കോവിഡ് ബാധിതര്‍ അരലക്ഷം കടന്നു; മരണം 1,783 ആയി, ആശങ്ക !

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് രോഗവ്യാപന തോത് ഉയരുമ്പോള്‍ കോവിഡ് ബാധിതര്‍ അരലക്ഷം കടന്നു. 52,952 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 35,902 പേരാണ് ചികിത്സയിലുള്ളത്. 15,266 പേര്‍ക്ക് രോഗം ഭേദമായി.

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് 1,783 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 89 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഗുജറാത്ത്, ഡല്‍ഹി, തമിനാട് എന്നീ സംസ്ഥാനങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.

അതേസമയം, ബുദ്ധപൂര്‍ണിമദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത് മാനവസേവനത്തിനായി മുന്നിട്ടിറങ്ങിയവരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി പോരാടും, പ്രതിസന്ധിയെ അതിജീവിക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു.