“തീപ്പെട്ടിക്കൊള്ളി” ഫോട്ടോഗ്രാഫിയിൽ  വിസ്മയമായി  ബിവിൻ ലാൽ

-അനില്‍ പെണ്ണുക്കര-

‘ലേലു അല്ലു ..ലേലു അല്ലു ..എന്നെ അഴിച്ചു വിട് …’.തേന്മാവിന്‍ കൊമ്പത്ത്
എന്ന സിനിമയില്‍ മോഹന്‍ ലാല്‍ പറയുന്ന ഈ സംഭാഷണം ചിലപ്പോളെങ്കിലും പറയാത്ത മലയാളികള്‍ ഇല്ല. എന്നാല്‍ അടിക്കുറിപ്പില്ലാതെ ഈ സംഭാഷണത്തെ കുറച്ചു തീപ്പെട്ടികൊള്ളിയില്‍ മനോഹരമായ ഒരു ഫോട്ടോ ആക്കി മാറ്റുകയാണ് ചിറയിന്‍കീഴ് സ്വദേശി ബിവിന്‍ലാല്‍എന്ന ഫോട്ടോഗ്രാഫര്‍.

ബിവിന്‍ലാല്‍
ബിവിന്‍ലാല്‍

സൗന്ദര്യത്തെ പിന്നെയും ചന്തം ചാര്‍ത്തി നാളേക്ക് സൂക്ഷിച്ചുവക്കുമ്പോള്‍ അവരുടെ കയ്യൊപ്പും അതില്‍ ചാര്‍ത്തപ്പെടുന്നുണ്ട്. കഴിവിന്റെ, കലാബോധത്തിന്റെ ഒരു കയ്യൊപ്പ്. ആയിരക്കണക്കിന് മനോഹരമായ ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഈ ചിത്രങ്ങളാണ് ബിവിന്റെ ഇഷ്ടം. ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കളുടെ ഫോട്ടോകള്‍ ധാരാളം കണ്ടിട്ടുണ്ട് നമ്മള്‍. എന്നാല്‍ നിസ്സാരമെന്നു നമ്മള്‍ കരുതുന്ന വസ്തുക്കളില്‍ നിന്നും, മിഴികളില്‍ കൗതുകം പൂക്കുന്ന വിസ്മയങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നവരെ കലകാരന്മാരെന്നു മാത്രം വിളിച്ചാല്‍ മതിയാകില്ല. ദൈവത്തിന്റെ അടയാളം രേഖപ്പെടുത്തിയ കൈകളുള്ള ഒരു കലാകാരന്‍ .

തീപ്പെട്ടിക്കോലുകൊണ്ട് ബിവിന്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. കര്‍ഷകരും കയര്‍ തൊഴിലാളികളും തെയ്യവും ഗുരുകുലവും ശിശുദിനവും,സ്വാതന്ത്ര്യദിനവും,ദീപാവലിയും ,പന്തം കൊളുത്തി പ്രകടനവും തുടങ്ങി നിത്യജീവിതത്തില്‍ നമ്മള്‍ കാണുന്നതെല്ലാം തീപ്പെട്ടിക്കോലുകൊണ്ട് കോര്‍ത്ത് വച്ചിരിക്കുന്നു ബിവിന്‍ലാല്‍. തന്റെ പുതിയ കാഴ്ചയുടെ കൗതുകങ്ങള്‍ അദ്ദേഹം വൈഫൈ റിപ്പോര്‍ട്ടറുമായി പങ്കു വയ്ക്കുന്നു

