ഒളിച്ചോടിയ ഭാര്യ (കഥ-മീനാക്ഷി മീനു)


എന്നത്തേയും പോലെ ഓഫിസ് കഴിഞ്ഞു ആ വഴി ഫ്രണ്ട്‌സുമായി പുറത്തുപോയി രണ്ടും പെഗ്ഗും അടിച്ചു പുറത്തിറങ്ങിയപ്പോഴുണ്ട് നശിച്ചയൊരു മഴ.എന്തായാലും ഇത് കഴിഞ്ഞു പോകാമെന്നോർത്ത് കുറച്ചുനേരം പുറത്ത് തന്നെ മഴ നോക്കി നിന്നു.നല്ല തണുപ്പുണ്ട്.

സമയമെത്രയായി കാണും.പോക്കറ്റിൽ നിന്നും മൊബൈൽ ഓണ് ചെയ്തു നോക്കിയതും തെളിഞ്ഞു കണ്ടു 9.10.

ഹാ ഇനിയും സമയമുണ്ട് എന്നാലോചിച്ചു മൊബൈൽ തിരികെ വെയ്ക്കാൻ ഒരുങ്ങിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഇന്നൊരു കോൾ പോലും വന്നിട്ടില്ലല്ലോ മീനുവിന്റെ വക.അല്ലെങ്കിലിപ്പോ ഒരു പത്തെണ്ണം വരേണ്ട സമയം കഴിഞ്ഞു.
ഒരിക്കലും എടുക്കാറില്ല.എന്നാലും നന്നാവില്ല. വിളിച്ചു വെറുപ്പിച്ചോളും. ഇന്നെന്നാ പറ്റിയോ എന്തോ.

മഴയൊരു വിധം കുറഞ്ഞതും വേഗം വീട്ടിലേക്ക് വെച്ചു പിടിച്ചു.വീടിന് മുന്നിൽ വന്നു ഹോണ് അടിച്ചിട്ടും ആരും വാതിൽ തുറക്കുന്നില്ല.ഇവളിത് എന്നാ എടുക്കുവാ അകത്ത്. ആകെ ദേഷ്യം വന്നു. ഗേറ്റ് തള്ളി തുറന്ന് കാർ പാർക്ക് ചെയ്തു നോക്കിയപ്പോ ഉണ്ട്. വീടിന്റെ മുൻവശത്ത് പോലും വെളിച്ചമില്ല.
ആളുള്ള വീട് തന്നെയാണോ ഇത് എന്നാലോചിച്ചു കൊണ്ട് കതക് തുറന്നതും അകത്തും വെളിച്ചമില്ല.

വേഗം ലൈറ്റ് ഇട്ടു നോക്കി., കതക് പോലും ലോക്ക് ചെയ്യാതെ ഇരുട്ടത്ത് ഇവളെന്നാ എടുക്കുവാ.ഈ പെണ്ണിന്റെ കാര്യമായത് കൊണ്ടു ഒന്നും പറയാൻ കഴിയില്ല. മുറിയിൽ ഇരുട്ടത്ത് കുറേനേരം ഇരിക്കുന്നത് കാണാം.ചോദിച്ചാൽ പറയും നല്ല രസല്ലേ രാജീവേട്ടാന്ന്.എന്ത് രസം!..ആർക്കറിയാം.

റൂമിലൊന്നും അവളില്ല.വീട് മുഴുവൻ അരിച്ചുപെറുക്കി നോക്കി.ഉച്ചത്തിൽ മീനൂ..എന്നു വിളിച്ചു നോക്കി.അവളില്ല. ഇവിടെയെങ്ങും അവളില്ല.ആകെമൊത്തം അതുവരെയില്ലാത്തയൊരു ഭയമെന്നെ ബാധിച്ചു തുടങ്ങി

എവിടെപ്പോയി ഇവൾ?.. അതുമീ അസമയത്ത്.ഇനി വല്ലയിടത്തും തലകറങ്ങി വീണോ.അതോയിനി വേറെ വല്ലതും പറ്റിയോ.

