ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;എട്ടു പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.വയനാട്ടിലും കണ്ണൂരിലും ഒരാള്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.

എട്ടു പേര്‍ രോഗമുക്തി നേടി. കണ്ണൂരിൽ ആറും ഇടുക്കിയിൽ രണ്ടും കേസുകളാണ് നെഗറ്റീവ് ആയത്. സംസ്ഥാനത്ത് 499 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 96 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് ആകെ 21,894 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇതില്‍ 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 80 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

ഇതുവരെ 31,183 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 30,358 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആകെ 80 ഹോട്ട്സ്പോട്ടുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.23 ഹോട്സ്പോട്ടുകൾ കണ്ണൂർ ജില്ലയിലാണ്.