പൊതുഗതാഗതം ഉണ്ടാകില്ല; ഞായറാഴ്ച്ചകളില്‍ കടകളും സ്ഥാപനങ്ങളും തുറക്കരുത്

തിരുവനന്തപുരം: ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഈ ഞായറാഴ്ച (മേയ് 3) അതു പൂര്‍ണമായി നടപ്പിലാക്കില്ലെന്നും എന്നാല്‍ തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ ഈ നിയന്ത്രണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തു പൊതുഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാറില്‍ ഡ്രൈവറല്ലാതെ രണ്ടു പേര്‍ക്കു മാത്രം സഞ്ചരിക്കാം. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഇതും അനുവദിക്കില്ല. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ.
അത്യാവശ്യ യാത്രകള്‍ക്കു കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവുണ്ടാകും. ആളുകള്‍ കൂടിച്ചേരാന്‍ പാടില്ലെന്നും തിയറ്റര്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒന്നിലധികം നില ഇല്ലാത്ത ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ക്ക് അഞ്ചില്‍ താഴെ ജീവനക്കാരുമായി തുറന്നു പ്രവര്‍ത്തിക്കാം. ഇത് ഗ്രീന്‍, ഓറഞ്ച് സോണില്‍ മാത്രമാണ് ബാധകമായിരിക്കുക. ഗ്രീന്‍, ഓറഞ്ച് സോണില്‍ ടാക്‌സി, ഊബര്‍ ടാക്‌സി എന്നിവ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച പൊതുവായ മാര്‍ഗനിര്‍ദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നുകൊണ്ടായിരിക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടനെ പുറപ്പെടുവിക്കുമെന്നും അറിയിച്ചു.