അല്ലെങ്കിലും എന്നെ ടെൻഷൻ ആക്കുക അവൾക്കൊരു വിനോദമാണ്. അറ്റൻഷൻ സീക്കിങ്.അതിനുവേണ്ടി എന്തും ചെയ്യും.ഇവിടെ എവിടെയെങ്കിലും തന്നെ മറഞ്ഞിരുപ്പുണ്ടാകും.അവിടെ ഇരിക്കട്ടെ.മടുക്കുമ്പോൾ തന്നെ വരും.

ടേബിളിൽ ഇരുന്ന വെള്ളമെടുത്തു കുടിച്ചിട്ട് സോഫയിൽ പോയി കുറച്ചുനേരം ഇരുന്നു. കുടിച്ചതൊക്കെ ആവിയായി പോയി. ഇങ്ങു വരട്ടെ പെടലി അടിച്ചു തിരിക്കണം. കുറച്ചൊന്നുമല്ല അഹങ്കാരം.

ഇരുന്നിട്ട് ഇരുപ്പുറയ്ക്കുന്നില്ല.വേഗം എഴുന്നേറ്റ് ബെഡ്റൂമിലേക്ക് ചെന്നു ഓരോ മുക്കും മൂലയും നോക്കി.പെട്ടെന്നാണ് അത് കണ്ടത്.

അവളെന്നും കുത്തിയിരുന്നു ഓരോന്ന് എഴുതാറുള്ള ടേബിളിൽ ലാമ്പിന്റെ കീഴിൽ കയറ്റിവെച്ച നിലയിൽ ഒരു കടലാസ്.

“ഒരു യാത്ര പോവുകയാണ്.കഴിവതും വേഗം തിരികേവരണമെന്നു കരുതി മാത്രം പോകുന്നയൊരു യാത്ര.അല്ലെങ്കിലും വരാതെയെവിടെ പോകാൻ.ഇവിടെ തുടങ്ങി ഇവിടെ തന്നെയവസാനിക്കുന്നയൊന്നാണല്ലോ എന്നും ഞാൻ.

രാജീവേട്ടാ.., എന്റെ രാജീവേട്ടാ.നിങ്ങളെ സ്നേഹിച്ചത് പോലെ ഞാനീ ഭൂമിയിൽ മറ്റൊന്നിനെയും സ്നേഹിച്ചിരുന്നില്ല എന്നു മാത്രം അറിയുക.

മീനാക്ഷി.”

കണ്ണു ചുവന്ന് വന്നയൊരു കലിക്ക് എഴുത്ത്
ചുരുട്ടിക്കൂട്ടി നിലത്തേക്കെറിഞ്ഞു. അതോടൊപ്പം ടേബിളിൽ ഇരുന്ന ബുക്കും പേപ്പറും പേനയും ഒക്കെ പറ പറന്നു.
സഹിക്കുന്നതിനൊരു പരിധിയുണ്ട്. തിരികെ വരും പോലും.,
വരട്ടെ ഇങ്ങോട്ട്.കാണിച്ചു കൊടുക്കാം ഞാനാരാണെന്നു.

കുറെ നേരം ബെഡിൽ അങ്ങിനെയിരുന്നു. ഇരുപത്തിനാല് മണിക്കൂറും പുസ്തകം വായിച്ചു ഓരോന്ന് കുത്തിക്കുറിച്ചു അങ്ങിനെയിരിക്കും.രാത്രിയായാൽ നടക്കാൻ പോകണം.മഴ വന്നാൽ നനയണം.എപ്പോഴും എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കണം.
ശരിക്കുമൊരു ഭ്രാന്തി പെണ്ണ്. എത്ര പറഞ്ഞു മനസിലാക്കിയാലും മാറാൻ തയ്യാറല്ലായിരുന്നു അവൾ.ഇപ്പൊ കണ്ടില്ലേ ഒരെഴുത്തും എഴുതി വെച്ചു എങ്ങോട്ടോ ഇറങ്ങി പോയിരിക്കുന്നു.

