പിഴവുകള്‍ ഏറ്റു പറഞ്ഞ് സഞ്ജു

തിരുവനന്തപുരം: അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി സാംസണും പിതാവും അച്ചടക്ക സമിതിക്ക് മുന്നില്‍ പിഴവുകള്‍ ഏറ്റുചൊല്ലിയതോടെ കെ.സി.എ കടുത്ത നടപടികളില്‍ നിന്നു പിന്‍മാറുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനത്തു അച്ചടക്ക സമിതി മുന്‍പാകെ ഹാജരായ സഞ്ജു, തന്റെ തെറ്റു സമ്മതിക്കുകയും ഇത്തരം പ്രവൃത്തികള്‍ മേലില്‍ തന്റെ ഭാഗത്തു നിന്നു ഉണ്ടാകില്ലെന്നും ഉറപ്പു നല്‍കി. ഉച്ചക്ക് രണ്ടോടെയാണ് പിതാവ് സാംസണിനൊപ്പം സഞ്ജു കെ.സി.എ വൈസ് പ്രസിഡന്റ് ടി.ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായുള്ള നാലംഗ അച്ചടക്ക സമിതിക്കു മുന്നില്‍ ഹാജരായത്. രഞ്ജി ടീം നായകന്‍ രോഹന്‍ പ്രേമിനെയും ടീം മാനേജര്‍  മനോജ് ഉണ്ണികൃഷ്ണനെയും രാവിലെ സമിതി വിസ്തരിച്ചിരുന്നു.

കരിയറിലെ മോശം ഫോമും അതുമൂലമുണ്ടായ കടുത്ത മാനസിക സമര്‍ദ്ദവുമാണ് മോശം പെരുമാറ്റത്തിനു കാരണമായതെന്നും കരിയറിലെ ആദ്യ വീഴ്ച്ചയായി കണ്ട് മാപ്പ് നല്‍കണമെന്നും സഞ്ജു സമിതിക്ക് മുന്‍പാകെ ബോധിപ്പിച്ചു. കെ.സി.എ പ്രസിഡന്റ് ടി.സി മാത്യുവിനെതിരേ പിതാവ് സാംസണ്‍ ചില മാധ്യങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ അറിവോടെയല്ലെന്ന് വ്യക്തമാക്കിയ സഞ്ജു ഈ സംഭവത്തിലും ക്ഷമ ചോദിച്ചു. ഒരു മണിക്കൂറോളം സഞ്ജുമായി സംസാരിച്ച സമിതി മൂന്നോടെ സാംസണിനു പറയാനുള്ളതും കേട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കെ.സി.എക്ക് കൈമാറും. കെ.സി.എ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.

തന്റെ തെറ്റുകള്‍ ക്ഷമ ചോദിച്ചു നേരത്തെ സഞ്ജു കെ.സി.എക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിനിടെ സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിനെ ബാധിക്കാത്ത നടപടികളാകും കെ.സി.എ സ്വീകരിക്കുകയെന്നു അച്ചടക്ക സമിതി അധ്യക്ഷന്‍ ടി.ആര്‍ ബാലകൃഷ്ണ്‍ പറഞ്ഞു.

മനുഷ്യനായാല്‍ തെറ്റ് സംഭവിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഹിയറിങിനു ശേഷം സഞ്ജുവും മാധ്യമങ്ങളോട് പ്രതികരിച്ചു. മുംബൈയില്‍ ഗോവക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെ പൂജ്യത്തിന് പുറത്തായതോടെ സഞ്ജു ഡ്രസിങ് റൂമില്‍ എത്തി ബാറ്റ് തല്ലിത്തകര്‍ക്കുകയും ആരോടും പറയാതെ റൂം വിട്ടു പോകുകയും ചെയ്തിരുന്നു.