പുതിയ ദൃശ്യാനുഭവം
………………………………
2016 ജൂണ്‍ മുതലാണ് ഈ കലാരൂപം ചെയ്തു തുടങ്ങിയത്. വ്യത്യസ്ഥമായ രീതിയില്‍ ഉള്ള ഒരു അവിഷ്‌കാര രീതി ആയതു കൊണ്ടും ഈ കല കൈകാര്യം ചെയ്യുന്ന അധികം പേര്‍ ഇല്ല എന്നതുകൊണ്ടും മനസ്സില്‍ വരുന്ന ആശയങ്ങളെ ഈ മാധ്യമത്തിലൂടെ അവതരിപ്പിക്കാന്‍ ഒരു ശ്രമം എപ്പോഴെങ്കിലും
മനസ്സില്‍ പതിഞ്ഞ ഫ്രെയിമുകള്‍ അല്ലെങ്കില്‍ ഒത്തിരി ആഗ്രഹിച്ചിട്ടും ഇത് വരെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയാതെ പോയ ദൃശ്യങ്ങള്‍ പിന്നെ മണ്‍മറഞ്ഞു പോയ തൊഴിലുകളും കലാരൂപങ്ങളും അതൊക്കെയാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. പിന്നെ ഇത് ഫോട്ടോഗ്രാഫിയുമായി ഇഴുകി നില്‍ക്കുന്ന ഒരു
കല ആയതു കൊണ്ട് ഫോട്ടോഗ്രാഫിയില്‍ ഉള്ള കഴിവുകള്‍ മെച്ചപ്പെടുത്തി
എടുക്കുന്നതിന് ഒരു ഉപാധി ആയി കൂടി കാണുന്നുണ്ട് നേരിട്ടുള്ള കാഴ്ചയില്‍ ലഭിക്കുന്ന അനുഭവത്തേക്കാള്‍ ക്യാമറയിലൂടെ ഉള്ള കാഴ്ചയാണ് നല്ലൊരു ദൃശ്യാനുഭവം നല്‍കുന്നത്.

4-1

എല്ലാ കാഴ്ചകളും ഇതിലൂടെ അവതരിപ്പിക്കാന്‍ കഴിയില്ല
……………………………………………………………………..
പിന്നെ മറ്റ് ആവിഷ്‌കാര രീതികളില്‍ നിന്നും ഇതിനുള്ള വ്യത്യാസം നമ്മുടെ ചുറ്റും ഉള്ള എല്ലാ കാഴ്ചകളും ഇതിലൂടെ അവതരിപ്പിക്കാന്‍ കഴിയില്ല എന്നതാണ്. കാരണം ഈ രൂപങ്ങള്‍ക്ക് മുഖഭാവം അവിഷ്‌കരിക്കാന്‍ കഴിയാത്തതാണ്. അതു കൊണ്ട് അവതരിപ്പിക്കുന്ന സന്ദര്‍ഭത്തിന്റെ പശ്ചാത്തലം സുഷമതയോടെ ഒരുക്കിയും രൂപങ്ങളുടെ ശരീരഭാഗങ്ങളുടെ അിഴഹല െശ്രദ്ധയോടെയും തയ്യാറാക്കിയാല്‍ മാത്രമേ
തയ്യാറാക്കുന്ന സന്ദര്‍ഭത്തിന്റെ വൈകാരികത പ്രേക്ഷകന് അനുഭവവേദ്യമാക്കാന്‍ കഴിയൂ. ഈ കലാരൂപത്തെ പറ്റി ആധികാരികമായി ഒന്നും പറയാന്‍ അറിയില്ല. എങ്കിലും ഈ ഒരു കലാരൂപം അടിസ്ഥാനമാക്കി കുറച്ച് ചിത്രങ്ങള്‍ തയ്യാറാക്കിയ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ഈ രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ക്ക് ഉപയോഗപ്രദം ആകും എന്ന് കരുതുന്നു. ഇതാണ് ഇതു ചെയ്യാനുള്ള ഏറ്റവും ശരിയായ രീതി എന്ന് ഞാന്‍ കരുതുന്നില്ല.