സമയം കടന്നു പോകുന്തോറും ആകെയൊരു ഭയം.എവിടെയാവും അവൾ?.ഫോണെടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു.നോട്ട് റീച്ചബിൾ.

ഹോ…തല പെരുക്കുന്നു.അലമാര തുറന്ന് അവളുടെ ഫോണിന്റെ ബോക്‌സ് കയ്യിലെടുത്തു സൈബർ സെൽ ൽ വർക്ക് ചെയ്യുന്ന ഫ്രണ്ട്നെ വിളിച്ചു മൊബൈൽ നമ്പറും ഫോണിന്റെ IMEI നമ്പറും പറഞ്ഞു കൊടുത്തു.ഫോണ് സ്വിച്ച് ഓഫ് ആണ്.ലാസ്റ്റ് ടവർ വീട് നിൽക്കുന്നിടത്ത് തന്നെയാണ്.രാവിലെ 11 മണിയോടെ ഫോണ് ഓഫ് ആയി.ശരി ഇനി ഫോണ് ഓണ് ആവുകയോ വേറെ സിം കാർഡ് ഇൻസെർട് ആവുകയോ ചെയ്താൽ എന്നെ അറിയിക്കണം എന്നു പറഞ്ഞിട്ട് ഞാൻ ഫോണ് വെച്ചു.

അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. അലമാരയിൽ അവളുടെ വസ്‌ത്രങ്ങൾ ഒന്നുമില്ല.അത് ശരി,അപ്പൊ എല്ലാം വാരി കെട്ടിക്കൊണ്ടാണ് പോയിരിക്കുന്നത്. രണ്ടും കല്പിച്ചാണ്.പോയി തുലയട്ടെ!.

ഡൈനിങ്ങ് ടേബിളിൽ ചോറും കറികളും ഒക്കെയുണ്ടാക്കി വെച്ചിട്ടുണ്ട്. ആർക്ക് തിന്നാനാണ്?..ആവശ്യത്തിൽ കൂടുതൽ തീ തിന്നുന്നുണ്ടല്ലോ ഞാൻ.

വണ്ടിയെടുത്ത് പോയി ഒന്ന് അന്വേഷിച്ചാലോ എന്നുണ്ട്.എവിടെ പോയി അന്വേഷിക്കാനാണ്.എന്റെ വിധി.
ഇത്തിരി ബോധമുള്ള ഒരെണ്ണത്തിനെ കെട്ടിയാൽ മതിയായിരുന്നു.ന്നാലും രാത്രി ബാത്രൂം പോണെങ്കിൽ കൂടി എന്നെ വിളിച്ചുണർത്തുന്ന ഇവള് ഈ രാത്രി എങ്ങിനെ ഭയക്കാതെ.ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.

വെറുതെ കുറച്ചുനേരം കൂടി സോഫയിൽ പോയിരുന്നു.അവളുണ്ടെങ്കിൽ ഇങ്ങനെ ഇരിക്കാൻ സമ്മതിക്കില്ല..,അപ്പൊ വരും എന്തേലും പറഞ്ഞു കൊണ്ട്.അതും മനുഷ്യന് മനസിലാകാത്ത കുറെ സാഹിത്യം.ഒന്ന് മൊബൈൽ നോക്കാനോ.. ടിവി കാണാനോ ഒന്നും സമ്മതിക്കാതെ എപ്പോഴും കലപില പറഞ്ഞോണ്ടിരിക്കും. ഒച്ചയെടുത്ത് ഓടിക്കുന്നത് വരെ.

