BREAKING NEWS: മോഹന്‍ സിത്താര മതം മാറിയെന്ന് ആര്‍.എസ്.എസ് ; ആരോപണം നിഷേധിച്ച് സിത്താര

സംഗീത സംവിധായകന്‍ മോഹന്‍സിതാര മതംമാറിയെന്ന് പ്രചരണം 

താന്‍ മാറിയിട്ടില്ല ക്രിസ്തുവിനെ അറിയാന്‍ ശ്രമിക്കുകയാണെന്ന് മോഹന്‍ സിതാര 

ജീവതാവസാനം വരെ ജനിച്ച മതത്തില്‍ തന്നെ തുടരുമെന്നും മോഹന്‍ സിതാര

പാസ്റ്റര്‍ ടിനു ജോര്‍ജ്ജിനൊപ്പം മോഹന്‍ സിത്താര സുവിശേഷ യോഗത്തില്‍ പങ്കെടുക്കുന്നതിന്‍െറ  എക്സ്ക്ലൂസീവ് വീഡിയോ വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നു. 

 -ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: സംഗീത സംവിധായകനും ഗായകനുമായ മോഹന്‍ സിത്താര മതംമാറിയെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം അഴിച്ച് വിടാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. കൊട്ടാരക്കരയിലുള്ള പാസ്റ്റര്‍ ടിനു ജോര്‍ജിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ സുവിശേഷ യോഗത്തില്‍ അദ്ദേഹത്തിനൊപ്പം മോഹന്‍ സിത്താര ഹല്ലേലൂയ പാടുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഘികള്‍ ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ താന്‍ മതം മാറിയിട്ടില്ലെന്നും യേശുവിനെ അറിയാന്‍ ശ്രമിക്കുകയാണെന്നും മോഹന്‍ സിത്താര വൈഫൈ റിപ്പോര്‍ട്ടറോട് വ്യക്തമാക്കി. മരിക്കും വരെ ജനിച്ച മതത്തില്‍ തന്നെ വിശ്വസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘികളുടെ പോസ്റ്റ്

പാസ്റ്ററുമൊത്ത് മോഹന്‍ സിത്താര ഹല്ലേലൂയ പാടാന്‍ തുടങ്ങിയതോട സംഘികള്‍ ഇട്ട പോസ്റ്റ് ഇങ്ങിനെ: “പെരുവല്ലൂര്‍ കല്ലുന്തോട്ടില്‍ ശ്രീമാന്‍ കുമാരന്റേയും  ശ്രീമതി ദേവകിയുടേയും മകന്‍ മോഹന്‍  മതം മാറി. അതായത് സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ഹിന്ദുമതം ഉപേക്ഷിച്ചു ക്രിസ്ത്യന്‍ മതം സ്വീകരിച്ചു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയാറില്‍ തുടങ്ങിയ സിനിമാസംഗീത ജീവിതം രണ്ടായിരത്തി പതിനാറിലെത്തുമ്പോള്‍ മോഹന്റെ മോഹങ്ങള്‍ക്ക് ഹിന്ദുമതം  ദോഷം  വരുത്തിയതായി അറിയില്ല. ഭക്തിഗാനങ്ങളുള്‍പ്പടെ ധാരാളം ഹിറ്റുകള്‍ക്ക് ഈണമിട്ടയാള്‍ പിന്നെന്തിന് ക്രിസ്ത്യന്‍ മതം സ്വീകരിച്ചു എന്ന് ചോദിക്കുന്നതില്‍ കഴമ്പില്ല. മോഹനന് മാത്യു ആകാം മമ്മൂഞ്ഞാകാം എന്തുമാകാം. ചേരാനായി കിഴി കിട്ടും ചേര്‍ന്നായാല്‍ പിന്നെ  തൊഴി കിട്ടും.

ഒന്നു മുതല്‍ പൂജ്യം വരെയില്‍ നിന്ന് തുടങ്ങിയ സംഗീത ജീവിതം മോഹനന്‍ സ്വന്തം ജീവിതത്തില്‍ അത് നടപ്പിലാക്കി. ഒന്നില്‍ നിന്ന്  പൂജ്യത്തിലേക്ക് പോയ  മോഹനന്‍ അങ്ങിനെ നൈസായി  മൈനസ്സായി. സംശയിക്കപ്പെടേണ്ട മാതൃത്വവും പരിശോധിക്കപ്പെടേണ്ട പിതൃത്വവും ആണ് ഉള്ളതെങ്കില്‍  മതത്തിനൊപ്പം അതും കൂടിയങ്ങ് ഉപേക്ഷിക്കണം മോഹനാ അതാണതിന്റെ ശരി? “. ഇങ്ങനെപോകുന്നു സംഘികളുടെ പോസ്റ്റ്

പാസ്റ്റര്‍ ടിനുജോര്‍ജ്ജിനൊപ്പം മോഹന്‍സിതാര ഒരു സുവിശേഷ യോഗത്തില്‍ പങ്കെടുക്കുന്നതിന്‍െറ വീഡിയോ കാണുക

പാസ്റ്റര്‍ക്ക് പോപ്പുലാരിറ്റി

അതേസമയം മോഹന്‍ സിത്താരയെ പോലെ അറിയപ്പെടുന്ന ഒരു സിനിമാ സംഗീത സംവിധായകനെ ക്രിസ്തുവിന്റെ വഴിയില്‍ കൊണ്ടുവന്നെന്ന തരത്തിലുള്ള പ്രചരണമാണ് പാസ്റ്റര്‍ ടിനു ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന് മനസിലാക്കാവുന്നത്. ഇത് വഴി അദ്ദേഹത്തിനും പബ്‌ളിസിറ്റി കിട്ടും.

മാത്രമല്ല കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും കഴിയും. കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പുകാലത്ത് പത്തനാപുരത്ത് മത്സരിച്ച സിനിമാതാരം ഗണേഷ് കുമാറിന്‍റെ തലയില്‍ കൈവെച്ച് ഈ പാസ്റ്റര്‍ പ്രാര്‍ത്ഥിക്കുന്നതിന്‍െറ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ പണം വാങ്ങിയ ശേഷം സുവിശേ യോഗങ്ങളിലും മറ്റും പാടാനും ഭക്തിഗാനമേള നടത്താനും പല ഗായകരും സെലിബ്രിറ്റികളും പോകുന്നുണ്ട്. അതിന്റെ ഭാഗമായാണ് മോഹന്‍ സിത്താരയും പോയതെന്ന് ആരോപിക്കുന്ന സംഘികളുമുണ്ട്.

ഏതായാലും മോഹന്‍ സിതാര മതം മാറിയെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങള്‍ കത്തിപ്പടരുമെന്ന് ഉറപ്പാണ്.