കോണ്‍ഗ്രസ് ഒരു വികാരമെങ്കില്‍ ഉമ്മന്‍ ചാണ്ടി ആവേശമെന്ന് പ്രചാരണം ; രാജിവെയ്ക്കാന്‍ സമ്മര്‍ദ്ദം

 

രാഷ്ട്രീയകാര്യ സമിതിയിലെ അംഗത്വം രാജിവെക്കാന്‍ ചാണ്ടിക്ക് മേല്‍ എ ഗ്രൂപ്പ് സമ്മര്‍ദ്ദം 

ഹസനെ മാറ്റി മുരളീധരനെ ഗ്രൂപ്പ് വക്താവാക്കാനും ആലോചന

-പി.എ.സക്കീര്‍ഹുസൈന്‍-

തിരുവനന്തപുരം, ഡി.സി.സി പുനസംഘടനയിലുള്ള അതൃപ്തിയെ തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് രാഷ്ട്രീയകാര്യ സമിതി അംഗത്വം രാജിവയ്ക്കണമെന്ന ആവശ്യം എ ഗ്രൂപ്പില്‍നിന്നുയരുന്നു.

നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയകാര്യസമിതി അംഗത്വം രാജിവച്ച് നേതൃത്വത്തിനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന നിര്‍ദ്ദേശമാണ് എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഗ്രൂപ്പ് നേതാക്കളുടെ ഈ നിര്‍ദ്ദേശത്തോട് ഉമ്മന്‍ ചാണ്ടി ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഇതിനിടെ ഉമ്മന്‍ ചാണ്ടിയുടെ സൗകര്യവും സമയവും പരിഗണിച്ച് മാത്രമെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരുകയുള്ളെന്ന് സുധീരന്‍ അറിയിച്ചിരുന്നു. എന്നാല്‍ തന്റെ സൗകര്യം ആരും പരിഗണിക്കേണ്ടതില്ലെന്നും യോഗം വിളിച്ചാല്‍ സൗകര്യമുണ്ടെങ്കില്‍ പങ്കെടുക്കുമെന്നുമുള്ള നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്.

നയരൂപവത്കരണത്തിനും പാര്‍ട്ടി പുനസംഘടനക്കുമായി ഹൈക്കമാര്മാഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി രൂപീകരിച്ചത്. ഇതില്‍ ഉമ്മന്‍ ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഉള്‍പ്പെടെ 21 അംഗങ്ങളാണുള്ളത്.

കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ തന്നോട് കാട്ടിയ അവഗണനയ്‌ക്കെതിരായ പ്രതിഷേധത്തില്‍ അയവ് വരുത്താന്‍ ഉമ്മന്‍ ചാണ്ടിയോ ഗ്രൂപ്പ് നേതാക്കളോ ഇതുവരെ തയാറായിട്ടില്ല. എ.കെ ആന്റണി നേരിട്ടെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കടുത്ത നിലപാടുമായി മുന്നോട്ടു പോകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. സുധീരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് സംഘടനാ തെരഞ്ഞെടുപ്പ് അടിയന്തിരമായി നടത്തണമെന്നതാണ് എ ഗ്രൂപ്പിന്റെ നിലപാട്. ഇതില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകേണ്ടതില്ലെന്നും ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടിയിലുള്ള സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ഡലം- ബൂത്ത് കമ്മിറ്റികള്‍ മുതല്‍ക്കുള്ള ഘടകങ്ങളിലെ പ്രവര്‍ത്തനം എ ഗ്രൂപ്പ് ശക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് ഒരു വികാരമാണെങ്കില്‍ ഉമ്മന്‍ ചാണ്ടി ഒരാവേശമാണ് എന്ന ഹാഷ്ടാഗിലുള്ള പ്രചാരണമാണ് എ ഗ്രൂപ്പ് വാട്‌സ്ആപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ നടത്തുന്നത്.

ഉമ്മന്‍ ചാണ്ടിക്കു വേണ്ടി മണ്ഡലം ബ്ലോക്ക് തലങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡയയിലെ ഇടപെടലുകള്‍ക്ക് പിന്നാലെ പ്രദേശിക തലങ്ങളില്‍ ഗ്രൂപ്പ് യോഗങ്ങളും സജീവമായി.
കെ.മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സജീവമായി കളത്തിലിറക്കുന്നതിനെക്കുറിച്ചും ഗ്രൂപ്പ് നേതൃത്വം ആലോചിക്കുന്നുണ്ട്. നിലവില്‍ ഗ്രൂപ്പ് വക്താവായി അറിയപ്പെടുന്ന എം.എം ഹസനെതിരെ ജയ്ഹിന്ദ് ടി.വിയിലെ നിക്ഷേപതട്ടിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുയരുന്ന സാഹചര്യത്തിലാണ് മുരളീധരനെ പോലുള്ള ജനപ്രിയനേതാക്കളെ കളത്തിലിറക്കാന്‍ ഉമ്മന്‍ ചാണ്ടിയെ പ്രേരിപ്പിക്കുന്നത്.