ഒന്ന് പറഞ്ഞ രണ്ടിന് കണ്ണ് നിറയും. അതുകാണുമ്പോഴാ എനിക്കങ്ങു കലി വരുന്നത്.കരഞ്ഞാൽ മതിയല്ലോ എന്തെങ്കിലും പറഞ്ഞാൽ.

ഡൈനിങ്ങ് ടേബിൾനു മുകളിൽ അവളുടെ ഡയറി.ഒരു പണിയും ഇല്ലാത്തപ്പോ അതൊരു പണി.അല്ലാതെയെന്ത്.
ഡയറി എഴുതാൻ ഇവളെന്താ നഴ്‌സറികുട്ടിയാണോ.

ഒന്ന് വായിച്ചു നോക്കിയാലോ.അല്ലെങ്കിൽ വേണ്ട..,

അല്ലെങ്കിൽ നോക്കിയേക്കാം.. എന്തേലും ഹിന്റ് കിട്ടിയാലോ.

മുഴുവൻ ഒന്നും വായിക്കാൻ വയ്യ.ഇടയ്‌ക്ക് നിന്ന് ഒരു പേജ് എടുത്തു വായിച്ചു.

“രാജീവേട്ടാ,
ബാൽക്കണിയിൽ കൂടുകൂട്ടിയിരുന്ന പ്രാവുകളില്ലേ.ഞാനന്ന് പറഞ്ഞ ആ പ്രണയജോഡികൾ.എപ്പോഴും കൊക്കുരുമിയിരിക്കുന്ന അവർക്കെ ഇപ്പൊ മൂന്ന് കുട്ടികൾ ഉണ്ടാകാൻ പോവ. മൂന്ന് മുട്ടയിട്ടിട്ടുണ്ട് പെണ്പ്രാവ്. അതുകൊണ്ട് കൂട്ടിൽ നിന്ന് മാറാതെ ഇരിക്കുവ അത്.ആണ്പ്രാവ് ഇടയ്ക്കിടെ ഓടി വരും പഴയപോലെ കൊക്കുരുമും. കുറെ സ്നേഹിക്കും.അവർ ഭാര്യാഭർത്താക്കന്മാർ ആയിരിക്കുമോ?. നാളുകൾ കഴിഞ്ഞും സ്വന്തം ഭാര്യയെ പുതുമയോടെ സ്നേഹിക്കാൻ അതിന് മാത്രം എങ്ങിനെ കഴിയുന്നു.?.”

ങേ…ഇതെന്തുവ. ഇതൊക്കെയാണോ ഡയറിയിൽ എഴുതുന്നത്.പ്രാവിന് എന്തുമാകാം.ജോലിക്ക് പോകണ്ട, ടാർഗറ്റ് അച്ചീവ്‌ ചെയ്യണ്ട.EMI പിന്നെ റെന്റ് ഒന്നും അടയ്ക്കണ്ട.ഇരുപത്തിനാല് മണിക്കൂറും ഭാര്യയെ സ്നേഹിക്കാം.അതുപോലെ ആണോ എന്നെപോലെയുള്ള പാവപ്പെട്ട ഭർത്താക്കന്മാരുടെ കാര്യം.

അടുത്ത പേജ് കൂടി ഒന്ന് നോക്കി.

“രാജീവേട്ടാ,
ഞാനാദ്യമായി കടല് കണ്ടത് എപ്പോഴാണ് എന്നറിയാമോ.സത്യം പറഞ്ഞ എനിക്കും അതോർമ്മയില്ല. പക്ഷെ എപ്പോ കണ്ടാലും ആദ്യമായി കടല് കാണുന്നയൊരു കുട്ടിയുടെ കൗതുകത്തോടെ ഞാൻ കടൽത്തിരകളെ നോക്കിയിരിക്കാറുണ്ട്. എന്നാണ് നമ്മളൊന്നിച്ചു അതുപോലെ ഒന്ന് കടല് കാണുക.കൈ കോർത്തുപിടിച്ചു നനഞ്ഞ കാലപാദങ്ങളുമായി ദീര്ഘദൂരം നടക്കുക.?”

എപ്പോഴും പറയും കടല് കാണണം എന്ന്. എന്നാ ഇരിക്കുന്നു അവിടെ കാണാൻ.കടലെന്നും പഴയപോലെ തന്നെ എന്നും പറഞ്ഞു ഞാൻ തടി തപ്പും.അല്ല ഞാനെന്താ ഒരിക്കൽ പോലും അവളെ കൊണ്ടുപോകാതെയിരുന്നത്?

അടുത്ത പേജ് നോക്കി,

“രാജീവേട്ടാ,
ഞാനൊരു കഥ പറയാം.ഒരിടത്ത് യന്ത്രം പോലെ ഓടി നടക്കുന്നയൊരാണും,നാലു ചുവരുകൾക്കുള്ളിൽ ചിരിക്കാൻ മറന്നുപോയൊരു പെണ്ണും ജീവിച്ചിരുന്നു. ആണ് യാഥാർഥ്യങ്ങൾക്കുള്ളിൽ ഉണ്ടും ഉറങ്ങിയും കാലം കഴിച്ചപ്പോൾ പെണ്ണ് സ്വപ്നലോകത്ത് മാത്രം ചിരിച്ചും കളിച്ചും ജീവിച്ചു.ഒരു പുതപ്പിനടിയിൽ ഒരുവൻ മതിമറന്നുറങ്ങുമ്പോഴും ഒരുവൾ ഗാഢമായൊരാലിംഗനം പ്രതീക്ഷിച്ചു കണ്ണ് തുറന്നു കിടന്നു നേരം വെളുപ്പിച്ചു. ഒരിക്കലും അവൻ അവളുടെ ലോകത്തിലേക്കോ അവൾ അവന്റെ ലോകത്തിലേക്കോ ഇറങ്ങി വന്നതുമില്ല. എന്നിട്ടുമവർ ഒന്നിച്ചു ജീവിക്കുന്നതെന്തൊരു തമാശയാണ് അല്ലെ.ഞാനിന്ന് അതോർത്ത് കുറെ ചിരിച്ചു.”

ഉള്ളിലെവിടെയോക്കെയോ കുത്തുന്നത് പോലെ.പലപ്പോഴും പലതും കണ്ടില്ലെന്ന് നടിച്ചിരുന്നുവോ.,അവൾക്കായി മാറ്റി വെയ്ക്കാൻ അല്പം സമയം പോലും എനിക്കുണ്ടായിരുന്നില്ല.

അടുത്ത പേജ് ,അതിനടടുത്ത പേജ് അങ്ങിനെ എല്ലാം കുത്തിയിരുന്നു വായിച്ചുനോക്കി.
എല്ലാം എന്നോട് പറഞ്ഞിരിക്കുന്നവ, അല്ലെങ്കിൽ എന്നോട് പറയാനുള്ളവ. ഇഷ്ടങ്ങൾ,ആഗ്രഹങ്ങൾ,സ്വപ്നങ്ങൾ. ഒരിക്കൽ പോലും എന്നോട് പറഞ്ഞിട്ടില്ലാത്തവ അല്ലെങ്കിൽ കേൾക്കാൻ ഞാൻ മനസ്സ് കാണിക്കാത്തവയെല്ലാം രാജീവേട്ടാ എന്ന മുഖവുരയോടെ അവളെഴുതി തീർത്തിരിക്കുന്നു.

ചെറിയ കാര്യങ്ങൾ മുതൽ വലിയ കാര്യങ്ങൾ വരെ അതിലുണ്ട്.ഞാനെന്ത് കൊണ്ടാണ് ഇതൊക്കെ കാണാതെ പോയത്.

