അമാന്തിച്ചാൽ കാത്തിരിക്കുന്നത് ദുരന്തത്തിന്റെ ദിനങ്ങളാണ്

ഡോ.സുനിൽ. പി.കെ

കേരളത്തിലെ കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾ ലോകമെങ്ങും ഏറെ പ്രശംസയ്ക്ക് പാത്രീഭവിച്ചവയാണ്.എന്നാൽ നമ്മൾ ഇനിയും മെച്ചപ്പെടേണ്ട ഒരു പ്രധാന മേഖലയുണ്ട്.അത് ആശുപത്രികൾ കേന്ദ്രീകരിച്ച് രോഗവ്യാപനം തടയുന്ന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത് സംബന്ധിച്ചാണ്.മിക്കവാറും എല്ലാ ആശുപത്രികളിലും ഓ.പി.യിലെ തിരക്ക് വീണ്ടും വർധിച്ചിട്ടുണ്ട്. മാസ്ക് ഉപയോഗിക്കുന്ന ശീലം ഏതാണ്ട് ആളുകളിൽ ഉറച്ചിട്ടുണ്ടെങ്കിലും ശരിയായ വിധത്തിൽ മാസ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം തുലോം കുറവാണ്.

സാമൂഹിക അകലം പാലിക്കുക എന്നതും പലപ്പോഴും നടപ്പാവുന്നില്ല എന്നതാണ് ദുഃഖകരമായ യാഥാർത്ഥ്യം. ഓ.പി മുറികൾക്ക് മുന്നിൽ രോഗികളും കൂടെ വന്നവരും കൂടിക്കലർന്നു നിൽക്കുന്ന കാഴ്ചയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.ഏറ്റവും ശ്രദ്ധ പതിപ്പിക്കേണ്ട കൂട്ടർ കൂട്ടിരുപ്പുകാരാണ്. ശസ്ത്രക്രിയകൾക്കും പ്രസവത്തിനും മറ്റുമായി അഡ്മിറ്റ് ആവുന്ന രോഗികളുടെ കൂടെ പലപ്പോഴും ഒന്നിലധികം കൂട്ടിരുപ്പുകാരുണ്ടാവും.മാത്രവുമല്ല ഐ.സി.യു , മറ്റേണിറ്റി വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നിവിടങ്ങളിൽ കൂട്ടിരുപ്പുകാരെ സാധാരണയായി അനുവദിക്കാറില്ല. കൂടാതെ കുട്ടികളോ സ്ത്രീകളോ അഡ്മിറ്റ് ആവുകയാണെങ്കിൽ പുരുഷന്മാരായ കൂട്ടിരുപ്പുകാരെ വാർഡിനകത്ത് നിൽക്കാൻ അനുവദിക്കാറുമില്ല.

സ്വാഭാവികമായും നിരവധിയായ കൂട്ടിരുപ്പുകാർ വാർഡുകൾക്ക് മുമ്പിലും ഐ.സി.യു. വിന് മുമ്പിലും സന്ദർശകർക്കായുള്ള കാത്തിരുപ്പുമുറിയിലും മറ്റുമായി ഇടതിങ്ങി ഇരിക്കേണ്ടി വരുന്നു.സർക്കാർ ആശുപത്രികളിൽ മിക്കയിടത്തും കൂട്ടിരുപ്പുകാർക്കായി ഡോർമിറ്ററി സൗകര്യങ്ങൾ ലഭ്യമല്ല. രാത്രി സമയങ്ങളിൽ ആശുപത്രികളുടെ മുൻവശത്തും വിവിധ ഇടനാഴികളിലും നിലത്ത് പായയോ പത്രമോ വിരിച്ചോ ബെഞ്ചിലോ ഒക്കെയായി ഇവർ തിങ്ങിക്കൂടി കിടക്കുന്നത് പതിവുകാഴ്ചകളിൽ ഒന്നാണ്.ഇക്കൂട്ടത്തിൽ കൊറോണ ബാധിതരായ ആളുകൾ ഉണ്ടെങ്കിൽ രോഗം പടർന്നു പിടിക്കാൻ എന്തെളുപ്പമാണ് എന്നോർത്തു നോക്കൂ !

ലോക്ക് ഡൗണിൽ ഇളവുകൾ കൂടുതലായി പ്രഖ്യാപിക്കുമ്പോൾ ആശുപത്രികളിലേക്ക് കൂടുതൽ ആളുകൾ ചികിത്സ തേടിയെത്തും.കൊറോണ വ്യാപനത്തിനുള്ള പ്രഭവ കേന്ദ്രങ്ങളായി നമ്മുടെ ആശുപത്രികൾ മാറാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അമാന്തിച്ചാൽ നമ്മെ കാത്തിരിക്കുന്നത് ദുരന്തത്തിന്റെ ദിനങ്ങളാണ്.