കൊവിഡ് വൈറസിന്റെ വിവരങ്ങള്‍ മറച്ചുവച്ചു,​ തെളിവുകള്‍ നശിപ്പിച്ചു ; ചൈന ലോകത്തെ വഞ്ചിച്ചെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ബീജിംഗ്: കൊവിഡ് വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചൈന മറ്റുരാജ്യങ്ങളില്‍ നിന്ന് മറച്ചുവച്ചെന്ന് റിപ്പോര്‍ട്ട്. സാര്‍സ് കോവ് -2 വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതിനെക്കുറിച്ച്‌ ചൈന ലോകരാജ്യങ്ങളെ അറിയിച്ചില്ലെന്ന് അഞ്ച് രാജ്യങ്ങളുടെ ഇന്റലിജന്‍സ് സഖ്യമായ ഫൈവ് ഐസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലെ ചാരസംഘടനകളുടെ സംയുക്ത സംരംഭമാണ് ‘ഫൈവ് ഐസ്’. ഇവരുടെ രേഖകള്‍ ചോര്‍ന്നതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ മറ്റു രാജ്യങ്ങളെ സഹായിക്കാന്‍ ചൈന തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറസിന്റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചതാണ് ലോകമാകെ രോഗവ്യാപനത്തിനു കാരണമായതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പടരുന്ന കാര്യം അറിയില്ലെന്നാണ് ചൈന പറഞ്ഞത്.

വുഹാനിലെ വെറ്റ് മാര്‍ക്കറ്റിനു സമീപത്തുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നതിനു തെളിവു ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ സാറ്റര്‍ഡെ ടെലഗ്രാഫാണ് രേഖകള്‍ പുറത്തുവിട്ടത്. വവ്വാലുകളുമായി ബന്ധപ്പെട്ട വൈറസുകളെക്കുറിച്ച്‌ അപകടകരമായ പരീക്ഷണങ്ങളാണു ലാബില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകരാജ്യങ്ങളില്‍നിന്നു മറച്ചുവച്ച ചൈന, രോഗത്തെക്കുറിച്ചുള്ള എല്ലാ തെളിവുകളും രഹസ്യമായി നശിപ്പിക്കുകയായിരുന്നു. ലാബോറട്ടറി സാമ്ബിളുകള്‍ നശിപ്പിച്ചു, വെറ്റ് മാര്‍ക്കറ്റ് അണുവിമുക്തമാക്കി വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്തുന്നതിന് തടസം സൃഷ്ടിച്ചു.

ലക്ഷണങ്ങളില്ലാത്ത വൈറസ് വാഹകരെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈന രഹസ്യമാക്കി വയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നത് തടയാനായി ഡിസംബറില്‍ തന്നെ സെര്‍ച്ച്‌ എന്‍ജിനുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തി.

ചൈന രോഗലക്ഷണങ്ങളില്‍ ഇല്ലാത്തവരില്‍ രോഗം കണ്ടെത്തിയ കാര്യങ്ങള്‍ മറച്ചുവെച്ചു. സാമ്ബിള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ അവര്‍ തയ്യാറായില്ല. വാക്‌സിനിലൂടെ നേട്ടമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ലോകാരോഗ്യ സംഘടനയും ചൈനയുടെ വാദങ്ങള്‍വിശ്വസിച്ചു. മനുഷ്യനില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്നത് കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയും പറഞ്ഞത്. ഡിസംബറില്‍ തന്നെ ഇക്കാര്യം ചൈനയ്ക്ക് അറിയായാമായിരുന്നു. ഇത് പടര്‍ന്ന് ഭീഷണിയാവുന്നത് വരെ ചൈന നോക്കിനിന്നു. ഒടുവില്‍ ജനുവരി 20നാണ് അവര്‍ വൈറസ് പടരുന്നതാണെന്ന വിവരം പുറത്തുവിട്ടതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.