ്പന്ന രാജ്യത്തിലെ തന്നെ, എന്നു വെച്ചാൽ ആരോഗ്യ പരിപാലനത്തിലൊക്കെ ലോകത്ത് മുമ്പിൽ നിന്നതായി പറയുന്ന രാജ്യത്തെ. അയാൾക്ക് അണ്ടർലൈയിങ്ങ് മെഡിക്കൽ കണ്ടീഷൻ സീരിയസായി തന്നെയുണ്ട്, എങ്കിലും അയാളും വീട്ടിലാണ്. ഭയപ്പെടുത്തുന്ന രീതിയിലെ ശ്വാസം മുട്ടലുണ്ടായാൽ മാത്രം ഹോസ്പിറ്റലിലെത്തിയാൽ മതിയെന്നാണ് വിവരം കിട്ടിയത്. ഇതുപോലെ അനേകായിരം പേർ ഇന്ന് കോവിഡ് പോസിറ്റീവായ ശേഷം വീട്ടിലിരുന്ന് ക്യുവർ ചെയ്യുന്നു. ആശുപത്രികളിൽ ബെഡ് പോലും തികയില്ല. മണിക്കൂറുകളോ ഒന്നോ രണ്ടോ ദിവസമോ ബെഡിനായി കാത്തിരിക്കേണ്ടി വരും, അതിലും ഭേദം, വലിയ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ വീട്ടിലിരിക്കുന്നതാണ്. ഇപ്പറഞ്ഞതൊക്കെ മലയാളികളുടെ കാര്യവുമാണ്. അപ്പോഴാണ്, കോവിഡ് സ്ഥിരീകരിക്കാനായി ആരോഗ്യ വകുപ്പ് വീട്ടിലേക്ക് എത്തുന്ന, രോഗിയെ കൊണ്ടുപോകാനായി ആരോഗ്യ വകുപ്പ് നേരിട്ടെത്തുന്ന ഒരു പ്രദേശത്ത്, എന്തുകൊണ്ട് പതിനഞ്ചു മിനിറ്റാകുന്നു, ആ നിമിഷം നിങ്ങൾ ആശുപത്രിയിലെത്തേണ്ടതല്ലേ എന്ന ചോദ്യം കേൾക്കുന്നത്- ഒരു കാര്യത്തിൽ ആശ്വാസമുണ്ട്- ഈ ഫസ്റ്റ് വേൾഡ് പ്രോബ്ലം എന്ന് കേട്ടിട്ടുണ്ട്- മറ്റൊരു അടിസ്ഥാന പ്രശ്നവും അനുഭവിക്കാത്തവർക്ക് വളരെ ചെറിയ വിഷയങ്ങളിൽ തോന്നുന്ന അസ്വസ്ഥത- അത് എവിടെയൊക്കെ സംഭവിക്കുന്നുവോ, അവിടെയൊക്കെ അടിസ്ഥാനവിഷയങ്ങളിൽ ആർക്കും വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നില്ലെന്ന് അർഥം. അതിനെ ഇത്ര വലിയ പ്രശ്നമായി കാണേണ്ടതില്ല. ഫസ്റ്റ് വേൾഡ് പ്രോബ്ലമായി കണ്ടാൽ മതി..

പിഎസ്-
(1)രാജ്യത്തിന്റെയോ രാജ്യങ്ങളുടേയോ പേര് പറയാത്തത്, ഈ മഹാമാരിയെ നേരിടാനായി എല്ലാവരും ശ്രമിക്കുന്നുണ്ട്, ആയിരക്കണക്കിനാളുകൾ ആശുപത്രിയിലേക്ക് ഒഴുകുമ്പോൾ വേറെ പോംവഴി ഇല്ലെന്നു വരാം. എവിടെയെങ്കിലും ദോഷം സംഭവിക്കുമ്പോൾ ചിരിക്കുന്ന നിലപാടെടുക്കാനാവില്ല. ഈ ദുരന്തത്തെ നമ്മളൊരുമിച്ച് തന്നെ നേരിടണം. ലോകത്ത് എവിടെയാണെങ്കിലും.

(2) ഇങ്ങനെ പറയന്നതു കൊണ്ട്, ഇപ്പോൾ ഫസ്റ്റ് വേൾഡ് പ്രോബ്ലം എന്നു പറയുന്നതു കൊണ്ട് എല്ലാ പ്രശ്നവും ഇവിടെ ഇല്ലാതായെന്നല്ല, യഥാർഥ ഫസ്റ്റ് വേൾഡിന് ഇപ്പോഴെന്തു സംഭവിച്ചു എന്ന് നമ്മൾ കണ്ടതല്ലേ,