9

 

ക്യാമറയുടെ കാഴ്ചപ്രധാനം

നമുക്ക് ചുറ്റും ഉള്ള എല്ലാ ദ്യശ്യങ്ങളും ഈ രീതിയില്‍ സൃഷ്ടിച്ചെടുക്കാന്‍ ആവില്ല എന്ന് ആദ്യമേ പറയട്ടേ. നേരിട്ടുള്ള കാഴ്ചയില്‍ അതിമനോഹരം എന്ന് തോന്നിയ രൂപങ്ങള്‍ ക്യാമറ കണ്ണുകളില്‍ അത്ര മനോഹരം ആകാത്തതു കാരണം വളരെ വിഷമത്തോടെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ കാഴ്ചയല്ല
ക്യാമറയുടെ കാഴ്ചയാണ് ആദ്യവും അവസാനവും പരിഗണിക്കേണ്ടത്. അതിന് ക്യാമറയുമായി ഒരു ആത്മബന്ധം ഉണ്ടായാലേ പറ്റൂ. ഒരു ചിത്രം ചെയ്യുന്നതിന് പറ്റിയ ഒരു ആശയം മനസ്സില്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍ ആ ആശയത്തെ എന്റേതായ ഒരു ഫ്രെയിം ആക്കി മാറ്റുന്നതാണ് ആദ്യ പടി. അതിനു
വേണ്ടി മനസ്സില്‍ ഉള്ള ഫ്രെയിം പേപ്പറിലോ കംപ്യൂട്ടറിലോ വരക്കും. നിരവധി മാറ്റിമറിത്തലുകള്‍ വരുത്തി സ്ഥിരീകരിക്കപ്പെട്ട ചിത്രം അടിസ്ഥാനമാക്കി രൂപങ്ങള്‍ തയ്യാറാക്കും. ഈ രൂപങ്ങള്‍ മുന്‍പ് തയ്യാറാക്കിയ ചിത്രത്തിനോട് നീതികരിക്കുന്ന രീതിയില്‍ അറേഞ്ച് ചെയ്യും. ഈ സമയം നമ്മുടെ കണ്ണുകളേക്കാള്‍
ക്യാമറകണ്ണുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അങ്ങനെ ഒരു പ്രധാന്യം നല്‍കാന്‍ കഴിഞ്ഞാല്‍ വിജയിച്ചൂ.

8

ഫോട്ടോ ഗ്രാഫിയില്‍ തന്നെ ലാന്‍ഡ് സ്‌കേപ്പ്,ലൈഫ് സ്‌റ്റൈല്‍,മാക്രോ വേള്‍ഡ് ,ബേര്‍ഡ് ഫോട്ടോ ഗ്രാഫി,ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ , നേച്ചര്‍ ഫോട്ടോ ഗ്രാഫി,ആനിമല്‍ ഫോട്ടോ ഗ്രാഫി എന്നിവയില്‍ എല്ലാം മികച്ച ചിത്രങ്ങള്‍ ബിവിന്‍ ഒപ്പിയെടുത്തിട്ടുണ്ട്.ഇന്ത്യയിലെ പ്രശസ്ത നര്‍ത്തകിമാരുടെ സ്റ്റേജ് പെര്‍ഫോമന്‍സ് ചിത്രങ്ങളുടെ നല്ലൊരു ശേഖരം തന്നെയുണ്ട് ബിവിന്റെ കയ്യില്‍ .ഫോട്ടോഗ്രാഫിയില്‍ മാത്രമല്ല ബിവിന്‍ പ്രതിഭ തെളിയിച്ചിട്ടുള്ളത് .നല്ലൊരു മജീഷ്യന്‍ കൂടിയാണ് .2006 മുതല്‍ മാജിക് രംഗത്തുണ്ട്. ജോലി തിരക്ക് മൂലം മാജിക് ഷോ ഇപ്പോള്‍ ചെയ്യുന്നില്ല. 2011 മുതല്‍ മജീഷ്യന്‍ ഗോപിനാഥ്
മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഗസ്റ്റ് ഫാക്കല്‍റ്റി ആണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ ക്ലര്‍ക്കായി ജോലിചെയ്യുന്നു.ഭാര്യ സുമാ ലത, മകള്‍ അക്ഷര