സമയം 11.40 ആയി.ആരേയാ ഒന്ന് വിളിക്കുക.അങ്ങിനെ ഒരു രാത്രി പോയി നിൽക്കാൻ മാത്രം അടുപ്പമുള്ള ആരുമില്ല അവൾക്കിവിടെ.കൂട്ടുകാരോ ബന്ധുക്കളോ ആരും.അവൾക്ക് ആകെയുള്ളത് ഞാനാണ്.

അതേ ഞാനാണ്.അത് ഞാനെന്തേ ഓർക്കാതെ പോയി.

കത്തിലെ അവസാന വരികൾ ഉള്ളിലേക്ക് ഇരമ്പിവന്നു.

“രാജീവേട്ടാ.., എന്റെ രാജീവേട്ടാ.നിങ്ങളെ സ്നേഹിച്ചത് പോലെ ഞാനീ ഭൂമിയിൽ മറ്റൊന്നിനെയും സ്നേഹിച്ചിരുന്നില്ല എന്നു മാത്രം അറിയുക.”

നെഞ്ചിലാകെ കൊളുത്തി വലിയ്ക്കുന്ന വേദന.എവിടെ നിന്നെങ്കിലും അവളെന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ.ഓരോ തവണ ആ പേര് ഫോണിൽ കാണുമ്പോൾ ഒക്കെ ഓർക്കും.ഇവൾക്ക് വേറെ ഒരു പണിയുമില്ലേ എന്ന്.പക്ഷെ ഇപ്പൊ.

എവിടെ നിന്നെങ്കിലും രാജീവേട്ടാ എന്നു വിളിച്ചുകൊണ്ടു അവൾ വരുമെന്ന് പറഞ്ഞു ഞാനെന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

വയ്യ…ഞാനിങ്ങനെ ഇരുന്നിട്ടോ.ഒന്ന് തിരക്കുകയെങ്കിലും ചെയ്യാം.വഴിയിൽ എവിടെങ്കിലും ഉണ്ടെങ്കിലോ ചിലപ്പോ.

വെറുതേ വണ്ടിയെടുത്ത് റോഡായ റോഡെല്ലാം ഓടിച്ചു നടന്നു. അവിടെയെങ്ങും ഒരു മനുഷ്യകുഞ്ഞു പോലുമില്ല.മണിക്കൂറുകൾ കടന്ന് പോയി.
നേരം വെളുക്കാൻ പോകുന്നു.

എന്ത് വേണം..?
എവിടെയാണ് എന്റെ പെണ്ണ്.? ആരോട് പറയണം.?എവിടെ തിരക്കണം? ആരോട് പറഞ്ഞാലും ആർക്കും അവളെ മനസിലാവില്ല.കെട്ടിച്ചമച്ച കഥകൾ പലതും കേൾക്കേണ്ടി വരും.എന്ത് ചെയ്യണം ഒന്നുമറിയില്ല എനിക്ക്.

ആകെ അലഞ്ഞു മനസ്സ് മരവിച്ച അവസ്ഥയിലാണ് വീട്ടിലേക്ക് കയറി വന്നത്.പോയപ്പോ കതകടയ്ക്കാൻ പോലും മറന്നുപോയി ഞാൻ.

തളർന്ന് വന്നു സോഫയിൽ ഇരുന്ന് കണ്ണടച്ചു.മുഖമാകെ നനയുന്നു.ഞാൻ കരയുകയാണോ എന്തോ.കണ്ണ് തുറക്കണ്ട. കരയുന്ന എന്നെ എനിക്ക് തീരെ ഇഷ്ടമല്ല.ഇപ്പൊ ഉള്ളിലെ വേദന അങ്ങിനെങ്കിലും തീരട്ടെ.

പെട്ടെന്ന്,

തണുത്ത വിരലുകൾ എന്റെ മുഖത്ത് തൊട്ടത് ഞാനറിഞ്ഞു.വളകൾ കിലുങ്ങുന്ന ശബ്ദം.

കണ്ണ് തുറന്ന് നോക്കിയതും മുന്നിലവൾ.

കണ്ടതും കൈ വീശിയൊന്ന് പൊട്ടിച്ചു. ഇടത്കവിളിൽ തന്നെ.
പ്ഡേ.. എന്നൊരു ശബ്ദം കേട്ടു.

കണ്ണീര് തുടയ്ക്കാൻ വന്നിരിക്കുന്നു അവൾ.

ഞാൻ കൈ കുടഞ്ഞു.എന്റെ കൈ പോലും നൊന്ത് പോയി..വേണ്ടായിരുന്നു.

കവിളും പൊത്തിപ്പിടിച്ചു നിൽക്കുന്ന പെണ്ണിനെ പിടിച്ചു നെഞ്ചിലേയ്ക്കിട്ട് ഇറുകെ കെട്ടിപിടിച്ചു.എന്തൊക്കെയോ പറയാനുണ്ട്.ഒന്നും വരുന്നില്ല.മുഖം പിടിച്ചുയർത്തി തെരുതെരേ ഉമ്മ വെച്ചു.

അത് പ്രതീക്ഷിച്ചെന്ന പോലെ ചെറു ചിരിയോടെയും അതേ സമയം നിറഞ്ഞൊഴുകുന്ന കണ്ണീരോടെയും അവളെല്ലാം നിന്നാസ്വദിച്ചു.

“എടി,_____മോളെ.,എനിക്ക് ഇങ്ങനൊക്കെ സ്നേഹിക്കാനെ അറിയൂ.. നിനക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നീ സഹിച്ചോ.എന്നാലും, ഇന്ന് പോയത് പോലെ എന്നെ ഇട്ടേച്ചു പോയാലുണ്ടല്ലോ.”

“ഞാൻ പോയില്ലല്ലോ രാജീവേട്ടാ..പറഞ്ഞില്ലേ ഇവിടെ തുടങ്ങി ഇവിടെയാവസാനിക്കുന്ന ഒന്നാണ് ഞാൻ. ഇവിടം വിട്ട് എവിടെ പോകാൻ.” എന്റെ നെഞ്ചിൽ തൊട്ടുകൊണ്ട് അവൾ പറഞ്ഞു.

“എന്നായേലും പറയാൻ ഉണ്ടേൽ നേരെ ചൊവ്വേ പറയാൻ പഠിക്കണം. അവടെയൊരു സാഹിത്യം.എവിടെ ഒളിച്ചിരുന്നു ഇത്ര നേരം?”

“വീടിന് പിറകിലാ വിറകുപുരയില്ലേ അവിടെ.”

“നിനക്ക് എന്നാതിന്റെ അസുഖവാ…”

“രസല്ലേ രാജീവേട്ടാ..”

“കരണത്ത് ഒരെണ്ണം കിട്ടിയതും രസമായിരുന്നല്ലോ അല്ലെ..എന്തായാലും നാളെ നിന്നെ കടലിൽ കൊണ്ടുപോയി മുക്കിയിട്ടെ കാര്യമുള്ളൂ.”

“ശരിക്കും…”

“ആ… ശരിക്കും..”

“അപ്പൊ ന്നോട് സ്നേഹമുണ്ട്..”

“ഉണ്ടയുണ്ട്..”

“പറഞ്ഞില്ലേലും എനിക്കറിയാമെന്റെ കെട്യോനെ..”

അവരുടെ കഥ ഇങ്ങനെ തുടർന്നു പോകട്ടെ..,ഒരിക്കലും അവസാനിക്കാതെ.

നിങ്ങൾക്കും ഇടയ്ക്കിങ്ങനെ നോക്കാവുന്നതാണ് ജീവിതപങ്കാളിയുടെ എഴുതി മാറ്റി വെയ്ക്കുന്ന ഡയറിപേജുകളിലേക്ക്.ഒരുപക്ഷെ പറയാനും കൊടുക്കാനുമായി എന്തെങ്കിലും കൂടി ബാക്കിയുണ്ടെങ്കിലോ.